ഓസ്‌ട്രേലിയ പോസ്റ്റിന്റെ വമ്പൻ പാർസൽ ഹബ്ബ് ബ്രിസ്‌ബേനിലെത്തി; ക്വീൻസ്‌ലാൻഡുകാർക്ക് ഇനി ഡെലിവറി അതിവേഗം
ബ്രിസ്‌ബേൻ: ഓൺലൈൻ ഷോപ്പിംഗ് രംഗത്തും വിതരണ ശൃംഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച് ഓസ്‌ട്രേലിയ പോസ്റ്റിന്റെ പുതിയ കൂറ്റൻ പാർസൽ ഹബ്ബ് ബ്രിസ്‌ബേൻ വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. പുതിയതായി നിർമ്മിച്ച ‘മൂക്കിൻ-യാബ ബ്രിസ്‌ബേൻ നോർത്ത് പാർസൽ ഫെസിലിറ്റി’ (Mookin-Yaba Brisbane North Parcel Facility) വാർത്താവിനിമയ-കായിക വകുപ്പ് മന്ത്രി അനിത വെൽസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആൽബനീസീ സർക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച ഈ വിപുലമായ സംവിധാനം വരുന്നതോടെ ക്വീൻസ്‌ലാൻഡുകാർക്ക് മുമ്പെന്നത്തേക്കാളും വേഗത്തിൽ ഇനി പാർസലുകൾ ലഭിക്കും.
ഓസ്‌ട്രേലിയ പോസ്റ്റിന്റെ ദേശീയ പാർസൽ നെറ്റ്‌വർക്കിൽ ഈ പുതിയ കേന്ദ്രം നിർണ്ണായക പങ്കുവഹിക്കും. ഓസ്‌ട്രേലിയ പോസ്റ്റിന്റെ നിലവിലെ ഏറ്റവും വലിയ ‘എയർ ആൻഡ് സ്പീഡ് ഹബ്ബ്’ ആണിത്.
പ്രതിദിനം 2.5 ലക്ഷം പാർസലുകൾ
പ്രതിദിനം 2,50,000 പാർസലുകൾ വരെ തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാൻ ഈ അത്യാധുനിക കേന്ദ്രത്തിന് ശേഷിയുണ്ട്. വിമാനത്താവളത്തിലെ എയർസൈഡിലേക്ക് നേരിട്ട് പ്രവേശനമുള്ളതിനാൽ (Direct airside access), പ്രാദേശിക-ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് ഉൾപ്പെടെ വളരെ വേഗത്തിൽ പാർസലുകൾ എത്തിക്കാൻ ഇതിലൂടെ സാധിക്കും. ആയിരക്കണക്കിന് ചെറുകിട-വൻകിട ബിസിനസ്സുകൾക്ക് കരുത്തുപകരുന്ന ഈ നീക്കം, നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
സുരക്ഷയ്ക്കും മുൻഗണന; നായ്ക്കൾക്കായി പ്രത്യേക മുറികൾ
പാർസൽ വിതരണത്തിനൊപ്പം ബയോസെക്യൂരിറ്റി ഉറപ്പാക്കുന്നതിനും പുതിയ ഹബ്ബിൽ പ്രത്യേക സംവിധാനങ്ങളുണ്ട്. കൃഷി-മത്സ്യബന്ധന-വന വകുപ്പിലെയും (Department of Agriculture, Fisheries and Forestry) ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സിലെയും ഉദ്യോഗസ്ഥർക്കായി ഇവിടെ പ്രത്യേക ഇടം അനുവദിച്ചിട്ടുണ്ട്.
പരിശോധനകൾക്കായി രാപ്പകൽ അധ്വാനിക്കുന്ന ഡിറ്റക്ടർ നായ്ക്കൾക്കായി (Detector dogs) പ്രത്യേകം സജ്ജീകരിച്ച വിശ്രമമുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നായ്ക്കൾക്ക് ശാന്തമായി വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ ശബ്ദശല്യമില്ലാത്തതും ഇരുട്ടുള്ളതും കാലാവസ്ഥാ നിയന്ത്രിതവുമായ (Climate controlled) മുറികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
മന്ത്രി അനിത വെൽസിന്റെ പ്രതികരണം:
“ക്വീൻസ്‌ലാൻഡിലെ വീടുകളിലേക്കും ബിസിനസ്സുകളിലേക്കുമുള്ള ഡെലിവറി വേഗതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ഈ അത്യാധുനിക കേന്ദ്രത്തിന് സാധിക്കും. കഴിഞ്ഞ വർഷം മാത്രം ക്വീൻസ്‌ലാൻഡുകാർ ഓൺലൈൻ ഷോപ്പിംഗിനായി ചെലവാക്കിയത് 17.8 ബില്യൺ ഡോളറാണ്. ഓൺലൈൻ ഷോപ്പിംഗ് വളരുന്നതിനനുസരിച്ച് വേഗത്തിലുള്ള ഡെലിവറിക്കുള്ള ആവശ്യകതയും വർദ്ധിക്കുകയാണ്. ഓസ്‌ട്രേലിയൻ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലും മികച്ച സാഹചര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് ഈ വ്യവസായത്തെ സർക്കാർ പിന്തുണയ്ക്കുന്നു. നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും രാജ്യത്തെ എല്ലാ ജനങ്ങൾക്കും മികച്ച സേവനം നൽകാൻ ഓസ്‌ട്രേലിയ പോസ്റ്റിനെ പ്രാപ്തമാക്കുന്നതാണ് ഈ പുതിയ നിക്ഷേപം.”
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ബിസിനസ്സുകളെയും ബന്ധിപ്പിക്കുന്നതിൽ ഓസ്‌ട്രേലിയ പോസ്റ്റ് വഹിക്കുന്ന പങ്ക് വലുതാണെന്നും, മാറുന്ന കാലഘട്ടത്തിനനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
News by
Sajin Thiruvallam
News Editor

News Editor