ഓസ്‌ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 75 മില്യൺ ഡോളറിന്റെ കെറ്റാമൈൻ
Photos :AFP
മെൽബൺ/സിഡ്‌നി: 2026-ന്റെ ആദ്യ മാസത്തിൽ തന്നെ വൻ മയക്കുമരുന്ന് വേട്ടയുമായി ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF). ന്യൂ സൗത്ത് വെയിൽസ് (NSW), വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 75 മില്യൺ ഡോളർ (7.5 കോടി ഡോളർ) വിലമതിക്കുന്ന 438 കിലോഗ്രാമിലധികം ‘കെറ്റാമൈൻ’ (Ketamine) ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. വിമാനത്താവളങ്ങളിലെ കാർഗോ, അന്താരാഷ്ട്ര തപാൽ സംവിധാനങ്ങൾ എന്നിവ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് നൂതന എക്സ്-റേ പരിശോധനകളിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും അധികൃതർ കണ്ടെത്തിയത്.
8.5 മില്യൺ വില്പനകൾ തടഞ്ഞു : 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 31 വരെയുള്ള ഒറ്റ മാസം കൊണ്ടാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഇത് ഓസ്‌ട്രേലിയൻ നിരത്തുകളിൽ ഏകദേശം 8.5 മില്യൺ തവണ വില്പന നടത്താൻ തികയുമായിരുന്നു എന്നാണ് കണക്കാക്കുന്നത്. 2022-ൽ രാജ്യത്തൊട്ടാകെ പിടികൂടിയതിനേക്കാൾ വലിയ അളവാണ് ഈ ജനുവരിയിൽ മാത്രം രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി പിടികൂടിയത് എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട റെയ്ഡുകൾ: വിവിധ രാജ്യങ്ങളിൽ നിന്നായി വളരെ കൗതുകകരമായ രീതിയിലാണ് മാഫിയകൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്:
ജനുവരി 1 (വിക്ടോറിയ): ചെറിയ ഗാർഡൻ പ്രതിമകൾ എന്ന വ്യാജേന വന്ന പാഴ്സലിലെ പ്ലാസ്റ്റർ പ്രതിമകൾക്കുള്ളിൽ നിന്ന് 4.5 കിലോ കെറ്റാമൈൻ കണ്ടെത്തി.
ജനുവരി 14 (NSW): യുകെയിൽ നിന്ന് മിഠായികൾ (Confectionary) എന്ന പേരിൽ വന്ന രണ്ട് പാഴ്സലുകളിലെ ബോക്സുകളിൽ നിന്നായി 6.8 കിലോ പിടികൂടി.
ജനുവരി 15 (വിക്ടോറിയ): ബെൽജിയത്തിൽ നിന്ന് കളിപ്പാട്ടങ്ങൾ എന്ന വ്യാജേന എത്തിയ പാഴ്സലിലെ ടെഡി ബെയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 6.8 കിലോ മയക്കുമരുന്ന് കണ്ടെത്തി.
ജനുവരി 27 (NSW): ഫ്രാൻസിൽ നിന്നും അക്വേറിയം ഗ്രാവൽ (അക്വേറിയത്തിൽ ഇടുന്ന കല്ലുകൾ) എന്ന പേരിൽ വിക്ടോറിയയിലേക്ക് വന്ന പാഴ്സലിൽ നിന്ന് 32 കിലോ കെറ്റാമൈൻ ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. വാക്വം സീൽ ചെയ്ത കവറുകളിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.
ലാഭം മാത്രം ലക്ഷ്യം; ഓസ്‌ട്രേലിയ സുരക്ഷിത താവളമല്ല മയക്കുമരുന്ന് മാഫിയയുടെ വിതരണ ശൃംഖലയ്ക്ക് ഈ റെയ്ഡുകൾ വലിയ തിരിച്ചടിയാണെന്ന് എ.ബി.എഫ് ട്രേഡ് എൻ.എസ്.ഡബ്ല്യു കമാൻഡർ കാരി എല്ലിസ് (Kari Ellis) പറഞ്ഞു. “കുറ്റവാളികൾക്ക് സമൂഹത്തിനുണ്ടാകുന്ന ദോഷത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല, ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. ഓസ്‌ട്രേലിയ മയക്കുമരുന്ന് കടത്തുകാർക്കുള്ള ഒരു സുരക്ഷിത കവാടമല്ല എന്ന് ഈ റെയ്ഡുകൾ തെളിയിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

പാർട്ടികളിൽ വ്യാപകമായി ഉപയോഗിക്കുന്ന വളരെ അപകടകരമായ ഒരു മയക്കുമരുന്നാണ് കെറ്റാമൈൻ. ഓർമ്മക്കുറവ്, സ്വന്തം ശരീരത്തിൽ നിന്നുള്ള വേർപിരിയൽ തോന്നൽ, അപകടകരമായ സാഹചര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ എന്നിവയ്ക്ക് ഇത് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പിടികൂടിയ എല്ലാ കേസുകളും കൂടുതൽ അന്വേഷണങ്ങൾക്കായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിന് (AFP) കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയെ ബാധിക്കുന്ന സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബോർഡർ വാച്ച്’ (Border Watch) വെബ്സൈറ്റ് വഴി ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.