30,000 ഡോളർ വിലമതിക്കുന്ന കാണാതായ മക്കാവോ തത്ത എവിടെ? 1,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഉടമകൾ!
സിഡ്നിയിൽ കാണാതായ തത്ത സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെന്ന വാർത്തകൾക്കിടെ, യാഥാർഥ്യം പുറത്ത് വരുന്നു. സിഡ്നിയിലെ പ്രശസ്തമായ ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഡോൾട്ടൺ ഹൗസിൽ (Doltone House) നിന്നും രക്ഷപ്പെട്ട, ഏകദേശം $30,000 ഡോളർ വിലമതിക്കുന്ന അത്യപൂർവ്വയിനം മക്കാവോ തത്തയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പക്ഷിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് $1,000 ഡോളർ പാരിതോഷികം നൽകുമെന്ന് ഉടമസ്ഥർ പ്രഖ്യാപിച്ചു.
അത്യപൂർവ്വയിനം പക്ഷി; വില 30,000 ഡോളർ
സിഡ്നിയിലെ പിയർമോണ്ടിലുള്ള (Pyrmont) ഡോൾട്ടൺ ഹൗസിന്റെ റൂഫ്ടോപ്പിൽ നിന്നുമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ‘ട്വിസ്റ്റി’ (Twisty) എന്ന് പേരുള്ള ഈ തത്ത രക്ഷപ്പെട്ടത്. ഡോൾട്ടൺ ഹൗസിന്റെ സ്ഥാപകനായ പോൾ സിഗ്നോറെല്ലിയുടെ (Paul Signorelli) ഉടമസ്ഥതയിലുള്ളതാണ് രണ്ടര വയസ്സുള്ള ഈ അപൂർവ്വയിനം ലൂട്ടിനോ മക്കാവോ.
അബദ്ധത്തിൽ കൂടിന്റെ വാതിൽ തുറന്ന് കിടന്നതാണ് പക്ഷി പറന്നുപോകാൻ കാരണമായത്. കൃത്യമായ മരുന്നുകളും പ്രത്യേക ഭക്ഷണക്രമവും ആവശ്യമായ ഈ പക്ഷിക്ക് പുറത്തെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പോൾ സിഗ്നോറെല്ലി ആശങ്ക പ്രകടിപ്പിച്ചതായി 7NEWS റിപ്പോർട്ട് ചെയ്യുന്നു.
രക്ഷാപ്രവർത്തനങ്ങൾ പരാജയം
പക്ഷി രക്ഷപ്പെട്ടതിനെ തുടർന്ന് സിഡ്നിയിലെ വിവിധ ഭാഗങ്ങളിൽ വലിയ തിരച്ചിലാണ് നടന്നത്. ഡാർലിംഗ് ഹാർബറിലെ (Darling Harbour) ഒരു മരത്തിന് മുകളിൽ 15 മീറ്റർ ഉയരത്തിൽ പക്ഷിയെ കണ്ടെത്തിയെങ്കിലും താഴെയിറക്കാൻ കഴിഞ്ഞില്ല.
അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി വെള്ളം ചീറ്റി പക്ഷിയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. മറ്റൊരു മക്കാവോ തത്തയെയും ഭക്ഷണവും കാണിച്ച് ആകർഷിക്കാൻ ശ്രമിച്ചെങ്കിലും ട്വിസ്റ്റി അവിടെ നിന്നും പറന്നകന്നു എന്ന് 2GB റേഡിയോ റിപ്പോർട്ട് ചെയ്തു.
വ്യാജ പ്രചാരണങ്ങളും യാഥാർഥ്യവും
പക്ഷി സുരക്ഷിതമായി വീട്ടിൽ മടങ്ങിയെത്തിയതായി ചില കേന്ദ്രങ്ങളിൽ നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഓസ്ട്രേലിയൻ വാർത്താ ഏജൻസിയായ NewsWire ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ പക്ഷിയെക്കുറിച്ച് ഒരു വിവരവുമില്ല. നഗരമധ്യത്തിൽ ഇത്രയും വിലപിടിപ്പുള്ള ഒരു പക്ഷി സ്വതന്ത്രമായി വിഹരിക്കുന്നത് പൊതുജനങ്ങളിലും വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്.
News by
Sajin Thiruvallam
News Editor

News Editor