അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം, ഇലക്ട്രിക് വാഹന നയം പുതിയ നിലപാടുകൾ വ്യക്തമാക്കി ഓസ്ട്രേലിയ

admin ഏപ്രിൽ 7, 2026
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം, ഇലക്ട്രിക് വാഹന നയം  പുതിയ നിലപാടുകൾ വ്യക്തമാക്കി ഓസ്ട്രേലിയ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ പ്രാദേശിക തലത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫെയർഫീൽഡിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി സ്റ്റഡി ഹബ്ബിന് 3.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് സർക്കാർ. ഇതിനുപുറമെ, രാജ്യത്തെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം, ഇലക്ട്രിക് വാഹന നയം (NVES), 31-ാമത് യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP31) വേദിയാകാനുള്ള ഓസ്ട്രേലിയയുടെ ശ്രമങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ, ഊർജ്ജ-കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകി.

ഉന്നതപഠനം ഇനി കൂടുതൽ അടുത്ത്
പ്രാദേശിക വിദ്യാർത്ഥികൾക്ക് സർവ്വകലാശാലാ പഠനം അപ്രാപ്യമാണെന്ന തോന്നൽ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയർഫീൽഡ് സ്റ്റഡി ഹബ്ബ് വികസിപ്പിക്കുന്നതെന്ന് മന്ത്രിമാർ വ്യക്തമാക്കി. പുതിയ 3.2 ദശലക്ഷം ഡോളർ നിക്ഷേപം വഴി ഹബ്ബിൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങളും മികച്ച അധ്യാപക സേവനവും ലഭ്യമാക്കും. 

കഴിഞ്ഞ വർഷം സർവ്വകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 4 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. അടുത്ത വർഷം ഇത് റെക്കോർഡ് തലത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൗണ്ട് ഡ്രൂയിറ്റ്, എമ്മർട്ടൺ, മാക്വാരി ഫീൽഡ്സ് എന്നിവിടങ്ങളിലെ ഹബ്ബുകൾ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ലിവർപൂൾ ഹബ്ബ് വരും ആഴ്ചകളിൽ തുറക്കും.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പുതിയ നയം :

ഓസ്‌ട്രേലിയൻ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതിനാണ് സർവ്വകലാശാലകൾ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നയതന്ത്ര ബന്ധങ്ങൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. 

സർവ്വകലാശാലാ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി, അടുത്ത വർഷം മുതൽ പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം (National Planning Level) 295,000 ആയി നിജപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊരു പൂർണ്ണമായ നിരോധനമല്ലെന്നും, മറിച്ച് വ്യവസ്ഥാപിതമായ ഒരു നിയന്ത്രണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇലക്ട്രിക് വാഹനങ്ങളും കാർബൺ ക്രെഡിറ്റ് വിവാദവും:

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ BYD കാറുകൾ രാജ്യത്ത് വൻതോതിൽ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ തള്ളി. പുതിയ വെഹിക്കിൾ എഫിഷ്യൻസി സ്കീമിലെ (NVES) ആനുകൂല്യങ്ങൾ ലക്ഷ്യമിട്ടല്ല ഈ ഇറക്കുമതിയെന്നും, മറിച്ച് ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ ഈ വാഹനങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര വിപണിയിൽ വാഹനങ്ങൾ എപ്പോൾ, എങ്ങനെ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കുന്നത് കമ്പനികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

COP31 കാലാവസ്ഥാ ഉച്ചകോടി വേദിക്കായുള്ള ശ്രമങ്ങൾ:

അടുത്ത കാലാവസ്ഥാ ഉച്ചകോടിക്ക് (COP31) വേദിയാകാനുള്ള ഓസ്ട്രേലിയയുടെ ശ്രമങ്ങൾ സജീവമായി തുടരുകയാണെന്ന് ക്രിസ് ബോവൻ അറിയിച്ചു. ഇതിനായി ഇതുവരെ 7 ദശലക്ഷം ഡോളർ ചെലവഴിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച പിന്തുണയുണ്ടെങ്കിലും, വേദിക്കായി രംഗത്തുള്ള മറ്റൊരു രാജ്യമായ തുർക്കിയുടെ (Türkiye) സമ്മതം കൂടി ലഭിച്ചാൽ മാത്രമേ ഓസ്‌ട്രേലിയക്ക് നറുക്കുവീഴുകയുള്ളൂ. ഇത് സംബന്ധിച്ച് തുർക്കി പ്രസിഡന്റുമായും മറ്റ് ഔദ്യോഗിക പ്രതിനിധികളുമായും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്രസീൽ മുന്നോട്ടുവെച്ച ട്രോപ്പിക്കൽ ഫോറസ്റ്റ്സ് ഫോറെവർ (Tropical Forests Forever Facility) എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് ഓസ്ട്രേലിയ സാമ്പത്തിക സഹായം നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉച്ചകോടിക്കിടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW