ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ നിർത്തിവെച്ചു
ഓസ്‌ട്രേലിയയിലെ പ്രവാസി ഇന്ത്യക്കാർക്കും വിസ നടപടികൾക്കായി കാത്തിരിക്കുന്നവർക്കും നിർണായക വിവരവുമായി അധികൃതർ. രാജ്യത്തുടനീളം നൽകി വന്നിരുന്ന ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ (indian passport and visa services suspended in australia) ജൂലൈ 1 മുതൽ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ (VFS Global) ഔദ്യോഗികമായി അറിയിച്ചു. പെട്ടെന്ന് യാത്ര ചെയ്യാൻ ഇരിക്കുന്നവർക്കും മറ്റു സേവനങ്ങൾ ആവശ്യമുള്ളവർക്കും പുതിയ അറിയിപ്പ് വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് സേവനങ്ങൾ നിർത്തിവെച്ചത്?
ക്യാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ പുതിയ നിർദ്ദേശപ്രകാരമാണ് ജൂലൈ 1, 2026 മുതൽ ഓസ്‌ട്രേലിയയിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത്. ഔദ്യോഗികമായി പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ വിഎഫ്എസ് കേന്ദ്രങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാകില്ല. ഈ അപ്രതീക്ഷിത മാറ്റം അടിയന്തരമായി യാത്ര ചെയ്യാൻ ഇരിക്കുന്നവർക്കും അപേക്ഷ നൽകാൻ കാത്തിരിക്കുന്നവർക്കും അസൗകര്യങ്ങൾ സൃഷ്ടിക്കുമെന്ന് വിഎഫ്എസ് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അപേക്ഷകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും കൂടുതൽ വിവരങ്ങൾ നൽകുന്നതിനുമായി വിഎഫ്എസ് ഗ്ലോബൽ അവരുടെ ഉപഭോക്തൃ സേവനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പുതിയ വിവരങ്ങൾക്കായി 03 9956 3830 എന്ന നമ്പറിൽ 09:00 മുതൽ 15:30 AEST വരെ കാൾ സെൻ്റർ പ്രവർത്തിക്കും. കൂടാതെ, info.ind_aus@vfshelpline.com എന്ന ഇമെയിലിലൂടെയും വിവരങ്ങൾ അന്വേഷിക്കാൻ സാധിക്കും.
അടിയന്തര സാഹചര്യങ്ങളിൽ എന്ത് ചെയ്യണം?
അടിയന്തര കോൺസുലാർ സഹായം ആവശ്യമുള്ള അപേക്ഷകർക്ക് വിഎഫ്എസ് കേന്ദ്രങ്ങളെ ആശ്രയിക്കാൻ സാധിക്കില്ല. പകരം ക്യാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അവിടെ നൽകിയിട്ടുള്ള പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
നിലവിൽ അപേക്ഷിച്ചവരുടെ കാര്യത്തിൽ എന്ത് സംഭവിക്കും?
ലഭിക്കാൻ ബാക്കിയുള്ള പാസ്‌പോർട്ടുകൾ: പ്രോസസ്സിംഗ് പൂർത്തിയായി വിതരണത്തിനായി തയ്യാറായിട്ടുള്ള പാസ്‌പോർട്ടുകൾ നിലവിലെ പ്രക്രിയ അനുസരിച്ച് വിഎഫ്എസ് ഗ്ലോബൽ വഴി തന്നെ അപേക്ഷകർക്ക് സുരക്ഷിതമായി തിരികെ നൽകും.
പ്രോസസ്സിങ്ങിൽ ഇരിക്കുന്ന അപേക്ഷകൾ: വിസ, പാസ്‌പോർട്ട് എന്നിവയ്ക്കായി നിലവിൽ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്ന അപേക്ഷകൾ സേവനങ്ങൾ പുനരാരംഭിക്കുന്നത് വരെ പെൻഡിങ്ങിൽ തുടരും. അധികൃതരിൽ നിന്നുള്ള പുതിയ വിവരങ്ങൾക്കായി അപേക്ഷകർ കാത്തിരിക്കേണ്ടതാണ്.
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ തന്നെ വിഎഫ്എസ് ഗ്ലോബൽ ഇന്ത്യ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററുകളിലെ (ICAC) പ്രവർത്തനങ്ങൾ പഴയപടിയാകും. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ്റെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പരിശോധിക്കാൻ നിർദ്ദേശമുണ്ട്. ഈ കാലയളവിൽ അപേക്ഷകർ നൽകുന്ന പിന്തുണയ്ക്കും സഹകരണത്തിനും വിഎഫ്എസ് ഗ്ലോബൽ നന്ദി അറിയിച്ചു.
News by
Sajin Thiruvallam
News Editor

News Editor