ഉന്നതവിദ്യാഭ്യാസം ഇനി എല്ലാവർക്കും സ്വന്തം; സൗജന്യ ‘ബ്രിഡ്ജിങ്’ കോഴ്സുകൾ വിപുലീകരിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

admin ഏപ്രിൽ 23, 2026
ഉന്നതവിദ്യാഭ്യാസം ഇനി എല്ലാവർക്കും സ്വന്തം; സൗജന്യ ‘ബ്രിഡ്ജിങ്’ കോഴ്സുകൾ വിപുലീകരിച്ച് ഓസ്‌ട്രേലിയൻ സർക്കാർ

കാൻബറ: സ്കൂൾ പഠനത്തിന് ശേഷം യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്ക് കടക്കാൻ വിദ്യാർത്ഥികളെ കൂടുതൽ പ്രാപ്തരാക്കുന്നതിനായി ‘ഫീ-ഫ്രീ യൂണി റെഡി’ (FEE‑FREE Uni Ready – FFUR) ബെസ്റ്റ് പ്രാക്ടീസ് ഗൈഡ് ഓസ്‌ട്രേലിയൻ സർക്കാർ പുറത്തിറക്കി. ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ ആണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പഠനത്തിന് ആവശ്യമായ അടിസ്ഥാന സ്‌കില്ലുകളും ആത്മവിശ്വാസവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നതാണ് ഈ ഹ്രസ്വകാല സൗജന്യ ബ്രിഡ്ജിങ് കോഴ്സുകളുടെ പ്രധാന ലക്ഷ്യം.

1.1 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപം

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ‘യൂണിവേഴ്സിറ്റീസ് അക്കോർഡിന്റെ’ നിർദേശപ്രകാരമാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. ഇത്തരം കോഴ്സുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി അടുത്ത പത്ത് വർഷത്തിനുള്ളിൽ 1.1 ബില്യൺ ഡോളർ അധികമായി നിക്ഷേപിക്കുമെന്ന് അൽബനീസീ  സർക്കാർ വ്യക്തമാക്കി. പുതിയ FFUR കോഴ്സുകൾ തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് വഴികാട്ടിയായാണ് ഈ പുതിയ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ഗൈഡ് വികസിപ്പിക്കുന്നതിനായി ന്യൂകാസിൽ യൂണിവേഴ്സിറ്റിക്ക് 1.5 മില്യൺ ഡോളറിന്റെ ധനസഹായം സർക്കാർ നൽകിയിരുന്നു.

ആർക്കൊക്കെ പ്രയോജനം ലഭിക്കും?

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, ആദിവാസി-ടോറസ് സ്ട്രെയിറ്റ് ദ്വീപ് നിവാസികൾ, ഗ്രാമീണ-വിദൂര മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് ഈ കോഴ്സുകൾ വലിയൊരനുഗ്രഹമാകും. സാധാരണഗതിയിൽ നേരിട്ട് യൂണിവേഴ്സിറ്റി പ്രവേശനം നേടാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതൊരു മികച്ച ചവിട്ടുപടിയായാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

കണക്കുകൾ സൂചിപ്പിക്കുന്നത്:

2025 ലെ പങ്കാളിത്തം: 25,000-ത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം സൗജന്യ ബ്രിഡ്ജിങ് കോഴ്സുകളിൽ പ്രവേശനം നേടിയത്.

2026 ലെ പ്രതീക്ഷ: ഈ വർഷവും 25,000 വിദ്യാർത്ഥികൾ ഈ കോഴ്സുകളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവി ലക്ഷ്യങ്ങൾ: 2030-ഓടെ വിദ്യാർത്ഥികളുടെ എണ്ണം 30,000 ആയി ഉയരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ (2023-ലെ കണക്കുകളേക്കാൾ 40% വർദ്ധനവ്). 2040 ആകുമ്പോഴേക്കും ഇത് 2023-ലേതിന്റെ ഇരട്ടിയാകും.

“അദൃശ്യമായ പ്രതിബന്ധങ്ങളെ തകർക്കുകയാണ് ലക്ഷ്യം”

“2050 ആകുമ്പോഴേക്കും രാജ്യത്തെ 80 ശതമാനം തൊഴിലാളികൾക്കും ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമായി വരും എന്നാണ് യൂണിവേഴ്സിറ്റീസ് അക്കോർഡ് വ്യക്തമാക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ കൂടുതൽ ആളുകളെ ടാഫിലേക്കും (TAFE) യൂണിവേഴ്സിറ്റിയിലേക്കും എത്തിക്കേണ്ടതുണ്ട്,” വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു.

ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ അഞ്ചിലൊരു വിദ്യാർത്ഥി വീതം ഇത്തരം കോഴ്സുകൾ ആദ്യം പൂർത്തിയാക്കുന്നുണ്ടെന്നും, കൂടുതൽ യൂണിവേഴ്സിറ്റികൾ ഈ മാതൃക പിന്തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പലരെയും യൂണിവേഴ്സിറ്റിയിൽ എത്തുന്നതിൽ നിന്നും തടയുന്ന അദൃശ്യമായ തടസ്സങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,” അദ്ദേഹം വ്യക്തമാക്കി.

പുതിയ ബെസ്റ്റ് പ്രാക്ടീസ് ഗൈഡ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ feefreeuniready.edu.au -ൽ ലഭ്യമാണ്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW