ഫ്രാൻസിലെ ജി7 ഉച്ചകോടി: മുൻനിരയിൽ ഇന്ത്യ; ട്രംപുമായി കൂടിക്കാഴ്ച
ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ (Évian-les-Bains) നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയിൽ (Modi G7 Summit 2026) ലോക നേതാക്കൾക്കിടയിൽ തിളങ്ങി ഇന്ത്യ. ഉച്ചകോടിയുടെ ഭാഗമായി പുറത്തുവിട്ട ഔദ്യോഗിക ‘ഫാമിലി ഫോട്ടോയിൽ’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനുമൊപ്പം മുൻനിരയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനം പിടിച്ചത്. ആഗോള വേദിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന നിർണായക സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്.
ജി7 ഫാമിലി ഫോട്ടോയിൽ മുൻനിരയിൽ ഇന്ത്യ
ചൊവ്വാഴ്ച (ജൂൺ 16) ഉച്ചകോടിയുടെ രണ്ടാം ദിനത്തിലാണ് നേതാക്കളുടെ പരമ്പരാഗത ‘ഫാമിലി ഫോട്ടോ’ പകർത്തിയത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിനും (Emmanuel Macron) അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും (Donald Trump) ഒപ്പം മുൻനിരയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ (Keir Starmer), ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി (Giorgia Meloni), കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി (Mark Carney) തുടങ്ങി മറ്റ് ലോക നേതാക്കളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ചിത്രത്തിലുണ്ട്. മാക്രോൺ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. ഗ്ലോബൽ സൗത്ത് (Global South) രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് ഈ മുൻനിര സ്ഥാനം സൂചിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.
മോദി-ട്രംപ് സൗഹൃദം വീണ്ടും ചർച്ചയാകുന്നു
ഫാമിലി ഫോട്ടോയ്ക്ക് ശേഷം മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ വേദിയിൽ വെച്ച് ഹ്രസ്വമായ സൗഹൃദ സംഭാഷണം നടത്തി. ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിട്ട് കാണുന്നത്. ഇരു നേതാക്കളും തമ്മിലുള്ള വിശദമായ ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ സ്വിസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ഫ്രാൻസിലെ ഉച്ചകോടിയിൽ എത്തിയത്. “ആഗോള വിഷയങ്ങളിൽ ലോകനേതാക്കളുമായി സംവദിക്കാൻ കാത്തിരിക്കുന്നുവെന്നും, കൂടുതൽ സുസ്ഥിരമായ ഒരു ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും” പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു.
ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിർണായക പങ്കാളിത്തം
അതിഥി രാജ്യമായി ഇന്ത്യ 13-ാമത്തെ തവണയാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ ഏഴാമത്തെ തുടർച്ചയായ പങ്കാളിത്തം കൂടിയാണിത്. “പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തലും അന്താരാഷ്ട്ര ഐക്യദാർഢ്യം പുനർനിർമ്മിക്കലും” എന്ന വിഷയത്തിൽ നടക്കുന്ന വർക്കിംഗ് സെഷനിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
ഭൗമരാഷ്ട്രീയം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി, യുഎസ്-ഇറാൻ സമാധാന കരാർ ചർച്ചകൾ, നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഈ വർഷത്തെ ഉച്ചകോടിയിലെ പ്രധാന അജണ്ടകൾ. ബ്രസീൽ, ഈജിപ്ത്, കെനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയോടൊപ്പം ഔട്ട്റീച്ച് (Outreach) പങ്കാളികളായി ഉച്ചകോടിയിലുണ്ട്.
News by
Sajin Thiruvallam
News Editor

News Editor