അന്വേഷണത്തിന് വഴിത്തിരിവായത് ബോട്ട് അപകടം ; വിക്ടോറിയയിൽ 9 പേർ പിടിയിൽ (Video)

admin ഏപ്രിൽ 4, 2026
അന്വേഷണത്തിന് വഴിത്തിരിവായത് ബോട്ട് അപകടം ; വിക്ടോറിയയിൽ  9 പേർ പിടിയിൽ (Video)

മെൽബൺ: ഓസ്ട്രേലിയയിലേക്ക് ടൺ കണക്കിന് മയക്കുമരുന്ന് കടത്താനും രാജ്യത്തുടനീളം വിതരണം ചെയ്യാനും ഗൂഢാലോചന നടത്തിയ വൻ രാജ്യാന്തര ലഹരിമാഫിയാ സംഘത്തിലെ ഒൻപത് പേർ പിടിയിൽ. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP), വിക്ടോറിയ പൊലീസ്, ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF), ഓസ്ട്രേലിയൻ ക്രിമിനൽ ഇന്റലിജൻസ് കമ്മീഷൻ (ACIC) എന്നിവർ സംയുക്തമായി നടത്തിയ നീക്കങ്ങളിലൂടെയാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ വൻ മയക്കുമരുന്ന് ശൃംഖലയുടെ വേരറുത്തത്.

അന്വേഷണത്തിന് വഴിത്തിരിവായത് ബോട്ട് അപകടം

‘ഓപ്പറേഷൻ ബ്രൂസ് ക്രെമോൺ’ (Operation Bruce Cremorne) എന്ന് പേരിട്ടിരിക്കുന്ന പത്തുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. 2025 മെയ് മാസത്തിൽ വിക്ടോറിയയിലെ പോർട്ട് ആൽബർട്ട് തീരത്ത് ഒരു വാണിജ്യ മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് അതിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ പ്രതികൂല കാലാവസ്ഥയിൽ ഇവർ എന്തിന് കടലിൽ പോയി എന്ന പൊലീസിന്റെ സംശയമാണ് അന്വേഷണത്തിന് വഴിവെച്ചത്.

തുടർന്ന് മാസങ്ങളോളം സംശയാസ്പദമായ ബോട്ടുകളെയും സംഘങ്ങളെയും നിരീക്ഷിച്ച പൊലീസ് വൻ ലഹരിമരുന്ന് മാഫിയയുടെ പദ്ധതികൾ കണ്ടെത്തുകയായിരുന്നു. ഓസ്ട്രേലിയൻ സമുദ്രപരിധിയിലൂടെ കടന്നുപോകുന്ന കൂറ്റൻ ‘മദർ ഷിപ്പിൽ’ (Mother ship) നിന്ന് ചെറിയ ബോട്ടുകൾ ഉപയോഗിച്ച് വൻതോതിൽ ലഹരിമരുന്ന് ബാസ് സ്ട്രെയ്റ്റിലൂടെ (Bass Strait) വിക്ടോറിയൻ തീരത്ത് എത്തിക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാൽ പോലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും കർശന നിരീക്ഷണം കാരണം ഈ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നു.

റെയ്ഡുകളും അറസ്റ്റും

കഴിഞ്ഞ ഒരു മാസമായി വിക്ടോറിയയിലെ മോർവെൽ, ഗ്ലെൻറോയ്, ക്രാൻബോൺ, ക്രാൻബോൺ വെസ്റ്റ്, ക്രാൻബോൺ സൗത്ത്, ഗ്രീൻവെയ്ൽ എന്നിവിടങ്ങളിലും സിഡ്നിയിലെ സെന്റ് ക്ലെയറിലും (St Clair) പോലീസ് വ്യാപക റെയ്ഡ് നടത്തിവരികയായിരുന്നു. വിക്ടോറിയയിൽ നിന്ന് എട്ടുപേരും സിഡ്നിയിൽ നിന്ന് ഒരാളുമാണ് അറസ്റ്റിലായത്. ടൺ കണക്കിന് കൊക്കെയ്നും മെത്താംഫെറ്റാമൈനും ഇറക്കുമതി ചെയ്യാൻ ഗൂഢാലോചന നടത്തിയതിനാണ് പ്രധാനമായും ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

 

കൂടാതെ, 2025 ഓഗസ്റ്റിൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 30 കിലോ മെത്താംഫെറ്റാമൈനും, വിക്ടോറിയയിലെ ബാർണവാർത്തയിൽ നിന്ന് 41 കിലോ കൊക്കെയ്നും പിടികൂടിയ സംഭവങ്ങളിലും ഈ സംഘത്തിന് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രക്കിംഗ് കമ്പനികളുടെ മറവിലാണ് ഇവർ സംസ്ഥാനാന്തര മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്.

അധികൃതരുടെ മുന്നറിയിപ്പുകൾ

ഓസ്ട്രേലിയയിലെ ലഹരിമരുന്നുകളുടെ ഉയർന്ന ആവശ്യകതയും വിലയുമാണ് രാജ്യാന്തര മാഫിയകളെ ഇവിടേക്ക് ആകർഷിക്കുന്നതെന്ന് എ.എഫ്.പി (AFP) ഡിറ്റക്ടീവ് സൂപ്രണ്ട് റേ ഇംബ്രിയാനോ വ്യക്തമാക്കി. ഇത്തരം മാഫിയകൾ നമ്മുടെ തെരുവുകളിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അക്രമങ്ങൾക്ക് കാരണമാകുമെന്നും നിരപരാധികളായ ഓസ്ട്രേലിയക്കാരുടെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തികൾ ലഹരിമാഫിയകൾക്ക് അപ്രാപ്യമാക്കാനുള്ള കർശന നടപടികൾ തുടരുമെന്ന് എ.ബി.എഫ് കമാൻഡർ ക്ലിന്റൺ സിംസും ഉറപ്പുനൽകി.

അറസ്റ്റിലായ പ്രതികളിൽ ഭൂരിഭാഗം പേരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്. വിക്ടോറിയയിൽ നിന്നുള്ള പ്രതികൾ 2026 ജൂലൈ 28-ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിലും, സിഡ്നിയിൽ അറസ്റ്റിലായ വ്യക്തി മെയ് 20-ന് ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിലും ഹാജരാകും. കേസിൽ വിശദമായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW