ഇന്ധന പ്രതിസന്ധി: സർക്കാരിന്റെ 20 മില്യൺ ഡോളറിന്റെ പരസ്യ ക്യാമ്പയിൻ വൻ പരാജയമെന്ന് പ്രതിപക്ഷം
ഓസ്ട്രേലിയൻ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന്റെ (20 മില്യൺ) ദേശീയ ഇന്ധന ബോധവൽക്കരണ ക്യാമ്പയിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. ആൽബനീസ് സർക്കാരിന്റെ ഈ നീക്കം നികുതിദായകരുടെ പണം പാഴാക്കുന്നതാണെന്നും യാതൊരു ഫലവുമില്ലാത്തതാണെന്നും ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട്ട് ഷാഡോ മന്ത്രി സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസിയും എനർജി ആൻഡ് എമിഷൻ റിഡക്ഷൻ ഷാഡോ മന്ത്രി ഡാൻ തെഹാനും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
മുന്നൊരുക്കങ്ങളില്ലാതെ സർക്കാർ; മന്ത്രിയുടെ കുറ്റസമ്മതം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ പരസ്യ ക്യാമ്പയിൻ രാജ്യത്തെ ഇന്ധന വിതരണത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്നതിനെക്കുറിച്ച് സർക്കാർ യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ സമ്മതിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പാർലമെന്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ, ജനങ്ങൾ പരസ്യത്തിലെ നിർദ്ദേശങ്ങൾ പാലിച്ചാൽ അത് മൊത്തത്തിലുള്ള ഇന്ധന വിതരണത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി വിവാദമാവുകയായിരുന്നു.
“വ്യക്തിപരമായ ഉപയോഗത്തിൽ ഇത് എന്ത് സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾക്കറിയാം… എന്നാൽ ഇതിനപ്പുറം ഈ ക്യാമ്പയിൻ രാജ്യത്ത് എന്ത് മാറ്റമുണ്ടാക്കുമെന്ന് മുൻകൂട്ടി കണക്കാക്കിയിട്ടില്ല,” മന്ത്രി വ്യക്തമാക്കി. നികുതിപ്പണം ഉപയോഗിച്ചുള്ള ഈ വൻ പരസ്യച്ചെലവിനെ “ഉപകാരപ്രദമായ ഒരു പൊതുവിവരം” എന്ന് മാത്രമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ജനങ്ങളെ ഉപദേശിക്കാൻ കോടികൾ പാഴാക്കുന്നു’ സർക്കാരിന്റെ നടപടി പണം വെള്ളത്തിലാക്കുന്നതിന് തുല്യമാണെന്ന് സെനറ്റർ ബ്രിഡ്ജറ്റ് മക്കെൻസി കുറ്റപ്പെടുത്തി. “ആരും മനപ്പൂർവ്വം ഇന്ധനം പാഴാക്കുന്നില്ല. ഇന്ധന വിലയിലുണ്ടാകുന്ന കുത്തനെയുള്ള വർദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്, അവർ അതിനനുസരിച്ച് ജാഗ്രതയോടെയാണ് പ്രതികരിക്കുന്നതും. ഈ സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറിൽ കാറ്റടിക്കാനും, ഇന്ധനം ലാഭിക്കാൻ കാറിനു മുകളിലെ റൂഫ് റാക്കുകൾ മാറ്റാനും ജനങ്ങളെ ഉപദേശിക്കാൻ മാത്രം ഇത്രയും വലിയ തുക ചിലവാക്കുന്ന സർക്കാരിന്റെ നടപടി തികച്ചും പരിഹാസ്യമാണ്,” അവർ പറഞ്ഞു.
‘വിലയേറിയ തമാശ; മന്ത്രി ഉറക്കത്തിലായിരുന്നു’ ഊർജ്ജ മന്ത്രി ക്രിസ് ബോവനെതിരെ ആഞ്ഞടിച്ച ഡാൻ തെഹാൻ, ഈ ക്യാമ്പയിനെ ‘വിലയേറിയ ഒരു തമാശ’ എന്നാണ് വിശേഷിപ്പിച്ചത്. ഈ പരസ്യം കൊണ്ട് ദേശീയതലത്തിൽ യാതൊരു പ്രയോജനവുമില്ലെന്ന് മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“കാറിന് മുകളിലെ റൂഫ് റാക്ക് മാറ്റാൻ ജനങ്ങളോട് പറയാൻ 20 ദശലക്ഷം ഡോളർ ചിലവാക്കുന്നത് അസംബന്ധമാണ്. തുടക്കം മുതൽ തന്നെ ഈ ദേശീയ ഇന്ധന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ക്രിസ് ബോവൻ പൂർണ്ണമായും പരാജയപ്പെട്ടു. പ്രതിസന്ധിയുടെ തുടക്കത്തിൽ അദ്ദേഹം പൂർണ്ണമായും അനാസ്ഥ കാണിച്ചു. സുപ്രധാന രേഖകൾ തയ്യാറാക്കുന്നതിൽ അഞ്ച് ദിവസത്തോളം വൈകി, നമ്മുടെ ഇന്ധന ശേഖരം അപകടകരമായ അവസ്ഥയിലാക്കി. രാജ്യത്ത് എവിടെയാണ് ഇന്ധനക്ഷാമം ഉള്ളതെന്നോ അവിടെ എങ്ങനെ ഇന്ധനം എത്തിക്കണമെന്നോ കണ്ടെത്താൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല,” ഡാൻ തെഹാൻ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor