ഓസ്‌ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരെ ആകർഷിക്കാൻ പുതിയ പദ്ധതി
ഓസ്‌ട്രേലിയയിലെ ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരെ ആകർഷിക്കാൻ പുതിയ പദ്ധതി; സിംഗിൾ എംപ്ലോയർ മോഡലിന് തുടക്കം
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ (Northern Territory) ഗ്രാമീണ, വിദൂര മേഖലകളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും മികച്ച ചികിത്സയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാരും നോർത്തേൺ ടെറിട്ടറി സർക്കാരും സംയുക്തമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കാതറിൻ (Katherine), ബിഗ് റിവേഴ്‌സ് (Big Rivers) എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പുതിയ ‘സിംഗിൾ എംപ്ലോയർ മോഡൽ’ (SEM) ട്രയലിന് സർക്കാർ തുടക്കം കുറിക്കുകയാണ്.
പുതിയ പദ്ധതി പ്രകാരം 24 ഫുൾ-ടൈം റൂറൽ ജനറലിസ്റ്റ് ട്രെയിനികൾക്ക് ഗ്രാമീണ മേഖലകളിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കും. മുൻകാലങ്ങളിൽ ഓരോ ആറുമാസത്തിലോ വർഷത്തിലോ പ്രാക്ടീസ് മാറുന്നതിനനുസരിച്ച് തൊഴിലുടമകളെയും മാറ്റേണ്ടി വന്നിരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ പദ്ധതി സഹായിക്കും. പകരം നോർത്തേൺ ടെറിട്ടറി സർക്കാരിന് കീഴിൽ സ്ഥിരം ശമ്പളക്കാരായ ജീവനക്കാരായി പ്രവർത്തിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു. ഇതിലൂടെ ആശുപത്രികളിൽ പരിശീലനം നേടുന്ന ഡോക്ടർമാർക്ക് ലഭിക്കുന്ന വാർഷിക അവധി, രക്ഷാകർതൃ അവധി (Parental leave), സിക്ക് ലീവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും സ്ഥിര വരുമാനവും ട്രെയിനികൾക്ക് ഉറപ്പാക്കും.
2026 ജൂൺ മാസം ആരംഭിക്കുന്ന ട്രയൽ 2028 ഡിസംബർ വരെ തുടരും. പ്രാദേശിക ആരോഗ്യ സേവന കേന്ദ്രങ്ങളായ വുർലി-വുർലിൻജാങ് ഹെൽത്ത് സർവീസ്, സൺറൈസ് ഹെൽത്ത് സർവീസ്, കാതറിൻ വെസ്റ്റ് ഹെൽത്ത് ബോർഡ്, ബൗഹീനിയ ഹെൽത്ത് തുടങ്ങിയവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നോർത്തേൺ ടെറിട്ടറിയിലേക്ക് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കാനും നിലനിർത്താനും ഈ പദ്ധതി നിർണ്ണായകമാകുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ (Mark Butler) പറഞ്ഞു.
പ്രദേശവാസികൾക്ക് സ്വന്തം നാടിനടുത്തുതന്നെ മികച്ച ചികിത്സ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലകളിലേക്ക് ഡോക്ടർമാരെ ആകർഷിക്കുന്നത് ടെറിട്ടറിയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ അത്യന്താപേക്ഷിതമാണെന്ന് നോർത്തേൺ ടെറിട്ടറി ആരോഗ്യ മന്ത്രി സ്റ്റീവ് എഡ്ജിംഗ്ടൺ കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor