ഓസ്‌ട്രേലിയയുടെ അതിർത്തി കാക്കാൻ പുതിയ ഡിറ്റക്ടർ ഡോഗ് സംഘം; ബയോസെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു

admin മെയ്‌ 26, 2026
ഓസ്‌ട്രേലിയയുടെ അതിർത്തി കാക്കാൻ പുതിയ ഡിറ്റക്ടർ ഡോഗ് സംഘം; ബയോസെക്യൂരിറ്റി കൂടുതൽ ശക്തമാക്കുന്നു

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവരും നാട്ടിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ അയക്കുന്നവരും ശ്രദ്ധിക്കുക. രാജ്യത്തെ കാർഷിക, പരിസ്ഥിതി മേഖലകളെ സംരക്ഷിക്കുന്നതിനായി അതിർത്തികളിലെ പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ആൽബനീസീ സർക്കാർ. ഇതിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ ഏറ്റവും പുതിയ ഡിറ്റക്ടർ നായ്ക്കളുടെ സംഘം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയ്‌ക്കിറങ്ങി. ഈ പുതിയ മാറ്റങ്ങളും കർശന നടപടികളും എന്തൊക്കെയാണെന്ന് വിശദമായി അറിയാം (Australia biosecurity news).

ഓസ്‌ട്രേലിയയുടെ ബയോസെക്യൂരിറ്റി നിരയിലേക്ക് പുതിയ സംഘം

ഓസ്‌ട്രേലിയയുടെ മുൻനിര ബയോസെക്യൂരിറ്റി പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഡിറ്റക്ടർ ഡോഗ് ഹാൻഡ്‌ലർമാർ പരിശീലനം പൂർത്തിയാക്കി ചുമതലയേറ്റു. ആറ് ട്രെയിനി ഹാൻഡ്‌ലർമാരും രണ്ട് ടെക്നിക്കൽ സൂപ്പർവൈസർമാരുമടങ്ങുന്ന പുതിയ സംഘമാണ് വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയത്. ഇതോടെ ഓസ്‌ട്രേലിയയിലുടനീളമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മെയിൽ സെന്ററുകൾ എന്നിവിടങ്ങളിലായി നിലവിൽ പ്രവർത്തിക്കുന്ന അറുപതിലധികം വരുന്ന ഹാൻഡ്‌ലർമാരുടെ സംഘത്തോടൊപ്പം ഇവരും പങ്കുചേരും.

ഇതുവരെ പിടികൂടിയത് 14,000-ത്തിലധികം സാധനങ്ങൾ

2026-ൽ ഇതുവരെ 14,000-ലധികം ഉയർന്ന അപകടസാധ്യതയുള്ള (high-risk) സാധനങ്ങളാണ് ഓസ്‌ട്രേലിയൻ അതിർത്തികളിൽ ഡിറ്റക്ടർ നായ്ക്കൾ അടങ്ങുന്ന സംഘം പിടികൂടിയത്. അത്യാധുനിക ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ ബയോസെക്യൂരിറ്റി ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ആയിരത്തിലധികം വരുന്ന ഉദ്യോഗസ്ഥർക്കൊപ്പമാണ് ഡിറ്റക്ടർ നായ്ക്കളും പ്രവർത്തിക്കുന്നത്. 200-ലധികം വ്യത്യസ്ത ബയോസെക്യൂരിറ്റി അപകടസാധ്യതയുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനാണ് ഈ ഡിറ്റക്ടർ നായ്ക്കൾക്ക് പരിശീലനം നൽകിയിരിക്കുന്നത്. ഓരോ നായയും അവയുടെ സേവനകാലയളവിൽ ശരാശരി 9,000-ത്തോളം ഇത്തരം വസ്തുക്കൾ കണ്ടെത്തുന്നുണ്ട്.

അടുത്തിടെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ, പുതിയതായി ചുമതലയേറ്റ ഹാൻഡ്‌ലറായ റിയാനോനും ഡിറ്റക്ടർ നായയായ ക്യൂബിറ്റും ചേർന്ന് അനധികൃതമായി കൊണ്ടുവന്ന 200 ഗ്രാം ബീഫ് പിടികൂടിയിരുന്നു. ഫൂട്ട്-ആൻഡ്-മൗത്ത് (foot-and-mouth disease) പോലുള്ള ഗുരുതരമായ മൃഗരോഗങ്ങൾ പടർത്താൻ സാധ്യതയുള്ള ഇത്തരം മാംസ ഉൽപ്പന്നങ്ങൾ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

രാജ്യത്തെ കാർഷിക മേഖലയ്ക്ക് കവചമൊരുക്കി പുതിയ പദ്ധതി

ഓസ്‌ട്രേലിയയുടെ 100 ബില്യൺ ഡോളർ മൂല്യം വരുന്ന കൃഷി, ഫിഷറീസ്, വനം വകുപ്പ് വ്യവസായങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ അതിർത്തിയിലെ ഈ കർശന പരിശോധനകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരത്തിൽ വന്നതിന് ശേഷം പുതിയ ബയോസെക്യൂരിറ്റി പദ്ധതികൾക്കായി ആൽബനീസീ  സർക്കാർ 2 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചത്.

ബയോസെക്യൂരിറ്റിയുടെ കാര്യത്തിൽ സർക്കാർ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കൃഷി, ഫിഷറീസ്, ഫോറസ്ട്രി മന്ത്രി ജൂലി കോളിൻസ് വ്യക്തമാക്കി. “ഓസ്‌ട്രേലിയയെ ബയോസെക്യൂരിറ്റി ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഡിറ്റക്ടർ നായ്ക്കൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പരിസ്ഥിതിയെയും കാർഷിക മേഖലയെയും സാരമായി ബാധിച്ചേക്കാവുന്ന കീടങ്ങളെയും രോഗങ്ങളെയും തടയാൻ അവർ രാവും പകലും പ്രവർത്തിക്കുന്നു,” മന്ത്രി പറഞ്ഞു. പുതിയ സംഘം എത്തിയതോടെ ലോകോത്തര നിലവാരത്തിലുള്ള ഓസ്‌ട്രേലിയൻ ബയോസെക്യൂരിറ്റി സിസ്റ്റം കൂടുതൽ കരുത്താർജിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW