നാല് വയസ്സുകാരന്റെ മരണം; അമ്മ അറസ്റ്റിൽ; വിറങ്ങലിച്ച് ഓസ്ട്രേലിയ
മുന്നറിയിപ്പ്: ഈ വാർത്തയിൽ ഒരു കൊലപാതകം നടന്നതായി പറയപ്പെടുന്നതിന്റെ ചില വിശദാംശങ്ങളിൽ വായനക്കാർക്ക് അസ്വസ്ഥതയുണ്ടാക്കാം.
ന്യൂ സൗത്ത് വെയ്‌ൽസ് സെൻട്രൽ കോസ്റ്റിലെ വയോങ്ങിൽ നാല് വയസ്സുകാരനായ ബാലൻ ക്രൂരമായി കൊല്ലപ്പെട്ട Wyong child murder case അന്വേഷണത്തിൽ നരഭോജന (Cannibalism) സാധ്യതയുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയായ 32 വയസ്സുകാരിയെ എൻ.എസ്.ഡബ്ല്യു പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരമാണ് വയോങ്ങിലെ ബൈറോൺ സ്ട്രീറ്റിലുള്ള ഫ്ലാറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Wyong child murder case: പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അമ്മ
ശനിയാഴ്ച വൈകുന്നേരം 4:40 ഓടെ പ്രതിയായ സ്ത്രീ വയോങ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ ബൈറോൺ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ എത്തി നടത്തിയ പരിശോധനയിലാണ് നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈകളിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്നും വളരെ ഭയാനകമായ അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ടഗ്ഗര ലേക്സ് പോലീസ് ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ചാർഡ് ഗില്ലിസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെയാണ് പ്രതിക്കെതിരെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റം ചുമത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം നിഷേധിച്ചു. വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നതെന്നും ഈ കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നരഭോജന സാധ്യത അന്വേഷിച്ച് ഫോറൻസിക് സംഘം
കുട്ടിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ അമ്മ ഭക്ഷിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഈ കേസിൽ നരഭോജന സാധ്യത പോലീസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊഴികളിൽ ദുരൂഹതയുള്ളതിനാൽ ഇവരുടെ ഡിഎൻഎ, രക്തസാമ്പിളുകൾ, നഖങ്ങൾ, വായുടെ ആന്തരിക ഭാഗങ്ങൾ എന്നിവ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ അനുമതി നൽകി. കുട്ടിയുടെ കൃത്യമായ മരണകാരണം അറിയാൻ കോറോണിയൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച തന്നെ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തുടർനടപടികളുടെ ഭാഗമായി പ്രതിയുടെ വാഹനമുൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെയും ഈ കുടുംബവുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ വിഭാഗത്തിന് (DCJ) വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ക്രൂരമായ ഈ കൊലപാതകത്തിന്റെ നടുക്കത്തിലാണ് വയോങ്ങിലെ പ്രാദേശിക സമൂഹം. കൊല്ലപ്പെട്ട കുട്ടിയുടെ സ്മരണയ്ക്കായി അപ്പാർട്ട്‌മെന്റിന് മുന്നിൽ നാട്ടുകാർ പൂക്കളും കളിപ്പാട്ടങ്ങളും അർപ്പിച്ചു.
News by
Sajin Thiruvallam
News Editor

News Editor