അമേരിക്കയെ പ്രശംസിച്ച് കിംഗ് ചാൾസ്
വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന് വൈറ്റ് ഹൗസിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയ സ്റ്റേറ്റ് ഡിന്നറിൽ, അമേരിക്കൻ ദേശീയഗാനമായ ‘സ്റ്റാർ-സ്പാൻഗിൾഡ് ബാനറി’ലെ (Star-Spangled Banner) വരികൾ ഉദ്ധരിച്ച് രാജാവ് നടത്തിയ വരികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ നേർക്കാഴ്ചയായി. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സഖ്യം എത്രത്തോളം ദൃഢമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ.

ഏപ്രിൽ 25-ന് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വാഷിംഗ്ടൺ ഹിൽട്ടണിലെ സുരക്ഷാ ചെക്ക്‌പോയിന്റിനടുത്ത് അപ്രതീക്ഷിത വെടിവെപ്പ് നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോൾ ടോമസ് അലൻ (31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റ ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയുടെ അസാമാന്യ ധൈര്യത്തെയും പ്രതിരോധ ശേഷിയെയും ചാൾസ് രാജാവ് പ്രത്യേകം പ്രശംസിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഈ സന്ദർശനം പൂർണ്ണമായി ഉൾക്കൊണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നേരത്തെ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ ചാൾസ് നടത്തിയ പ്രസംഗത്തിനും വൻ വരവേൽപ്പാണ് ലഭിച്ചത്. അമേരിക്കൻ-ബ്രിട്ടീഷ് ബന്ധം, യുക്രെയ്നുള്ള പിന്തുണ, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയവ ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളെ ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ എഴുന്നേറ്റുനിന്നാണ് സ്വീകരിച്ചത്.

ഈ പ്രസംഗത്തെ ഗംഭീരമെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപ്, “ഡെമോക്രാറ്റുകളെ എഴുന്നേൽപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു, എനിക്കതിന് കഴിഞ്ഞിട്ടില്ല” എന്ന് തമാശരൂപേണ പറഞ്ഞത് സദസ്സിൽ ചിരിപടർത്തി. അമേരിക്കയുടെ അതിവേഗ വികസനത്തിന് പ്രചോദനമായത് ബ്രിട്ടനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും യു.എസ്-യു.കെ ബന്ധം കൂടുതൽ ശക്തമാകുകയാണെന്ന് ഈ സന്ദർശനം തെളിയിക്കുന്നു.

News by
Sajin Thiruvallam
News Editor

News Editor