5 വയസ്സുകാരിയുടെ തിരോധാനം : പ്രതിക്ക് കൊലക്കുറ്റം ചുമത്തി; വൻ പ്രതിഷേധം
ഡാർവിൻ / ആലിസ് സ്പ്രിങ്സ്: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ അഞ്ചുവയസ്സുകാരിയായ അബൊറിജിനൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 47-കാരനായ ജെഫേഴ്സൺ ലൂയിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കുമൻജയി ലിറ്റിൽ ബേബി (Kumanjayi Little Baby) എന്ന അബൊറിജിനൽ ആചാരപ്രകാരമുള്ള പേരിലാണ് കൊല്ലപ്പെട്ട പെൺകുട്ടി അറിയപ്പെടുന്നത്.
കൊലപാതകത്തിന് പുറമെ മറ്റ് രണ്ട് ഗുരുതര കുറ്റങ്ങൾ കൂടി ലൂയിസിനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും, നിയമപരമായ കാരണങ്ങളാൽ ഇവ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ അറസ്റ്റിലായ ഇയാളെ ചൊവ്വാഴ്ച (മെയ് 5) നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിലെ കോടതിയിൽ ഹാജരാക്കും.
ഭീകരമായ സംഭവമെന്ന് പൊലീസ് വളരെ വേദനിപ്പിക്കുന്നതും ഭീകരവുമായ ഒരു സാഹചര്യമാണിതെന്ന് നോർത്തേൺ ടെറിട്ടറി പൊലീസ് കമ്മീഷണർ മാർട്ടിൻ ഡോൾ പ്രതികരിച്ചു. കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. ശാരീരിക ആക്രമണങ്ങൾ നടത്തിയതിന് മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് പ്രതിയായ ജെഫേഴ്സൺ ലൂയിസ്.
തിരോധാനവും കണ്ടെത്തലും കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ നിന്നും കുട്ടിയെ കാണാതാകുന്നത്. ഉച്ചയ്ക്ക് 1:30-ഓടെ കുട്ടിയുടെ അമ്മ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ പ്രദേശത്തെ വനമേഖലയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ബുധനാഴ്ച (ഏപ്രിൽ 30) ടൂറിസ്റ്റ് കേന്ദ്രമായ ആലിസ് സ്പ്രിങ്സിന് സമീപമുള്ള ഓൾഡ് ടൈമേഴ്സ് ക്യാമ്പിനടുത്തുള്ള കാട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വൻ പ്രതിഷേധം; സംഘർഷം കുട്ടിയെ കാണാതായ സംഭവത്തിൽ സംശയം തോന്നിയ നാട്ടുകാർ ലൂയിസിനെ കണ്ടെത്തി അതിക്രൂരമായി മർദ്ദിച്ചിരുന്നു. ബോധരഹിതനായ ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വിവരമറിഞ്ഞതോടെ നാനൂറോളം വരുന്ന ആദിവാസി സമൂഹം ആലിസ് സ്പ്രിങ്സ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി വൻ പ്രതിഷേധം അഴിച്ചുവിട്ടു.
ആശുപത്രിക്ക് നേരെ കല്ലേറുണ്ടാവുകയും ചിലർ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും പരിക്കേറ്റു. പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ എഞ്ചിനുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. അബൊറിജിനൽ സമൂഹങ്ങളിലെ പരമ്പരാഗത ശിക്ഷാരീതിയായ “പേ ബാക്ക്” (Pay Back) നടപ്പിലാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഒടുവിൽ ടിയർ ഗ്യാസ് പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
സംഭവത്തെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസീ , പ്രാദേശിക ജനപ്രതിനിധികൾ, കുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവർ ജനങ്ങളോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചു.
അബൊറിജിനൽ സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ ഈ ദാരുണസംഭവം ഓസ്ട്രേലിയയിലെ അബൊറിജിനൽ ജനത അനുഭവിക്കുന്ന കടുത്ത വിവേചനങ്ങളെയും മോശം ജീവിതസാഹചര്യങ്ങളെയും വീണ്ടും ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഓസ്ട്രേലിയൻ ജനസംഖ്യയുടെ 3.8% മാത്രമുള്ള ഇവർ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ക്യാമ്പുകളിലാണ് കൂടുതലായും ജീവിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. മോശം ആരോഗ്യം, വിദ്യാഭ്യാസക്കുറവ്, ഉയർന്ന കുറ്റകൃത്യ നിരക്ക് എന്നിവ ഈ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
പ്രദേശത്ത് ശാന്തത അബൊറിജിനൽ മൂപ്പന്മാരുടെയും കുട്ടിയുടെ കുടുംബത്തിന്റെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് പ്രദേശത്ത് ഇപ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. “ഇത് ഹീറോയിസം കാണിക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള സമയമല്ല” എന്ന് കുടുംബം വ്യക്തമാക്കി. കുട്ടിയുടെ വിയോഗത്തിൽ ആദിവാസി ആചാരപ്രകാരമുള്ള ദുഃഖാചരണം (Sorry Business) തുടരുകയാണ്.
സുരക്ഷാ കാരണങ്ങളാൽ പ്രതിയായ ലൂയിസിനെ ഡാർവിനിലെ അതീവ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ കുറ്റകൃത്യത്തിന് സഹായിച്ച മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും, കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Photo: NT Police
News by
Sajin Thiruvallam
News Editor

News Editor