ക്യൂൻസ്‌ലാൻഡിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത
ക്യൂൻസ്‌ലാൻഡിൽ പുതിയതായി രൂപപ്പെടുന്ന ‘ഇരട്ട ന്യൂനമർദ്ദ’ (Twin tropical low) ഭീഷണി സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ (BOM) മുന്നറിയിപ്പ്. കോറൽ കടലിൽ (Coral Sea) രൂപപ്പെടുന്ന ’29U’, ഗൾഫ് ഓഫ് കാർപെന്റേറിയയിലെ ’31U’ എന്നീ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിൽ വടക്കൻ ഓസ്‌ട്രേലിയയിൽ ആശങ്ക സൃഷ്ടിക്കുന്നത്.
അടുത്തയാഴ്ചയോടെ ഇവ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കേവലം അഞ്ചു മുതൽ പത്തു ശതമാനം വരെ മാത്രമാണെങ്കിലും, വടക്കൻ മേഖലയിലാകെ മഴയും കൊടുങ്കാറ്റും ഗണ്യമായി വർദ്ധിക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റീറോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ഡീൻ നറമോർ വ്യക്തമാക്കി.
ഈ വാരാന്ത്യത്തിൽ സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക്, ഉൾനാടൻ പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ വരെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഡൂമാഡ്ജി (Doomadgee) പോലെയുള്ള പ്രദേശങ്ങളിൽ മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചുതുടങ്ങിയിട്ടുണ്ട്.
സമീപകാലത്തുണ്ടായ അതിതീവ്ര മഴയിൽ നിന്നും പ്രളയത്തിൽ നിന്നും ക്യൂൻസ്‌ലാൻഡ് സംസ്ഥാനം പൂർണ്ണമായും മുക്തമായിട്ടില്ല. നിലവിൽ സെൻട്രൽ, വെസ്റ്റേൺ മേഖലകളിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ, മൺസൂൺ പാത്തി (Monsoon trough) കൂടി സജീവമായി വീണ്ടും ശക്തമായ മഴയെത്തുന്നത് വലിയ വെല്ലുവിളിയാകും.
സംസ്ഥാനത്തുടനീളം പെട്ടെന്നുള്ള മിന്നൽ പ്രളയത്തിനും (Flash flooding), ഹൈവേകൾ ഉൾപ്പെടെയുള്ള റോഡുകൾ തകരാറിലാകാനും, വലിയ തോതിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേസമയം സംസ്ഥാനത്തിന്റെ കിഴക്കും പടിഞ്ഞാറുമായി രണ്ട് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്ന ഒരു അപൂർവ്വ പ്രതിഭാസം കൂടിയാണിത്.
ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾ
ടൗൺസ്‌വില്ലിന് കിഴക്കായി രൂപപ്പെടുന്ന 29U ഞായറാഴ്ചയോടെ കൂടുതൽ ശക്തിപ്രാപിച്ച് വടക്കൻ തീരത്തോട് അടുക്കാൻ സാധ്യതയുണ്ട്. അതേസമയം, ഗൾഫ് ഓഫ് കാർപെന്റേറിയയിലെ 31U ചൊവ്വാഴ്ചയോടെയാണ് പൂർണ്ണ ന്യൂനമർദ്ദമായി മാറുക.
ഫാർ നോർത്ത് ക്യൂൻസ്‌ലാൻഡ്, പോർട്ട് ഡഗ്ലസ്, തോർസ്‌ഡേ ഐലൻഡ്, ഡൂമാഡ്ജി, ബേർഡ്‌സ്‌വിൽ തുടങ്ങിയ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെറും 6 മണിക്കൂറിനുള്ളിൽ 80 മില്ലിമീറ്റർ വരെയും 24 മണിക്കൂറിൽ 130 മില്ലിമീറ്റർ വരെയും മഴ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം 300 മില്ലിമീറ്ററോളം മഴയാണ് ടൗൺസ്‌വിൽ വിമാനത്താവള പരിസരത്ത് ലഭിച്ചത്.
അടിയന്തര നിർദ്ദേശങ്ങൾ (SES Warnings)
സാഹചര്യം പെട്ടെന്ന് അപകടകരമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്ന് സംസ്ഥാന എമർജൻസി സർവീസ് (SES) അധികൃതർ അഭ്യർത്ഥിച്ചു. പ്രധാന നിർദ്ദേശങ്ങൾ:
അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കരുത്.
കാറ്റിലും മഴയിലും പറന്നുപോകാൻ സാധ്യതയുള്ള, വീടിന് പുറത്തുള്ള വസ്തുക്കളും ഫർണിച്ചറുകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
വൈദ്യുതി ബന്ധം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും പൂർണ്ണമായും ചാർജ് ചെയ്ത് സൂക്ഷിക്കുക.
കുട്ടികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിതമായി വീടിനുള്ളിൽ തന്നെ നിർത്തുക.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഭീഷണി വർദ്ധിക്കാനിടയുള്ളതിനാൽ, ജനങ്ങൾ BOM വെബ്‌സൈറ്റിലെ കാലാവസ്ഥാ അപ്‌ഡേറ്റുകളും SES അലേർട്ടുകളും കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.