കാൻബറയിൽ വൈൻ, മദ്യക്കുപ്പികൾക്ക് റീഫണ്ട്
കാൻബറ: ACT സർക്കാരിന്റെ ‘കണ്ടെയ്നർ ഡെപ്പോസിറ്റ് സ്കീം’ (Container Deposit Scheme) വിപുലീകരിക്കുന്നു. ഇതോടെ വൈൻ കുപ്പികൾ, സ്പിരിറ്റ് ബോട്ടിലുകൾ, വലിയ ജ്യൂസ് കണ്ടെയ്നറുകൾ എന്നിവ റീസൈക്കിൾ ചെയ്യുമ്പോൾ 10 സെന്റ് വീതം റീഫണ്ട് ലഭിക്കും. എന്നാൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ കാൻബറ നിവാസികൾ 2027 പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപോർട്ടുകൾ.
വൈൻ, സ്പിരിറ്റ് എന്നിവയുടെ ഗ്ലാസ് കുപ്പികൾ, കോർഡിയൽ കണ്ടെയ്നറുകൾ, നിലവിൽ പദ്ധതിയിലുള്ള ഫ്ലേവർഡ് മിൽക്ക്, ഫ്രൂട്ട് ജ്യൂസ് എന്നിവയുടെ വലിയ കണ്ടെയ്നറുകൾ എന്നിവയും ഇനി മുതൽ പദ്ധതിയുടെ ഭാഗമാകും. എന്നാൽ സാധാരണ പാൽ കുപ്പികൾ (Plain milk containers) ഈ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ന്യൂ സൗത്ത് വെയിൽസിലെ സമാനമായ പദ്ധതിയുമായി ഒത്തുപോകുന്നതിനും, നിർമ്മാതാക്കൾക്ക് പുതിയ ലേബലിംഗ്, അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾ എന്നിവ തയ്യാറാക്കുന്നതിനും സമയം നൽകാനാണ് 18 മാസത്തെ സാവകാശം നൽകിയിരിക്കുന്നത്.
ലക്ഷ്യങ്ങളും നേട്ടങ്ങളും:
പദ്ധതി വിപുലീകരിക്കുന്നതിലൂടെ ആദ്യ വർഷം 80 ലക്ഷം അധിക കുപ്പികൾ റീസൈക്കിൾ ചെയ്യപ്പെടും. തുടർന്നുള്ള വർഷങ്ങളിൽ ഇത് 13 ദശലക്ഷമായി ഉയരുമെന്ന് സർക്കാർ കണക്കാക്കുന്നു.
ഇതിലൂടെ ഏകദേശം 400 ടൺ മാലിന്യം ലാൻഡ്ഫില്ലുകളിൽ (Landfill) എത്തുന്നത് തടയാനാകും. 2018-ൽ പദ്ധതി ആരംഭിച്ചതുമുതൽ 440 ദശലക്ഷത്തിലധികം കണ്ടെയ്നറുകൾ എസിടിയിൽ റീസൈക്കിൾ ചെയ്തിട്ടുണ്ട്.
ക്വീൻസ്ലാൻഡിൽ നേരത്തെ ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ നേരിട്ട ഭരണപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനുമാണ് 2027 പകുതിയോടെ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. വെസ്റ്റേൺ ഓസ്ട്രേലിയ 2026 ജൂലൈയിലും നോർത്തേൺ ടെറിട്ടറി 2027 ഓഗസ്റ്റിലും സമാനമായ മാറ്റങ്ങൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്.