കാൻസറിനും അപൂർവ്വ രോഗങ്ങൾക്കുമുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് വൻവിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ
കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളോടും അപൂർവ്വ അസുഖങ്ങളോടും പൊരുതുന്ന ഓസ്‌ട്രേലിയൻ നിവാസികൾക്ക് വലിയൊരാശ്വാസമായി ഫെഡറൽ സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ജീവൻരക്ഷാ മരുന്നുകൾ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്സ് സ്കീമിൽ (PBS) ഉൾപ്പെടുത്തിക്കൊണ്ട് ആൽബനീസീ സർക്കാർ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലേക്ക് ഇവയെ മാറ്റുകയാണ്. ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ (Mark Butler) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പുതിയ മാറ്റത്തോടെ, നേരത്തെ ആയിരങ്ങളും ലക്ഷങ്ങളും ഡോളർ ചിലവഴിക്കേണ്ടി വന്നിരുന്ന മരുന്നുകൾക്ക് ഇനിമുതൽ പരമാവധി 25 ഡോളർ മാത്രമേ രോഗികൾ നൽകേണ്ടതുള്ളൂ. നിങ്ങൾക്ക് കൺസെഷൻ കാർഡ് (Concession card) ഉണ്ടെങ്കിൽ ഈ മരുന്നുകൾ വെറും 7.70 ഡോളറിന് ലഭിക്കും.
PBS-ൽ പുതുതായി ഉൾപ്പെടുത്തിയ പ്രധാന മരുന്നുകളും അവയുടെ പഴയ വിലയും:
എൽറനാറ്റമാബ് (Elranatamab – Elrexfio®): രക്താർബുദത്തിന്റെ വകഭേദമായ ‘റിലാപ്സ്ഡ് അല്ലെങ്കിൽ റിഫ്രാക്റ്ററി മൾട്ടിപ്പിൾ മൈലോമ’ (RRMM) ബാധിച്ചവർക്കുള്ള മരുന്നാണിത്. സാധാരണയായി 65 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സർക്കാരിന്റെ സബ്സിഡി ഇല്ലായിരുന്നെങ്കിൽ ഒരു സ്ക്രിപ്റ്റിന് (Script) രോഗികൾ $5,000 ഡോളർ നൽകേണ്ടി വരുമായിരുന്നു.
ഫെഡ്രാറ്റിനിബ് (Fedratinib – Inrebic®): രക്തകോശങ്ങളുടെ സാധാരണ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന അപൂർവ്വ രക്താർബുദമായ മൈലോഫൈബ്രോസിസ് (Myelofibrosis) ചികിത്സയ്ക്കായി ഈ മരുന്ന് ആദ്യമായാണ് PBS-ൽ ഉൾപ്പെടുത്തുന്നത്. സബ്സിഡി ഇല്ലാതെ ഇതിന് $6,000 ഡോളറാണ് വില.
ഗാരഡാസിമാബ് (Garadacimab – Andembry®): 12 വയസ്സിന് മുകളിലുള്ളവരിൽ ശരീരത്തിൽ അപ്രതീക്ഷിതമായി വലിയ രീതിയിലുള്ള നീർവീക്കം ഉണ്ടാക്കുന്ന പാരമ്പര്യ രോഗമായ ആൻജിയോഎഡിമ (HAE) തടയാനുള്ള മരുന്നാണിത്. സബ്സിഡി ഇല്ലായിരുന്നെങ്കിൽ ഇതിന് $30,000 ഡോളറിലധികം വിലവരുമായിരുന്നു.
ഗിവോസിറാൻ (Givosiran – Givlaari®): കരളിനെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കുന്ന ‘അക്യൂട്ട് ഹെപ്പാറ്റിക് പോർഫിറിയ’ (AHP) എന്ന അപൂർവ്വ ജനിതക രോഗമുള്ളവർക്കുള്ളതാണ് ഈ മരുന്ന്. സബ്സിഡി ഇല്ലാതെ വരുമ്പോൾ ഒരു സ്ക്രിപ്റ്റിന് ഏകദേശം $154,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് ഇതിന്റെ യഥാർത്ഥ വില! പ്രതിവർഷം 500-ഓളം ഓസ്‌ട്രേലിയക്കാർക്ക് ഈ സബ്സിഡിയുടെ ഗുണം ലഭിക്കും.
മൊഗമുലിസുമാബ് (Mogamulizumab – Poteligeo®): ചർമ്മത്തെയും രക്തത്തെയും ആന്തരികാവയവങ്ങളെയും ബാധിക്കുന്ന അപൂർവ്വ നോൺ-ഹോഡ്ജ്കിൻ ലിംഫോമയ്ക്കുള്ള (CTCL) മരുന്നാണിത്. ഈ മരുന്നിന് സബ്സിഡി ഇല്ലാതെ $9,000 ഡോളറാണ് വില.
സിലുകോപ്ലാൻ (Zilucoplan – Zilbrysq®): പേശികളുടെ കടുത്ത ബലഹീനതയ്ക്ക് കാരണമാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ മയസ്തീനിയ ഗ്രാവിസ് (Myasthenia gravis) ചികിത്സയ്ക്കുള്ള മരുന്നാണിത്. സബ്സിഡി ഇല്ലാതെ രോഗികൾ ഇതിന് $33,000 ഡോളർ നൽകേണ്ടി വരുമായിരുന്നു.
മന്ത്രിയുടെ പ്രതികരണം:
“കാൻസറും അപൂർവ്വ രോഗങ്ങളും ബാധിച്ച ഓസ്‌ട്രേലിയക്കാർക്ക് അവരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. പുതിയ PBS ലിസ്റ്റിംഗുകൾ രോഗികളുടെ ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കുകയും, ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാർക്ക് ഈ മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യും. എല്ലാവർക്കും വേഗത്തിൽ ചികിത്സ ലഭിക്കാനും കൂടുതൽ കാലം മികച്ച ജീവിതം നയിക്കാനും ഇത് സഹായിക്കും,” ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി.
2022 ജൂലൈ മുതൽ ആൽബനീസീ സർക്കാർ 431 പുതിയ മരുന്നുകൾക്കാണ് PBS-ലൂടെ അധിക ഫണ്ടിംഗ് നൽകി സാധാരണക്കാരിലേക്ക് എത്തിച്ചിട്ടുള്ളത്. ആരോഗ്യരംഗത്തെ ഈ വലിയ മുന്നേറ്റം, വലിയ ചികിത്സാ ചിലവുകളെ ഭയപ്പെടുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ഓസ്‌ട്രേലിയൻ ജനതയ്ക്കും വലിയൊരു ആശ്വാസമാണ് നൽകുന്നത്.