ഓസ്ട്രേലിയയിൽ മലയാളം പഠിക്കാൻ ഫണ്ട് പ്രഖ്യാപിച്ച് അൽബനിസീ സർക്കാർ
കാൻബെറ: ഓസ്ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ ഭാഷാ നൈപുണ്യം വളർത്തുന്നതിനുമായി സുപ്രധാന പ്രഖ്യാപനവുമായി ഫെഡറൽ സർക്കാർ. ‘ഏഷ്യൻ ഭാഷകളിലെ പ്രാവീണ്യം’ (Fluency in Asian Languages) എന്ന പദ്ധതിയുടെ ഭാഗമായി 2.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായമാണ് അൽബനീസ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി (ACT) എന്നിവിടങ്ങളിലെ ഒമ്പത് പ്രമുഖ ഓർഗനൈസേഷനുകൾക്കാണ് ഈ തുക അനുവദിക്കുക.
മലയാളവും പട്ടികയിൽ; ഗുണഭോക്താക്കൾ 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കായി സർക്കാർ മാറ്റിവെച്ചിട്ടുള്ള 25 ദശലക്ഷം ഡോളർ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിക്കുന്നത്. 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങി 20 ഏഷ്യൻ ഭാഷകൾ സുഗമമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതിയിലൂടെ സാധിക്കും. കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾ വഴി നടപ്പിലാക്കുന്ന പദ്ധതി വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയുമായും സാംസ്കാരിക പൈതൃകവുമായും ചേർന്നുനിൽക്കാനും, ഭാവിയിലെ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
മാക്വാരി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സർവ്വകലാശാലകൾ നേതൃത്വം നൽകുന്ന ദേശീയ പ്രാധാന്യമുള്ള പ്രോജക്റ്റുകളും ഈ ഫണ്ടിംഗിന്റെ ഭാഗമായി നടപ്പിലാക്കും.
ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കും ഏഷ്യൻ ഭാഷാ പഠനത്തിൽ രാജ്യത്തുണ്ടായ ഇടിവ് ഓസ്ട്രേലിയയുടെ താല്പര്യങ്ങളെയും സാമൂഹിക ഐക്യത്തെയും ബാധിച്ചിട്ടുണ്ടെന്നും, ഈ പോരായ്മ നികത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. 2023 മുതൽ ഇതുവരെ 40.6 ദശലക്ഷം ഡോളറാണ് കമ്മ്യൂണിറ്റി ലാംഗ്വേജ് സ്കൂളുകൾക്കായി ഓസ്ട്രേലിയൻ സർക്കാർ നിക്ഷേപിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് മികച്ച ഭാഷാ പ്രാവീണ്യം നേടിക്കൊടുക്കുന്നതിനായി 5 ദശലക്ഷം ഡോളർ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ഭാവി ശോഭനമാക്കുന്നതിൽ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് വ്യക്തമാക്കി. ഏഷ്യൻ ഭാഷകൾ പഠിക്കുന്നതിലൂടെ ഓസ്ട്രേലിയൻ യുവതയ്ക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും, സാംസ്കാരിക ബന്ധങ്ങൾ ദൃഢമാകുമെന്നും മന്ത്രിമാരായ ആൻ അലി, ജൂലിയൻ ഹിൽ എന്നിവർ ചൂണ്ടിക്കാട്ടി.
News by
Sajin Thiruvallam
News Editor

News Editor