ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിൽ വൻ അഴിച്ചുപണി; ചരിത്രത്തിലാദ്യമായി കരസേനയ്ക്ക് വനിതാ മേധാവി

admin ഏപ്രിൽ 13, 2026
ഓസ്‌ട്രേലിയൻ പ്രതിരോധ സേനയിൽ വൻ അഴിച്ചുപണി; ചരിത്രത്തിലാദ്യമായി കരസേനയ്ക്ക് വനിതാ മേധാവി

കാൻബറ: ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്സിന്റെ (ADF) തലപ്പത്ത് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെന്റ്. 2026 ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമനങ്ങൾക്ക് ഗവർണർ ജനറലിന്റെ ഔദ്യോഗിക അംഗീകാരം തേടിയിരിക്കുകയാണ് ആന്റണി ആൽബനീസീ സർക്കാർ. ഓസ്‌ട്രേലിയൻ കരസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവിയായി എത്തുന്നു എന്നതാണ് ഈ സൈനിക അഴിച്ചുപണിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

പുതിയ ഡിഫൻസ് ഫോഴ്സ് ചീഫ് 

നിലവിലെ നാവികസേനാ മേധാവിയായ വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ടിനെ (Vice Admiral Mark Hammond) പുതിയ പ്രതിരോധ സേനാ മേധാവിയായി (Chief of the Defence Force) നിയമിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. നാവികസേനയിൽ 40 വർഷത്തെ മികച്ച പ്രവർത്തനപരിചയമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. 

ഓക്കസ് (AUKUS) കരാറിലൂടെ ആണവ അന്തർവാഹിനികൾ സ്വന്തമാക്കാനും ഭാവിയിലെ നാവികസേനാ പോരാട്ടങ്ങൾക്ക് സജ്ജമാകാനുമുള്ള ഓസ്‌ട്രേലിയയുടെ നീക്കങ്ങൾക്ക് അദ്ദേഹത്തിന്റെ നിയമനം കൂടുതൽ കരുത്ത് പകരുമെന്ന് സർക്കാർ വിലയിരുത്തുന്നു. ജൂലൈയിൽ വിരമിക്കുന്ന അഡ്മിറൽ ഡേവിഡ് ജോൺസ്റ്റണ് പകരക്കാരനായാണ് അദ്ദേഹം ഈ ഉന്നത പദവിയിലെത്തുന്നത്.

കരസേനയെ നയിക്കാൻ സുസാൻ കോയ്‌ൽ 

ലഫ്റ്റനന്റ് ജനറൽ സുസാൻ കോയ്‌ൽ (Lieutenant General Susan Coyle) ആകും പുതിയ കരസേനാ മേധാവി (Chief of Army). ഓസ്‌ട്രേലിയൻ ആർമിയുടെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ ഉന്നത പദവിയിലെത്തുന്നത്. 

1987-ൽ ആർമി റിസർവിൽ സൈനികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുസാൻ കോയ്‌ൽ, നിലവിൽ ജോയിന്റ് കേപ്പബിലിറ്റീസ് മേധാവിയായി സേവനമനുഷ്ഠിക്കുകയാണ്. മികച്ച സൈനിക സേവനത്തിന് ശേഷം വിരമിക്കുന്ന ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിന് പകരമാണ് ഇവരുടെ നിയമനം.

പുതിയ നാവികസേനാ മേധാവി 

മാർക്ക് ഹാമണ്ടിന് സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവിലേക്ക് നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവിയായ റിയർ അഡ്മിറൽ മാത്യു ബക്ക്ലിയെ (Rear Admiral Matthew Buckley) നാവികസേനാ മേധാവിയായി (Chief of Navy) നിയമിക്കും. അന്തർവാഹിനികളുടെ കമാൻഡിംഗ് ഓഫീസറായി പ്രവർത്തിച്ച് പരിചയമുള്ള അദ്ദേഹത്തിന്റെ നേതൃത്വം ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന പ്രതിരോധ സേനയിലെ പുതിയ നിയമനങ്ങളിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസീ  പ്രതികരിച്ചു. വിരമിക്കുന്ന ഡിഫൻസ് ഫോഴ്സ് ചീഫ് അഡ്മിറൽ ഡേവിഡ് ജോൺസ്റ്റൺ, കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ട് എന്നിവർ രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്കും മികച്ച സേവനത്തിനും പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൾസും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW