മെൽബണിലെ സുനിൽ ശർമ്മ തിരോധാന കേസ്: വ്യാജവാർത്തകൾ തള്ളി പൊലീസ്

admin ജൂൺ 6, 2026
മെൽബണിലെ സുനിൽ ശർമ്മ തിരോധാന കേസ്: വ്യാജവാർത്തകൾ തള്ളി പൊലീസ്

പഞ്ചാബിലെ അമൃത്സറിൽ അവധിക്ക് പോയ ഓസ്ട്രേലിയൻ പൗരനും മെൽബണിലെ അധ്യാപകനുമായ സുനിൽ ശർമ്മയെ കാണാതായ സംഭവം (Sunil Sharma missing Amritsar) സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തകൾ. അദ്ദേഹം കൊല്ലപ്പെട്ടുവെന്നും, പ്രതിയായ സഹോദരൻ കുറ്റം സമ്മതിച്ചുവെന്നുമുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേസിന്റെ ഇതുവരെയുള്ള യഥാർത്ഥ വിവരങ്ങളും അന്വേഷണ പുരോഗതിയും താഴെ വായിക്കാം.

സുനിൽ ശർമ്മ തിരോധാന കേസ്: യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

മെൽബണിലെ (ഡയമണ്ട് വാലി) ഗണിതശാസ്ത്ര അധ്യാപകനും പഞ്ചാബി വംശജനുമായ സുനിൽ ശർമ്മയെ (66) മെയ് 22 മുതലാണ് കാണാതായത്. റിട്ടയർമെന്റിന് മുന്നോടിയായി, ഫത്തേഗഡ് ചുരിയൻ റോഡിലെ ആഷിയാന എസ്റ്റേറ്റിലുള്ള തന്റെ വസ്തു വിൽക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്താനാണ് അദ്ദേഹം അമൃത്സറിൽ എത്തിയത്. മൊഹാലിയിലും ഇദ്ദേഹത്തിന് സ്വന്തമായി വീടുണ്ട്.

മെയ് 22 ന് രാവിലെയാണ് സുനിൽ അവസാനമായി കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടത്. അതിനുശേഷം അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഈ തിരോധാനം സംബന്ധിച്ച് അമൃത്സർ റൂറൽ പോലീസ് (കമ്പോ പോലീസ് സ്റ്റേഷൻ) തട്ടിക്കൊണ്ടുപോകലിന് (കിഡ്നാപ്പിംഗ്) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സഹോദരൻ പ്രധാന സംശയനിഴലിൽ

കേസിലെ പ്രധാന സംശയിക്കപ്പെടുന്ന വ്യക്തി സുനിലിന്റെ സഹോദരനായ സണ്ണി ശർമ്മയാണ്. സുനിലിനെ കാണാതായ ദിവസം മുതൽ സണ്ണിയും കുടുംബവും ഒളിവിലാണെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഹിമാചൽ പ്രദേശ് പോലീസിൽ മയക്കുമരുന്ന് (NDPS) കേസുമായി ബന്ധപ്പെട്ട് സണ്ണിക്കെതിരെ നിലവിൽ വാറണ്ട് ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട് ഇവരുടെ വീട് സന്ദർശിച്ചവരെ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

സുനിൽ ശർമ്മക്കൊപ്പം മകൾ സുരഭി ശർമ്മ

കൊലപാതക വാർത്തകൾ വ്യാജം

സുനിൽ ശർമ്മയെ കൊലപ്പെടുത്തിയെന്നും, മകന്റെ സഹായത്തോടെ മൃതദേഹം നദിയിൽ ഉപേക്ഷിച്ചുവെന്ന് സണ്ണി കുറ്റം സമ്മതിച്ചുവെന്നുമുള്ള തരത്തിൽ വാട്സ്ആപ്പിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. പോലീസ് ഇതുവരെ കൊലപാതകത്തിന് കേസെടുക്കുകയോ, മൃതദേഹം കണ്ടെടുക്കുകയോ ചെയ്തിട്ടില്ല. നിലവിൽ ഇതൊരു തിരോധാന കേസായി തന്നെയാണ് അന്വേഷിക്കുന്നത്. ഇത്തരം സ്ഥിരീകരിക്കാത്ത വാർത്തകൾ സമൂഹത്തിൽ പരിഭ്രാന്തി പരത്താൻ മാത്രമേ ഉപകരിക്കൂ.

ഓസ്ട്രേലിയയിലുള്ള മകൾ സുരഭി ശർമ്മ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് സഹായം അഭ്യർത്ഥിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പും (DFAT) ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷനും കുടുംബത്തിന് ആവശ്യമായ കോൺസുലാർ സഹായങ്ങൾ നൽകി വരുന്നുണ്ട്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW