പാരാമറ്റാ നദിയിലെ ദുരന്തം: മകളെ കൊലപ്പെടുത്തി പിതാവ് മരിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്
ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ആറ് വയസ്സുകാരിയായ സ്വന്തം മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജനായ പിതാവ് ജീവനൊടുക്കിയ വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി സമൂഹം. കഴിഞ്ഞ ശനിയാഴ്ച കോൺകോർഡിന് (Concord) സമീപമുള്ള പാരാമറ്റാ നദിയിലാണ് (Parramatta River) രാജ്യത്തെ നടുക്കിയ ഈ Sydney murder suicide നടന്നത്. വെസ്റ്റ്മീഡിൽ (Westmead) താമസിക്കുന്ന മൗലിക് ധന്ധുകിയ (Maulik Dhandhukia – 47), ഇയാളുടെ ആറ് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്.
മുൻകൂട്ടി ആസൂത്രിതമായ കൊലപാതകമെന്ന് സംശയം
2026 ജൂൺ 13 ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാടകയ്‌ക്കെടുത്ത ചെറിയ ബോട്ടിൽ മകളെയും കൂട്ടി പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു മൗലിക് ധന്ധുകിയ. നദിയിൽ ഒരാൾ വീണതായി രാവിലെ 11:45-ഓടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. ഉച്ചയോടെ തന്നെ മൗലിക്കിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. സി.പി.ആർ (CPR) നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് ഡൈവർമാർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകുന്നേരം 5:30-നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച നടന്ന കൊലപാതക-ആത്മഹത്യയിൽ 47 കാരനായ മൗലിക് ധന്ദുകിയ മകളോടൊപ്പം ( Photo Credit : GoFundMe
സമീപത്തെ ഒരു സിസിടിവി (CCTV) ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. മൗലിക് കുട്ടിയെ വെള്ളത്തിലേക്ക് എറിഞ്ഞതിന് ശേഷം സ്വയം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ബോട്ടിൽ നിന്ന് ഇയാളുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ അത് ഉപയോഗിച്ചിരുന്നില്ല. മൗലിക്കിനോ മകൾക്കോ നീന്താനും അറിയില്ലായിരുന്നു. സംഭവത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇയാൾ ഇതേ ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ തന്നെ ഇത് വ്യക്തമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
സങ്കടക്കടലായി കുടുംബം; സഹായവുമായി ഇന്ത്യൻ സമൂഹം
സൗത്ത് ഈസ്റ്റേൺ സിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ ആപ്ലിക്കേഷൻ സപ്പോർട്ട് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മൗലിക് ധന്ധുകിയ. 2005-ൽ ജിമ്മിൽ വെച്ചുണ്ടായ ഒരു അപകടത്തെ തുടർന്ന് ഇയാൾ കടുത്ത കഴുത്തുവേദന അനുഭവിക്കുന്നതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തന്റെ ജീവിതത്തിലെ 90 ശതമാനം പ്രശ്നങ്ങൾക്കും കാരണം ഈ വേദനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭർത്താവിന്റെയും ഏക മകളുടെയും അപ്രതീക്ഷിത വിയോഗത്തോടെ പൂർണ്ണമായും തളർന്നിരിക്കുകയാണ് മൗലിക്കിന്റെ ഭാര്യ പ്രീതിബെൻ ധന്ധുകിയ. ഇവർക്ക് മാനസിക പിന്തുണയുമായി സിഡ്നിയിലെ ഇന്ത്യൻ സമൂഹം രംഗത്തുണ്ട്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിഗ്നേഷ് പർമർ (Jignesh Parmar) എന്ന സുഹൃത്തിന്റെ നേതൃത്വത്തിൽ ഗോഫണ്ട്മി (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. 65,000 ഡോളർ ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പയിനിൽ ഇതിനകം അഞ്ഞൂറിലധികം ആളുകൾ സംഭാവന നൽകിക്കഴിഞ്ഞു. ഈ തുക സംസ്‌കാര ചടങ്ങുകൾക്കും, വിദേശത്തുള്ള മറ്റ് കുടുംബാംഗങ്ങൾക്ക് ഓസ്‌ട്രേലിയയിൽ എത്തുന്നതിനും ഭാര്യയുടെ തുടർചെലവുകൾക്കുമായാണ് ഉപയോഗിക്കുക.
(നിങ്ങളോ നിങ്ങൾക്ക് അറിയാവുന്നവരോ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക: Lifeline – 13 11 14, Beyond Blue – 1300 224 636)
News by
Sajin Thiruvallam
News Editor

News Editor