ട്രെയിൻ യാത്രയ്ക്കിടെ അതിക്രമം നേരിട്ടു; കൗമാരകാലത്തെ ദുരനുഭവം വെളിപ്പെടുത്തി ബ്രിട്ടീഷ് രാജ്ഞി കാമില

News Desk ജനുവരി 1, 2026
ട്രെയിൻ യാത്രയ്ക്കിടെ അതിക്രമം നേരിട്ടു; കൗമാരകാലത്തെ ദുരനുഭവം വെളിപ്പെടുത്തി ബ്രിട്ടീഷ് രാജ്ഞി കാമില
Photo credit: AP
ലണ്ടൻ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി, തന്റെ കൗമാരകാലത്തുണ്ടായ ദുരനുഭവം ആദ്യമായി പരസ്യപ്പെടുത്തി ബ്രിട്ടീഷ് രാജ്ഞി കാമില. 1960-കളിൽ ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും, താൻ അയാളെ നേരിട്ടെന്നും കാമില വെളിപ്പെടുത്തി. ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് രാജ്ഞി ഇക്കാര്യം തുറന്നുപറഞ്ഞത്.
സംഭവത്തെക്കുറിച്ച് രാജ്ഞിയുടെ വാക്കുകൾ ഇങ്ങനെ: “ട്രെയിനിൽ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. ഞാൻ അയാളെ ശക്തമായി നേരിട്ടു. ട്രെയിനിൽ നിന്നിറങ്ങി വീട്ടിലെത്തിയപ്പോൾ എന്റെ മുടി അലങ്കോലമായി കിടക്കുന്നതും കോട്ടിലെ ബട്ടൺ നഷ്ടപ്പെട്ടതും കണ്ട് അമ്മ കാര്യം തിരക്കിയിരുന്നു.”
ഇത്തരം അനുഭവങ്ങൾ തുറന്നുപറയാൻ പലരും മടിക്കുന്നതുകൊണ്ടാണ് ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പലപ്പോഴും പുറത്തറിയാത്തതെന്ന് രാജ്ഞി പറഞ്ഞു. തന്റെ പദവി ഉപയോഗിച്ച് ഇത്തരം വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2024 ജൂലൈയിൽ ലണ്ടനിലെ വസതിയിൽ കൊല്ലപ്പെട്ട കരോൾ ഹണ്ട്, മക്കളായ ലൂയിസ്, ഹന്ന എന്നിവരുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്ഞി തന്റെ അനുഭവം പങ്കുവെച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രാജ്ഞി ആശ്വാസം പകരുകയും, ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന ജോൺ ഹണ്ടിനെയും മകൾ ആമിയെയും അഭിനന്ദിക്കുകയും ചെയ്തു.
ട്രെയിനിൽ വെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ചെരുപ്പൂരി അടിച്ചതായും, പാഡിംഗ്ടൺ സ്റ്റേഷനിൽ വെച്ച് ഇയാളെ പോലീസിൽ ഏൽപ്പിച്ചതായും വാലന്റൈൻ ലോ എഴുതിയ ‘പവർ ആൻഡ് ദി പാലസ്’ എന്ന പുസ്തകത്തിൽ നേരത്തെ പരാമർശിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് രാജ്ഞി നേരിട്ട് ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത്.

RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW