അഡലെയ്ഡിൽ ഉണ്ടായ വിമാനാപകടം: 2 മരണം സ്ഥികരിച്ചു

admin ഏപ്രിൽ 29, 2026
അഡലെയ്ഡിൽ ഉണ്ടായ വിമാനാപകടം: 2 മരണം സ്ഥികരിച്ചു

അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡ് പാരഫീൽഡ് എയർപോർട്ടിൽ (Parafield Airport) ചെറുവിമാനം ഹാങ്ങറിലിടിച്ച് തകർന്ന് വൻ തീപിടുത്തം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ഒരു യാത്രക്കാരനുമുൾപ്പെടെ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന്  ഉച്ചയ്ക്ക് 2.10-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ നാല് സീറ്റുകളുള്ള ഡയമണ്ട് ഡിഎ42 (VH-YQP) ട്വിൻ-എൻജിൻ വിമാനം എയർപോർട്ടിലെ 54-ാം നമ്പർ ഹാങ്ങറിലേക്ക് (വിമാനങ്ങൾ നിർത്തിയിടുന്ന കെട്ടിടം) നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം പൊട്ടിത്തെറിക്കുകയും വലിയ തോതിൽ തീയും കറുത്ത പുകയും പടരുകയും ചെയ്തു. അപകടസമയത്ത് ഹാങ്ങറിനുള്ളിലുണ്ടായിരുന്ന പത്തോ പതിനൊന്നോ എയർപോർട്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് പുക ശ്വസിച്ചതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളും നിസ്സാര പരിക്കുകളുമാണുള്ളത്. ഹാങ്ങറിൽ ഇന്ധനം സൂക്ഷിച്ചിരുന്നത് തീപിടുത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

 

സംഭവം നടന്നയുടൻ എയർപോർട്ട് അടച്ചിടുകയും പ്രദേശം അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. ഫയർഫോഴ്സ്, പൊലീസ്, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി സൗത്ത് ഓസ്ട്രേലിയ പോലീസ് ചീഫ് ഇൻസ്പെക്ടർ ആൻഡ്രൂ മക്ക്രാക്കൻ അറിയിച്ചു. ടേക്ക് ഓഫിന് ശേഷമുണ്ടായ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് ഓസ്ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായി അന്വേഷിച്ചുവരികയാണ്.

സംസ്ഥാന പൊലീസ് കമ്മീഷണറിൽ നിന്ന് അപകടവിവരങ്ങൾ ചോദിച്ചറിഞ്ഞതായി പ്രീമിയർ പീറ്റർ മലിനൗസ്‌കസ് വ്യക്തമാക്കി. പാരഫീൽഡ് എയർപോർട്ടിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ലൈറ്റ് പ്ലെയിൻ അപകടമാണിത്. ഈ ദുരന്തം ഓസ്ട്രേലിയയിലെ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW