ഓസ്‌ട്രേലിയൻ കൺസ്ട്രക്ഷൻ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ
സിഡ്‌നി/മെൽബൺ: ഓസ്‌ട്രേലിയയിലെ കൺസ്ട്രക്ഷൻ (നിർമ്മാണ) മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവർക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കാനുമായി ഫെഡറൽ സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. സ്കിൽസ് ആൻഡ് ട്രെയിനിങ് മന്ത്രി ആൻഡ്രൂ ജൈൽസ് (Andrew Giles) ഇന്ന് ക്വീൻസ്‌ലാൻഡിലെ ലോഗനിൽ നടന്ന ചടങ്ങിലാണ് ‘മെയിൽ അലൈസ് ചലഞ്ച്’ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിൽ നിർമ്മാണ, എഞ്ചിനീയറിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പുരുഷന്മാരും സ്ത്രീകളുമുണ്ട്. അതുകൊണ്ടുതന്നെ ഫെഡറൽ സർക്കാരിന്റെ ഈ പുതിയ നീക്കം മലയാളി സമൂഹത്തിനും ഏറെ പ്രയോജനകരമാകും.
എന്താണ് മെയിൽ അലൈസ് ചലഞ്ച്?
നിർമ്മാണ മേഖലയിൽ നിലവിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകാനും (Allyship), വിവേചനങ്ങൾ ഇല്ലാതാക്കി തുല്യതയും സുരക്ഷയും ഉറപ്പാക്കാനും പുരുഷന്മാരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാഷണൽ അസോസിയേഷൻ ഓഫ് വിമൻ ഇൻ കൺസ്ട്രക്ഷൻ (NAWIC) ഉൾപ്പെടെയുള്ളവരുമായി സഹകരിച്ചാണ് 5 മില്യൺ ഡോളർ ചിലവ് വരുന്ന ‘അലൈഷിപ്പ് ഇൻ ആക്ഷൻ’ (Allyship in Action) പ്രോജക്ടിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് ഈ ഓൺലൈൻ ചലഞ്ച് സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ:
സൗജന്യ ഓൺലൈൻ കോഴ്സ്: ഫോണിലോ ടാബ്ലെറ്റിലോ കമ്പ്യൂട്ടറിലോ ചെയ്യാവുന്ന 5 ചെറിയ മൊഡ്യൂളുകളാണ് ഇതിലുള്ളത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാർക്ക് തങ്ങളുടെ ഒഴിവുസമയങ്ങളിൽ തികച്ചും സൗജന്യമായി ഈ കോഴ്സ് പൂർത്തിയാക്കാം.
നിലവിലെ കണക്കുകൾ: നിലവിൽ ഓസ്‌ട്രേലിയൻ കൺസ്ട്രക്ഷൻ മേഖലയിൽ വെറും 13 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. ഇതിൽ തന്നെ നേരിട്ട് നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ (working on the tools) കേവലം 3 ശതമാനം മാത്രമാണ്.
ലക്ഷ്യം: ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും, കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും നിലനിർത്താനുമാണ് ആൽബനീസ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗം
അൽബനീസീ സർക്കാരിന്റെ 60 മില്യൺ ഡോളറിന്റെ ‘ബിൽഡിംഗ് വിമൻസ് കരിയർ’ (BWC) പ്രോഗ്രാമിന് കീഴിൽ വരുന്ന 20 പദ്ധതികളിൽ ഒന്നാണിത്. BWC പ്രോഗ്രാം ആരംഭിച്ച് ഒരു വർഷം തികയുന്ന ഈ വേളയിൽ, രാജ്യത്തൊട്ടാകെ 175 സ്ഥാപനങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. നിർമ്മാണ മേഖലയ്ക്ക് പുറമെ, ക്ലീൻ എനർജി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഡിജിറ്റൽ ആൻഡ് ടെക്നോളജി എന്നീ മേഖലകളിലും സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പ്രോഗ്രാം സഹായിക്കുന്നു.
മന്ത്രി ആൻഡ്രൂ ജൈൽസിന്റെ വാക്കുകൾ:
“കൂടുതൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക എന്ന ഓസ്‌ട്രേലിയയുടെ ലക്ഷ്യം പൂർത്തിയാക്കാൻ നമ്മുടെ തൊഴിലിടങ്ങളിലെ സംസ്കാരം മാറിയേ തീരൂ. സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകാനും മോശം പെരുമാറ്റങ്ങളെ ചോദ്യം ചെയ്യാനും ഈ പരിശീലനം പുരുഷന്മാരെ പ്രാപ്തരാക്കും. ഈ മേഖലയിൽ ഒരു കരിയർ പടുത്തുയർത്താൻ സ്ത്രീകൾക്ക് ഇത് വലിയ പ്രചോദനമാകും,” മന്ത്രി വ്യക്തമാക്കി.
NAWIC സി.ഇ.ഒ കാതറിൻ ഗ്രെവിലിന്റെ (Cathryn Greville) പ്രതികരണം:
“ലിംഗസമത്വം ഉറപ്പാക്കുന്നതിൽ പുരുഷന്മാർ കേവലം കാഴ്ചക്കാരല്ല, അവർക്കും ഇതിൽ വലിയ പങ്കുണ്ട്. എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുത്താൽ മാത്രമേ കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും ഭാവിയിലെ മികച്ച ലീഡർമാരായി അവരെ മാറ്റിയെടുക്കാനും സാധിക്കൂ.”
ഓസ്‌ട്രേലിയൻ മലയാളികൾ ശ്രദ്ധിക്കാൻ:
കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി പുരുഷന്മാർക്ക് അവരുടെ തൊഴിലിടങ്ങളിൽ കൂടുതൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ ഈ കോഴ്സ് പ്രയോജനപ്പെടുത്താം. അതുപോലെ തന്നെ, പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന മലയാളി വനിതകൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ നടപടികൾ.
ഈ സൗജന്യ കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കും സ്ഥാപനങ്ങൾക്കും ‘നാഷണൽ അസോസിയേഷൻ ഓഫ് വിമൻ ഇൻ കൺസ്ട്രക്ഷൻ’ (NAWIC) വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.