ജിലോംഗ് റിഫൈനറിയിലെ വൻ തീപിടിത്തം; ഇന്ധനക്ഷാമം നേരിടുന്നതിൽ ആൽബനീസീ സർക്കാർ പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം
മെൽബൺ: ഓസ്‌ട്രേലിയ നേരിടുന്ന ഇന്ധനക്ഷാമത്തിനിടെ വിക്ടോറിയയിലെ ജിലോംഗ് റിഫൈനറിയിലുണ്ടായ വൻ തീപിടിത്തം രാജ്യത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇതിനിടെ, ദേശീയ ഇന്ധന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ആൽബനീസീ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ ഊർജ്ജ വക്താവ് ഡാൻ ടെഹാൻ രംഗത്തെത്തി. പ്രതിസന്ധി മറികടക്കാൻ ദേശീയതലത്തിൽ യാതൊരു ഏകോപനവും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാരിനെതിരെ രൂക്ഷവിമർശനം
രാജ്യത്ത് ഇന്ധനം ഉറപ്പാക്കുന്നതിൽ ഫെഡറൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ (WA), ന്യൂ സൗത്ത് വെയിൽസ് (NSW) തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഡീസൽ സംഭരിക്കാൻ നിർബന്ധിതരായതെന്ന് ടെഹാൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ആന്റണി ആൽബനീസീ തയ്യാറാക്കിയ മൂന്ന് പേജുള്ള ദേശീയ പദ്ധതിയിൽ യാതൊരു വ്യക്തതയുമില്ല. ഖനനം, കൃഷി, ഗതാഗതം തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ 50 ശതമാനവും പ്രവർത്തിക്കുന്നത് ഡീസലിലാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ ലിബറൽ സർക്കാരിന്റെ കാലത്ത് അന്നത്തെ ഊർജ്ജ മന്ത്രിയായിരുന്ന ആംഗസ് ടെയ്‌ലറുടെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ് രാജ്യത്ത് അവശേഷിക്കുന്ന രണ്ട് റിഫൈനറികളെങ്കിലും സംരക്ഷിക്കപ്പെട്ടത്. എന്നാൽ, മുൻ ലേബർ സർക്കാരിന്റെ കാലത്ത് രണ്ട് റിഫൈനറികൾ അടച്ചുപൂട്ടിയപ്പോൾ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആൽബനീസ് യാതൊരു ഇടപെടലും നടത്തിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കൽക്കരിയിൽ നിന്ന് ഡീസൽ: പുതിയ നിർദ്ദേശം
ഇന്ധനക്ഷാമം മറികടക്കാൻ വിക്ടോറിയയിൽ സുലഭമായുള്ള ബ്രൗൺ കൽക്കരിയിൽ (brown coal) നിന്ന് ഡീസൽ ഉൽപ്പാദിപ്പിക്കുന്ന പദ്ധതികളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. ഇതിനായുള്ള പാരിസ്ഥിതിക അനുമതികൾ (EPBC Act) വേഗത്തിലാക്കാൻ സർക്കാർ തയ്യാറാകണം. സോളാർ, കാറ്റ് തുടങ്ങിയ പദ്ധതികൾക്ക് അനുമതി നൽകുന്നത് പോലെ ഇന്ധന ഉൽപ്പാദനത്തിനും മുൻഗണന നൽകണം. പാർലമെന്റ് അടിയന്തരമായി വിളിച്ച് ചേർത്ത് ഇതിനായുള്ള നിയമഭേദഗതികൾ കൊണ്ടുവന്നാൽ പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും ഡാൻ ടെഹാൻ ഉറപ്പുനൽകി.
News by
Sajin Thiruvallam
News Editor

News Editor