ഡാർവിൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; പുതിയ താമസസൗകര്യത്തിന് ഫണ്ട് അനുവദിച്ച് സർക്കാർ
കാൻബെറ: ഡാർവിനിലെ വാടക പ്രതിസന്ധിക്ക് അയവ് വരുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനുമായി സുപ്രധാന പദ്ധതി പ്രഖ്യാപിച്ച് ആൽബനീസീ സർക്കാർ. ചാൾസ് ഡാർവിൻ സർവ്വകലാശാലയിലെ (CDU) വിദ്യാർത്ഥികൾക്കായി 400-ലധികം പുതിയ ബെഡ്ഡുകൾ (താമസസൗകര്യം) നിർമ്മിക്കുന്നതിനായി നോർത്തേൺ ഓസ്‌ട്രേലിയ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി (NAIF) വഴി ഏകദേശം 70 മില്യൺ ഡോളറിന്റെ വായ്പയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ക്യാമ്പസ് ലിവിങ് വില്ലേജസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (CLV) ഈ വായ്പ ലഭിക്കുന്നത്. സി.ഡി.യു വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്നതും സുരക്ഷിതവുമായ താമസസൗകര്യം നിർമ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ഈ തുക പൂർണ്ണമായും വിനിയോഗിക്കും.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
ഡാർവിനിലെ സി.ബി.ഡിയിൽ (CBD) സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയുടെ പുതിയ ഡനാല ക്യാമ്പസിന് സമീപത്തായി 352 ബെഡ്ഡുകളുള്ള പുതിയ സ്റ്റുഡന്റ് അക്കോമഡേഷൻ ടവർ നിർമ്മിക്കാനാണ് ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുക. ഇതിനുപുറമെ, കാഷ്വറീന ക്യാമ്പസിലെ നിലവിലെ താമസസൗകര്യങ്ങൾ നവീകരിക്കുകയും 50 ബെഡ്ഡുകൾ കൂടി അധികമായി ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് നോർത്തേൺ ഓസ്‌ട്രേലിയയുടെ സ്പെഷ്യൽ എൻവോയ് ലൂക്ക് ഗോസ്ലിങ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ തന്നെ വാടക വീടുകൾ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള (Lowest vacancy rate) നഗരങ്ങളിലൊന്നാണ് ഡാർവിൻ. പുതിയ വിദ്യാർത്ഥി ഹോസ്റ്റലുകൾ വരുന്നതോടെ നഗരത്തിലെ സ്വകാര്യ വാടക വിപണിയിലുള്ള സമ്മർദ്ദം കുറയുമെന്നാണ് വിലയിരുത്തൽ.
മന്ത്രിമാരുടെ പ്രതികരണങ്ങൾ:
– മാഡ്‌ലിൻ കിംഗ് (റിസോഴ്സസ് ആൻഡ് നോർത്തേൺ ഓസ്‌ട്രേലിയ മന്ത്രി) “പഠനച്ചെലവുകൾക്കും ഭീമമായ വാടകയ്ക്കുമിടയിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഈ പദ്ധതി വലിയൊരാശ്വാസമായിരിക്കും. ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നതിനൊപ്പം സർവ്വകലാശാലയുടെ വളർച്ചയ്ക്കും ഡാർവിനിലെ വാടക പ്രതിസന്ധി പരിഹരിക്കുന്നതിനും സഹായിക്കും. സി.ഡി.യു-വിന്റെയും ഡാർവിന്റെയും ഭാവിയിലേക്കുള്ള മികച്ചൊരു നിക്ഷേപമാണ് ഈ നൈഫ് (NAIF) ഫണ്ടിംഗ്.”
– സെനറ്റർ നിത ഗ്രീൻ (അസിസ്റ്റന്റ് മന്ത്രി) “ഈ പ്രോജക്ട് നോർത്തേൺ ടെറിട്ടറിയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും. അടുത്ത 20 വർഷത്തിനുള്ളിൽ 200 മില്യൺ ഡോളറിലധികം പ്രാദേശിക മൊത്ത ഉൽപ്പാദനം (Gross Regional Product) നൽകാൻ ഇതിലൂടെ സാധിക്കും. കൂടാതെ, നിർമ്മാണ പ്രവർത്തനങ്ങളിലൂടെ 302 പ്രാദേശിക തൊഴിലവസരങ്ങളും 44 സ്ഥിരം തൊഴിലുകളും സൃഷ്ടിക്കപ്പെടും.”
പുതിയ ഡനാല ക്യാമ്പസിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സി.ബി.ഡിയിൽ താമസസൗകര്യത്തിന് വലിയ ആവശ്യകതയുണ്ടെന്ന് സി.ഡി.യു ആക്ടിംഗ് വൈസ് ചാൻസലറും പ്രസിഡന്റുമായ പ്രൊഫസർ ഫിയോണ കോൾസൺ ചൂണ്ടിക്കാട്ടി. പുതിയ ഫണ്ടിംഗ് സർവ്വകലാശാലയ്ക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനും അവർക്ക് മികച്ച പഠന-താമസ സൗകര്യങ്ങൾ ഉറപ്പാക്കാനും സഹായകമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
നോർത്തേൺ ഓസ്‌ട്രേലിയയിലുടനീളം വികസന പദ്ധതികൾക്കായി നൽകുന്ന നൈഫ് (NAIF) ഫണ്ടിംഗ് 2 ബില്യൺ ഡോളറിൽ നിന്ന് 7 ബില്യൺ ഡോളറായി ആൽബനീസ് സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. ഈ ഫെസിലിറ്റിയുടെ പ്രവർത്തന കാലാവധി 10 വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള ബിൽ ജനപ്രതിനിധി സഭ പാസാക്കുകയും നിലവിൽ സെനറ്റിന്റെ പരിഗണനയിലുമാണ്.
News by