അഡലെയ്ഡിൽ ലാൻഡിംഗിനിടെ ചെറുവിമാനം തകർന്നു

admin ഏപ്രിൽ 29, 2026
അഡലെയ്ഡിൽ ലാൻഡിംഗിനിടെ ചെറുവിമാനം തകർന്നു

ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ചെറുവിമാനം തകർന്ന് വൻ തീപിടുത്തം. നോർത്ത്  അഡലെയ്ഡിലെ പാരഫീൽഡ് എയർപോർട്ടിൽ (Parafield Airport) ഇന്ന്  ഉച്ചയ്ക്ക് 2.10-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വിമാനം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ കിംഗ്‌സ് റോഡിന് സമീപമുള്ള ഹാങ്ങറിലേക്ക് (വിമാനങ്ങൾ നിർത്തിയിടുന്ന കെട്ടിടം) നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്ന് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ഹാങ്ങറിനും വിമാനത്തിനും അതിരൂക്ഷമായി തീപിടിച്ചു. പ്രദേശമാകെ കനത്ത കറുത്ത പുക പടർന്നുകൊണ്ടിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ഹാങ്ങറിന് സമീപത്തുനിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. തീ അണയ്ക്കാനായി ഫയർഫോഴ്സ്, പോലീസ്, ആംബുലൻസ് യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിൽപ്പെട്ട വിമാനത്തിൽ പൈലറ്റിനെക്കൂടാതെ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചോ, അപകടസമയത്ത് ഹാങ്ങറിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചോ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവസ്ഥലത്ത് വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ടതായും, നിരവതി ഫയർ എഞ്ചിനുകൾ പാഞ്ഞെത്തുന്നത് കണ്ടത് വലിയ ഭീതിയുണ്ടാക്കിയെന്നും ദൃക്സാക്ഷികൾ പ്രതികരിച്ചു.

വിഷപ്പുക ശ്വസിക്കാതിരിക്കാൻ സമീപവാസികൾ വീടുകളുടെ ജനാലകളും വാതിലുകളും അടച്ചിടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അഡലെയ്ഡിലെ പ്രധാന പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൊന്നാണ് പാരഫീൽഡ് എയർപോർട്ട്. എയർപോർട്ട് അധികൃതരും സുരക്ഷാ ഏജൻസികളും അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ ജനങ്ങൾ നിർദേശങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW