പുതിയ ചികിത്സ: ക്യാൻസർ രോഗികൾക്ക് വൻ ആശ്വാസം
മെൽബൺ: മൾട്ടിപ്പിൾ മൈലോമ (ഒരു തരം രക്താർബുദം) ബാധിച്ച രോഗികൾക്ക് ആശ്വാസമായി ഫെഡറൽ സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം. രോഗികൾക്ക് ഏകദേശം രണ്ട് ലക്ഷം ഡോളർ ചിലവ് വരുന്ന അത്യാധുനിക ‘കാർ-ടി’ (CAR-T) സെൽ തെറാപ്പി ഇനി മുതൽ സർക്കാർ ഫണ്ടോടെ തികച്ചും സൗജന്യമായി ലഭിക്കും. ‘കർവിക്റ്റി’ (Carvykti) എന്ന് പേരിട്ടിരിക്കുന്ന ഈ ഒറ്റത്തവണ ചികിത്സാ രീതി ലഭ്യമാക്കുന്ന ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ രാജ്യവും ലോകത്തിലെ ആറാമത്തെ രാജ്യവുമായി ഓസ്ട്രേലിയ മാറി. മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി മാർക്ക് ബട്‌ലർ ആണ് ഇക്കാര്യം അറിയിച്ചത്.
മൾട്ടിപ്പിൾ മൈലോമ ബാധിച്ച് മറ്റ് ചികിത്സകളൊന്നും ഫലിക്കാത്ത രോഗികൾക്ക് ഇത് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. രോഗിയുടെ സ്വന്തം കോശങ്ങളെ വേർതിരിച്ചെടുത്ത് ജനിതക മാറ്റം വരുത്തിയ ശേഷം തിരികെ ശരീരത്തിലേക്ക് കടത്തിവിട്ട് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന നൂതന രീതിയാണിത്. വർഷങ്ങളോളം തുടർച്ചയായി ചികിത്സ തേടുന്നതിന് പകരം ഒറ്റത്തവണ മാത്രം നൽകുന്ന ഈ തെറാപ്പി രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ആൽഫ്രഡ് ആശുപത്രിയിലെ പ്രൊഫസർ ആൻഡ്രൂ സ്പെൻസർ വ്യക്തമാക്കി. ഈ ചികിത്സയിലൂടെ 30 ശതമാനത്തോളം രോഗികൾ അഞ്ച് വർഷത്തിന് ശേഷവും ക്യാൻസർ മുക്തരായി ജീവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൈലോമ ഓസ്‌ട്രേലിയ പോലുള്ള സംഘടനകളുടെ നിരന്തരമായ ഇടപെടലുകളാണ് ഈ വിപ്ലവകരമായ തീരുമാനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഓരോ വർഷവും നൂറുകണക്കിന് ഓസ്‌ട്രേലിയക്കാർക്ക് ഈ സൗജന്യ ചികിത്സയുടെ പ്രയോജനം ലഭിക്കും. അഞ്ച് വർഷം മുൻപ് രോഗം ബാധിച്ച് മരണത്തിന്റെ വക്കിലെത്തുകയും ഈ പുതിയ ചികിത്സയിലൂടെ പൂർണ്ണമായി രോഗമുക്തി നേടുകയും ചെയ്ത കാമറൂൺ ജോൺസ്റ്റൺ എന്ന വ്യക്തി തന്റെ അനുഭവങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു.
News by
Sajin Thiruvallam
News Editor

News Editor