7.5 ലക്ഷം വിസകൾ റദ്ദാക്കുമോ? ഓസ്ട്രേലിയൻ പ്രവാസികളെ ആശങ്കയിലാഴ്ത്തി വൺ നേഷൻ നയം
ഓസ്ട്രേലിയയുടെ കുടിയേറ്റ നയങ്ങളിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് പുതിയൊരു നിർദേശം. വരും വർഷങ്ങളിൽ താൽക്കാലിക വിസക്കാരുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറവ് വരുത്തുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്ന ഈ വൺ നേഷൻ മൈഗ്രേഷൻ പദ്ധതി രാജ്യത്തെ കാർഷിക, ആരോഗ്യ, നിർമ്മാണ മേഖലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഭരണ-പ്രതിപക്ഷ നേതാക്കളും വ്യവസായ പ്രമുഖരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
Click here to listen to this news…
വൺ നേഷൻ പ്രഖ്യാപിച്ചത് എന്താണ്?
പോളിൻ ഹാൻസൻ്റെ (Pauline Hanson) നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടി ഇന്ന് പുതിയ കുടിയേറ്റ നയം സംബന്ധിച്ച നിർദേശം പുറത്തുവിട്ടു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിലെ താൽക്കാലിക വിസക്കാരുടെ എണ്ണത്തിൽ 7.5 ലക്ഷത്തിലധികം കുറവ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ മൂന്ന് വർഷ കാലയളവിൽ രാജ്യത്തെ നെറ്റ് ഓവർസീസ് മൈഗ്രേഷൻ (Net Overseas Migration – NOM) നെഗറ്റീവ് നിരക്കിലേക്ക് എത്തിക്കാനും നിർദേശമുണ്ട്. അതിനുശേഷം പ്രതിവർഷമുള്ള കുടിയേറ്റക്കാരുടെ എണ്ണം 1,30,000 ആയി പരിമിതപ്പെടുത്തുമെന്നും പാർട്ടി വ്യക്തമാക്കുന്നു. പ്രധാനമായും അന്താരാഷ്ട്ര വിദ്യാർത്ഥികൾ, പഠനത്തിന് ശേഷം ജോലി ചെയ്യുന്ന ബിരുദധാരികൾ, ഡിപ്പൻഡൻ്റ് വിസയിലുള്ളവർ എന്നിവരെയാണ് ഈ നയം നേരിട്ട് ബാധിക്കുക. എന്നാൽ ഇത് കേവലം ഒരു പ്രതിപക്ഷ പാർട്ടിയുടെ നയം മാത്രമാണെന്നും നിലവിൽ രാജ്യത്തെ നിയമമല്ലെന്നും പ്രത്യേകം ഓർക്കേണ്ടതുണ്ട്.
I know Australians are doing it tough. Families are competing with hundreds of people for rental accommodation. Patients are stuck in ambulances because there are not enough hospital beds. Young Australians are being locked out of home ownership while wages and infrastructure… pic.twitter.com/wkrEfnCBbc
— Pauline Hanson 🇦🇺 (@PaulineHansonOz) September 13, 2026
സാമ്പത്തിക ആഘാതമെന്ന് ലേബറും കോളിഷനും
വൺ നേഷൻ പ്രഖ്യാപിച്ച നയത്തിനെതിരെ കടുത്ത വിമർശനമാണ് ഭരണ-പ്രതിപക്ഷ നിരയിൽ നിന്നും ഉയരുന്നത്. ഈ പദ്ധതി നടപ്പിലാക്കിയാൽ അത് ഓസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി-ജലവിഭവ വകുപ്പ് മന്ത്രി മറെ വാട്ട് (Murray Watt) പ്രതികരിച്ചു. പ്രത്യേകിച്ചും പ്രാദേശിക മേഖലകളെ ഇത് പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യാതൊരു കൃത്യമായ പഠനങ്ങളോ മോഡലിംഗോ ഇല്ലാതെയാണ് വൺ നേഷൻ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോളിഷൻ നേതാവ് ജെയ്ൻ ഹ്യൂം (Jane Hume) കുറ്റപ്പെടുത്തി. ഈ നടപടി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. നിർമ്മാണ, ആരോഗ്യ, വയോജന സംരക്ഷണ മേഖലകളെ ഇത് തകർക്കുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ട്ലർ (Mark Butler) വ്യക്തമാക്കി. ഇതിനുപുറമെ രാജ്യത്തെ പ്രമുഖ വ്യവസായ സംഘടനകളായ ACCI (Australian Chamber of Commerce and Industry), NFF (National Farmers’ Federation) എന്നിവരും ഈ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഔദ്യോഗിക കണക്കുകളും യാഥാർത്ഥ്യവും
രാഷ്ട്രീയ വിവാദങ്ങൾ മുറുകുമ്പോഴും ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെയും (ABS) ഹോം അഫയേഴ്സിന്റെയും ഔദ്യോഗിക കണക്കുകൾ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ വാർഷിക നെറ്റ് മൈഗ്രേഷൻ (NOM) ഏകദേശം 3,01,000 ആണ്. ഇത് 2027-28 ആകുമ്പോഴേക്കും 2,25,000 ആയി കുറയുമെന്നാണ് ബഡ്ജറ്റ് രേഖകൾ വ്യക്തമാക്കുന്നത്.
നിലവിൽ രാജ്യത്ത് ന്യൂസിലാൻഡ് പൗരന്മാർ ഉൾപ്പെടെ 30.27 ലക്ഷം താൽക്കാലിക വിസക്കാരാണുള്ളത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന നിയമവിരുദ്ധരായ ആളുകളുടെ എണ്ണം വൺ നേഷൻ പറയുന്നതുപോലെ 80,000 അല്ലെന്നും, മറിച്ച് 2025 ജൂൺ അവസാനത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത് 77,700 ആണെന്നും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, വൺ നേഷൻ പ്രഖ്യാപിച്ച ഈ നയം ഒരു നിയമമായി മാറിയിട്ടില്ലാത്തതിനാൽ, പ്രവാസികളോ വിദ്യാർഥികളോ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതൽ വിവരങ്ങൾക്ക് എപ്പോഴും ഹോം അഫയേഴ്സ് വെബ്സൈറ്റ് സന്ദർശിക്കുക.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ നിർദേശം ഓസ്ട്രേലിയൻ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്യുക.
News by
Sajin Thiruvallam
News Editor

News Editor