തത്സമയ പെട്രോൾ വിലവിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ പെട്രോൾ പമ്പുകൾക്കെതിരെ കർശന നടപടി

admin ഏപ്രിൽ 27, 2026
തത്സമയ പെട്രോൾ വിലവിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ പെട്രോൾ പമ്പുകൾക്കെതിരെ കർശന നടപടി

അഡലൈഡ് : തത്സമയ പെട്രോൾ വിലവിവരങ്ങൾ ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ പെട്രോൾ പമ്പുകൾക്കെതിരെ കർശന നടപടിയുമായി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ. ഏപ്രിൽ മാസത്തിൽ നടത്തിയ ഇന്ധന വില നിരീക്ഷണ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഒൻപത് പെട്രോൾ പമ്പുകൾക്ക് പിഴ ചുമത്തി. ഏതാണ്ട് 8,000 ഡോളറാണ് പിഴയായി ഈടാക്കിയത്. ഇതിനുപുറമെ പതിനൊന്ന് പമ്പുകൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് മാലിനൗസ്കാസ് ലേബർ സർക്കാർ (Malinauskas Labor Government).

തത്സമയ ഇന്ധന വിവരങ്ങൾ നൽകണമെന്ന നിയമം പെട്രോൾ പമ്പുകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഓഫീസ് ഓഫ് കൺസ്യൂമർ ആൻഡ് ബിസിനസ് അഫയേഴ്സ് (CBS) അഞ്ഞൂറിലധികം പരിശോധനകളാണ് സംസ്ഥാനത്തൊട്ടാകെ നടത്തിയത്. നിയമം ലംഘിക്കുന്ന പമ്പുകൾക്കുള്ള പിഴത്തുക കുത്തനെ വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ അടുത്തയാഴ്ച സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. പിഴ (expiation notices) നിലവിലെ 550 ഡോളറിൽ നിന്ന് 5000 ഡോളറായും, കോടതി വഴി ചുമത്താവുന്ന പരമാവധി പിഴ 10,000 ഡോളറിൽ നിന്ന് 20,000 ഡോളറായും വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കൂടാതെ, കൂടുതൽ സി.ബി.എസ് (CBS) ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 100 പരിശോധനകൾ കൂടി അധികമായി നടത്താനായി 1.2 ദശലക്ഷം ഡോളർ അനുവദിക്കുമെന്ന സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

സമീപകാല പരിശോധനകളിൽ പിഴ ചുമത്തപ്പെട്ട പമ്പുകൾ താഴെ പറയുന്നവയാണ്:

ബുൾസ് ഗാരേജ് കൂബർ പെഡി (2 പിഴകൾ): വിലയിലെ പൊരുത്തക്കേട് (അൺലെഡഡ് 91), ഇന്ധനം ലഭ്യമല്ല (ഡീസൽ).

കാൽടെക്സ് ബോർഡർടൗൺ (2 പിഴകൾ): വിലയിലെ പൊരുത്തക്കേട് (ഡീസൽ & അൺലെഡഡ് 91).

യുണൈറ്റഡ് സ്ട്രാതൽബിൻ: ഇന്ധനം ലഭ്യമല്ല (LPG).

ആംപോൾ റെൻമാർക്ക് ഡിപ്പോ: ഇന്ധനം ലഭ്യമല്ല (ഡീസൽ).

യുണൈറ്റഡ് ബെറി: ഇന്ധനം ലഭ്യമല്ല (LPG).

കറൂണ്ട ഫ്യൂവൽ സ്റ്റോപ്പ് (2 പിഴകൾ): ഇന്ധനം ലഭ്യമല്ല (ഡീസൽ & അൺലെഡഡ് 91).

എക്സ് കൺവീനിയൻസ് ഗുഡ്‌വുഡ്: ഇന്ധനം ലഭ്യമല്ല (അൺലെഡഡ് 91).

കാൽടെക്സ് പാർക്ക് ഹോം: ഇന്ധനം ലഭ്യമല്ല (LPG).

സോളോ എനർജി കോർപ്പറേഷൻ എഡിൻബർഗ് നോർത്ത്: ഇന്ധനം ലഭ്യമല്ല.

നിശ്ചിത സമയപരിധിക്കുള്ളിൽ തത്സമയ നിരീക്ഷണ സിസ്റ്റത്തിൽ ഇന്ധന വില പുതുക്കാതിരിക്കുകയോ, ഇന്ധനം സ്റ്റോക്കില്ലാത്ത സമയത്തും ലഭ്യമാണെന്ന് കാണിക്കുകയോ ചെയ്തതാണ് പ്രധാന നിയമലംഘനങ്ങൾ. തത്സമയ ഇന്ധനവില വിവര പദ്ധതി പ്രകാരം, പമ്പിലെ വിലയിൽ മാറ്റം വരുത്തി 30 മിനിറ്റിനുള്ളിൽ തന്നെ ഇന്ധന വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഡാറ്റാബേസിൽ റിപ്പോർട്ട് ചെയ്യേണ്ടത് നിർബന്ധമാണ്.

ഇതിലൂടെ ഡ്രൈവർമാർക്ക് പെട്രോൾ സ്പൈ (Petrol Spy), മോട്ടോർ മൗത്ത് (Motor Mouth), എസ്.എ ബൗസർ (SA Bowser), സെർവോ ട്രാക്ക് (ServoTrack), RAA തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി സൗജന്യമായി ഇന്ധനവില വിവരങ്ങൾ അറിയാൻ സാധിക്കും.

തത്സമയ വിലവിവരങ്ങൾ ഉപയോഗിക്കുന്ന സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു ശരാശരി ഡ്രൈവർക്ക് വർഷത്തിൽ 117 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് RAA-യുടെ കണക്കുകൂട്ടൽ. ഇതുവഴി സംസ്ഥാനത്തൊട്ടാകെ പ്രതിവർഷം 58 ദശലക്ഷം ഡോളറിന്റെ ലാഭമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ഏതെങ്കിലും പെട്രോൾ പമ്പ് നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ www.sa.gov.au/fuel-pricing വഴി കൺസ്യൂമർ ആൻഡ് ബിസിനസ് സർവീസസിനെ അറിയിക്കാവുന്നതാണ്.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW