ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

admin ഏപ്രിൽ 29, 2026
ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

പെർത്ത്: ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ദൃഢവും ന്യായപൂർവവുമാക്കുക എന്ന ലക്ഷ്യത്തോടെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി ആന്റണി അൽബനീസീ. പശ്ചിമ ഓസ്ട്രേലിയയിലെ ഖനന-ഊർജ മേഖലയുടെ പ്രധാന പ്രതിനിധി സംഘടനയായ ചേംബർ ഓഫ് മിനറൽസ് ആന്റ് എനർജി (CME) വാ ഒരുക്കിയ ബ്രേക്ക്ഫാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖനനം, ഊർജം, ഭവന നിർമാണം എന്നീ മേഖലകളിലെ പദ്ധതികൾക്കുള്ള അനുമതി വേഗത്തിലാക്കാൻ 45 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ടാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഫെഡറൽ, സംസ്ഥാന തലങ്ങളിലായി നടന്നിരുന്ന അനുമതി പ്രക്രിയകൾ ഒറ്റ ഘട്ടമാക്കി മാറ്റുന്നതാണ് പുതിയ രീതി. ഇതിലൂടെ കാലതാമസം ഒഴിവാക്കി നിക്ഷേപകരെ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

 ഈ മാറ്റങ്ങൾക്കായി സംസ്ഥാനങ്ങൾ പ്രത്യേക കരാർ ഒപ്പിടേണ്ടതുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ പ്രീമിയർ റോജർ കുക്ക് ഇതിൽ ആദ്യമായി ഒപ്പുവെച്ചു. കൂടാതെ, വെസ്റ്റ്പോർട്ട് വികസനത്തിനായി 1.1 ബില്യൺ ഡോളറിന്റെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കഠിനാധ്വാനവും ന്യായമായ പ്രതിഫലവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും, ബിസിനസ്സ് നിക്ഷേപങ്ങൾ കൂടുതൽ എളുപ്പമാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുണ്ടാകുന്ന സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള അസ്ഥിരതകൾക്കിടയിൽ ഓസ്ട്രേലിയൻ ഊർജ്ജ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നികുതികൾ ഏർപ്പെടുത്തില്ലെന്നും ഗ്യാസ് എക്സ്പോർട്ട് കരാറുകൾ ലംഘിക്കില്ലെന്നും വ്യവസായികൾക്ക് അദ്ദേഹം ഉറപ്പുനൽകി.

അതെസമയം, പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വേദിയിൽ നാടകീയ രംഗങ്ങളും അരങ്ങേറി. പരിസ്ഥിതി പ്രവർത്തകരായ മൂന്ന് പേർ വേദിയിലേക്ക് അതിക്രമിച്ചു കയറി ബറപ്പ് ഹബ്, ബ്രൗസ് ഗ്യാസ് പദ്ധതികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ പുറത്താക്കി. വുഡ്‌സൈഡ് ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്ത വേദിയിലായിരുന്നു ഈ അപ്രതീക്ഷിത പ്രതിഷേധം.


News by
Author


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW