ചൈൽഡ് കെയർ മേഖലക്കും മാതാപിതാക്കൾക്കും വലിയ ആശ്വാസം!
ഓസ്ട്രേലിയയിലെ ചൈൽഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരും, മക്കളെ ഡേ കെയറുകളിൽ അയക്കുന്ന രക്ഷിതാക്കളും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന തീരുമാനത്തിന് ഒടുവിൽ പാർലമെന്റിന്റെ പച്ചക്കൊടി. എർലി ചൈൽഡ്ഹുഡ് എജുക്കേറ്റർമാർക്ക് നേരത്തെ ലഭിച്ചുതുടങ്ങിയ ശമ്പള ആനുകൂല്യം ഫണ്ടില്ലാത്തതിനാൽ പെട്ടെന്ന് അവസാനിക്കുമോ എന്ന ആശങ്കകൾക്കാണ് ഇപ്പോൾ വിരാമമാകുന്നത്. ഫണ്ട് നീട്ടുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിബന്ധനകളും ബില്ലിലുണ്ട്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?
Click here to listen to this news…
ഇന്ന് പാസായത് എന്താണ്?
ഇന്നാണ് നിർണായകമായ ‘2026 വേജ് ജസ്റ്റിസ് ബിൽ’ (Wage Justice for Early Childhood Education and Care Workers Bill) സെനറ്റ് ഉൾപ്പെടെ ഇരു സഭകളും പാസാക്കിയത്. ഗവർണർ ജനറലിന്റെ ഔദ്യോഗിക അംഗീകാരം (Royal Assent) ലഭിക്കുന്നതോടെ മാത്രമേ ഇത് ഔദ്യോഗികമായി നിയമമായി മാറുകയുള്ളൂ.
നിലവിലുള്ള 15 ശതമാനം വർക്കർ റിറ്റെൻഷൻ പേയ്മെന്റ് (Worker Retention Payment) 2028 ജൂൺ 30 വരെ നീട്ടുന്നതിനായി സ്പെഷ്യൽ അക്കൗണ്ടിലേക്ക് 3,654.4 ദശലക്ഷം ഡോളർ ($3.65 billion) വകയിരുത്തുന്നതാണ് ഈ പുതിയ ബിൽ. നവംബറിൽ ഫണ്ട് അവസാനിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ബിൽ വേഗത്തിൽ പാസാക്കിയതെന്ന് സഭയിൽ വ്യക്തമാക്കിയിരുന്നു.
15% ഇതിനകം ലഭിച്ചതും ഇപ്പോൾ നീട്ടുന്നതും
ഈ 15 ശതമാനം ശമ്പള വർദ്ധനവ് ഇന്നുമുതൽ ആരംഭിക്കുന്ന പുതിയൊരു പദ്ധതിയല്ല. 2024 ഡിസംബറിൽ 10 ശതമാനവും, 2025 ഡിസംബറിൽ ബാക്കി 5 ശതമാനവുമായി ഇത് ജീവനക്കാരുടെ ശമ്പളത്തിൽ ഇതിനകം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഈ ആനുകൂല്യം തുടർന്നും നൽകാനുള്ള ഫണ്ടാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
അടിസ്ഥാന ശമ്പള വർദ്ധനവ് ഉൾപ്പെടെ കണക്കാക്കുമ്പോൾ, 2024 ഡിസംബറിനെ അപേക്ഷിച്ച് ഒരു ഫുൾ-ടൈം എജുക്കേറ്റർക്ക് ആഴ്ചയിൽ $255 ഡോളറും, എർലി ചൈൽഡ്ഹുഡ് ടീച്ചർക്ക് $410 ഡോളറും അധികമായി ലഭിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. മേഖലയിൽ 20,000 ജീവനക്കാർ അധികമായി എത്തിയെന്നും, ഒഴിവുകൾ 31 ശതമാനത്തോളം കുറഞ്ഞുവെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന പ്രൊവൈഡറായ ഗുഡ്സ്റ്റാർട്ടിൽ (Goodstart) ഏജൻസി ജീവനക്കാരുടെ എണ്ണത്തിൽ 69 ശതമാനത്തിന്റെ കുറവുണ്ടായി.
സുരക്ഷാ നിബന്ധനകൾ കർശനമാക്കുന്നു
ബില്ലിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മാറ്റം കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. സർക്കാർ ഗ്രാന്റ് ലഭിക്കുന്ന ചൈൽഡ് കെയർ സെന്ററുകൾ നാഷണൽ ക്വാളിറ്റി സ്റ്റാൻഡേർഡിന്റെ (NQS) ‘ക്വാളിറ്റി ഏരിയ 2’ (കുട്ടികളുടെ ആരോഗ്യവും സുരക്ഷയും) കർശനമായി പാലിച്ചിരിക്കണം.
2027 ജൂലൈ മുതൽ ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സെന്ററുകൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യാമെന്ന് പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്. ACECQA-യുടെ കണക്കുകൾ പ്രകാരം 2025 ജൂൺ 30 വരെ റേറ്റിംഗ് പ്രസിദ്ധീകരിച്ചിട്ടുള്ള 95 ശതമാനം സെന്ററുകളും ഈ സുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്നവയാണ്. ഈ പദ്ധതിയിൽ പങ്കെടുത്ത സെന്ററുകളിലെ ഫീസ് വർദ്ധനവ് പകുതിയായി കുറഞ്ഞെന്നും, ഇതുവഴി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശരാശരി ഒരു കുടുംബത്തിന് $1,500 ഡോളർ ലാഭിക്കാൻ സാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക: എർലി ചൈൽഡ്ഹുഡ് എജുക്കേറ്റർമാരുടെ ശമ്പള വർദ്ധനവും അതിനൊപ്പം കൊണ്ടുവന്നിട്ടുള്ള സുരക്ഷാ നിബന്ധനകളും ചൈൽഡ് കെയർ മേഖലയിൽ എന്ത് മാറ്റങ്ങളാകും കൊണ്ടുവരിക? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
News by
Sajin Thiruvallam
News Editor

News Editor