പ്രതിഷേധങ്ങൾക്കിടയിലും ചരിത്രമായി ‘മെൽബൺ മീറ്റ്സ് മോദി’
ഓസ്‌ട്രേലിയയിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന Melbourne Meets Modi 2026 പരിപാടിയിൽ ഇന്ത്യൻ ഡയസ്പോറയുടെ വമ്പൻ പങ്കാളിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിയും പങ്കെടുത്ത ചടങ്ങിന് പുറത്ത് നടന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫേസ്ബുക്കിലൂടെ ഉയർന്ന വധഭീഷണിക്കും വലതുപക്ഷ വിഭാഗങ്ങളുടെ വംശീയ അധിക്ഷേപങ്ങൾക്കും നടുവിലാണ് പ്രവാസി സമൂഹം അവിസ്മരണീയമായ വരവേൽപ്പ് നൽകിയത്.
പ്രതിസന്ധികൾ മറികടന്ന് Melbourne Meets Modi 2026
പരിപാടിക്കിടെ ‘മോദി, മോദി’ വിളികൾ കൊണ്ട് മാർവൽ സ്റ്റേഡിയം മുഖരിതമായി. ഭൂരിഭാഗം ഇന്ത്യൻ സമൂഹവും പരിപാടിയുടെ ഭാഗമായപ്പോൾ, പുറത്ത് ചെറിയൊരു വിഭാഗം ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിൽ ഫാർ-റൈറ്റ്, ആന്റി-ഇമിഗ്രേഷൻ ഗ്രൂപ്പുകളും, ഖലിസ്ഥാൻ അനുകൂലികളായ ചെറിയ സംഘവും ഉൾപ്പെടുന്നു.
മോദി താമസിച്ച കോളിൻസ് സ്ട്രീറ്റിലെ ഹോട്ടലിന് മുന്നിൽ തീവ്ര വലതുപക്ഷ പ്രവർത്തകനായ ഹ്യൂഗോ ലെന്നൻ (Auspill) വംശീയ അധിക്ഷേപങ്ങൾ നടത്തി. “ഇന്ത്യക്കാർ തിരികെ പോകണം” എന്നാവശ്യപ്പെട്ട ഇയാളെ വിക്ടോറിയ പോലീസ് ഉടൻ തന്നെ സ്ഥലത്തുനിന്നും മാറ്റി. മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില സംഘടനകൾ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പ്രധാന പരിപാടിയെ ബാധിച്ചില്ല.
വധഭീഷണിയും ശക്തമായ പോലീസ് നടപടിയും
സന്ദർശനത്തിന് മുന്നോടിയായി മോദിക്കെതിരെ ഉയർന്ന ഓൺലൈൻ വധഭീഷണി സുരക്ഷാ ഏജൻസികളെ കടുത്ത ജാഗ്രതയിലാക്കിയിരുന്നു. പരിപാടിയുടെ പ്രൊമോഷണൽ പോസ്റ്റിന് താഴെ അബു മുസ്തഫ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് സ്റ്റേഡിയം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം വന്നത്.
സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ച ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP), സന്ദേശം അയച്ചയാളുടെ ഐപി വിലാസം കണ്ടെത്തിയതായി അറിയിച്ചു. നിലവിൽ പൊതുജനങ്ങൾക്ക് യാതൊരു ഭീഷണിയുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതെസമയം, മുൻപ് ഓസ്‌ട്രേലിയയിലെ വിവിധ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മോദി, ആന്റണി അൽബനീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ ഡയസ്പോറയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ശക്തമായ ഉറപ്പുനൽകി.
Photo credit : ABC News
News by
Sajin Thiruvallam
News Editor

News Editor