South Australia IVF Rebate: ജൂലൈ 1 മുതൽ 4,000 ഡോളർ ധനസഹായം; ലിബറൽ ലീഡർക്കും പുതിയ അതിഥി
അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകി പുതിയ ഐവിഎഫ് റീബേറ്റ് (South Australia IVF Rebate) സ്കീം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഉയർന്ന ഫെർട്ടിലിറ്റി ചികിത്സാ ചെലവുകൾക്ക് ആശ്വാസമായി 4,000 ഡോളർ വരെയുള്ള ധനസഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്തെ ലിബറൽ പ്രതിപക്ഷ നേതാവ് ആഷ്‌ടൺ ഹേൺ (Ashton Hurn) രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷവാർത്തയും പുറത്തുവന്നിട്ടുണ്ട്.
ഐവിഎഫ് ചികിത്സയ്ക്ക് ഇനി മുതൽ സർക്കാർ സഹായം
പ്രീമിയർ പീറ്റർ മലിനൗസ്കസിന്റെ (Peter Malinauskas) നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സംസ്ഥാനത്തെ ആദ്യത്തെ IVF റീബേറ്റ് സ്കീമാണ് ജൂലൈ 1, 2026 മുതൽ ആരംഭിക്കുന്നത്. 2026-27 ബജറ്റിൽ 18.5 മില്യൺ ഡോളർ വകയിരുത്തിയിട്ടുള്ള ഈ പദ്ധതിയിലൂടെ, ഫെർട്ടിലിറ്റി ചികിത്സകൾക്കായി കുടുംബങ്ങൾ സ്വന്തം പോക്കറ്റിൽ നിന്നും ചിലവാക്കുന്ന വലിയൊരു തുക ലാഭിക്കാൻ സാധിക്കും.
സ്കീമിലൂടെ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ:
ഒരു IVF സൈക്കിളിന് 2,000 ഡോളർ റീബേറ്റ് (പരമാവധി രണ്ട് സൈക്കിളുകൾ വരെ).
പ്രീ-IVF ഫെർട്ടിലിറ്റി ടെസ്റ്റിംഗിന് 250 ഡോളർ റീബേറ്റ്.
ഇതിലൂടെ ഒരു കുടുംബത്തിന് ആകെ 4,000 ഡോളർ വരെ ധനസഹായം ലഭിക്കും.
Babies have been front of mind for both of South Australia’s political leaders for different reasons. Ashton Hurn is a new mother-to-be and Peter Malinauskas is helping those who are striving for IVF success. @mikesmithson7 pic.twitter.com/xkK0xkHbFb
— 7NEWS Adelaide (@7NewsAdelaide) June 29, 2026
ആർക്കൊക്കെയാണ് യോഗ്യത?
സൗത്ത് ഓസ്‌ട്രേലിയൻ റെസിഡന്റ് ആയവർക്കാണ് ഈ സ്കീമിന് യോഗ്യതയുള്ളത്. കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം 1,80,000 ഡോളറിൽ താഴെയായിരിക്കണം. അല്ലെങ്കിൽ ഫാമിലി ടാക്സ് ബെനഫിറ്റ്, ഹെൽത്ത് കെയർ കാർഡ് എന്നിവ ഉള്ളവരായിരിക്കണം. ജൂലൈ 1 മുതൽ രജിസ്റ്റർ ചെയ്ത ക്ലിനിക്കുകളിൽ നിന്ന് ചികിത്സ തേടുന്നവർക്ക് sahealth.sa.gov.au വഴി അപേക്ഷിക്കാവുന്നതാണ്. ഓസ്‌ട്രേലിയയിൽ നിലവിൽ 6 ദമ്പതികളിൽ ഒരാൾക്ക് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ സ്കീം മലയാളി സമൂഹമുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
കുടുംബത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ആഷ്‌ടൺ ഹേൺ
രാഷ്ട്രീയ തിരക്കുകൾക്കിടയിലും തങ്ങളുടെ കുടുംബം വീണ്ടും വലുതാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ലിബറൽ പ്രതിപക്ഷ നേതാവ് ആഷ്‌ടൺ ഹേൺ. ഭർത്താവ് ആദം ഹേണുമായി തന്റെ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന അവർ ഡിസംബറിലാണ് ജനനം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ രണ്ട് വയസ്സുള്ള മകൻ റൂപർട്ട് ഒരു ‘ബിഗ് ബ്രദർ’ ആകാൻ പോകുന്നതിന്റെ വലിയ ആവേശത്തിലാണെന്നും അവർ പറഞ്ഞു. ജോലിയും കുടുംബവും ഗർഭകാലവും ഒരുമിച്ച് കൊണ്ടുപോകുന്നത് പല അമ്മമാരെയും പോലെ തനിക്കും ശ്രമകരമാണെങ്കിലും, കുടുംബത്തിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
News by
Sajin Thiruvallam
News Editor

News Editor