സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടുംബങ്ങൾക്കും ചെറുകിട ബിസിനസ്സുകൾക്കും വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

admin ഏപ്രിൽ 1, 2026
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടുംബങ്ങൾക്കും ചെറുകിട ബിസിനസ്സുകൾക്കും വൻ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്നും ഓസ്‌ട്രേലിയൻ ജനതയെ സംരക്ഷിക്കുന്നതിനായി പുതിയ സാമ്പത്തിക ഇളവുകളും സഹായങ്ങളും പ്രഖ്യാപിച്ച് ആൽബനീസീ  സർക്കാർ. ബിസിനസ്സ്, ധനകാര്യ മേഖലകളുമായി സഹകരിച്ചാണ് കുടുംബങ്ങൾക്കും ചെറുകിട ബിസിനസുകൾക്കും ആശ്വാസമാകുന്ന ഈ പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത്.

ട്രഷറർ ജിം ചാൽമേഴ്സ് (Jim Chalmers), ചെറുകിട ബിസിനസ്സ്-മൾട്ടികൾച്ചറൽ വകുപ്പ് മന്ത്രി ആൻ അലി (Anne Aly), അസിസ്റ്റന്റ് ട്രഷറർ ഡാനിയൽ മുളീനോ (Daniel Mulino) എന്നിവർ ചേർന്നാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

നികുതി അടയ്ക്കാൻ കൂടുതൽ സാവകാശം (ATO Relief)

ഇന്ധന വിതരണത്തിലെ തടസ്സങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം കൃത്യസമയത്ത് നികുതി അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ബിസിനസ്സുകൾക്ക് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് (ATO) താൽക്കാലിക ഇളവുകൾ നൽകും.

ഇതിന്റെ ഭാഗമായി പിഴകളും (Penalties) പലിശയും ഒഴിവാക്കുകയും, എളുപ്പത്തിലുള്ള പേയ്‌മെന്റ് പ്ലാനുകൾ അനുവദിക്കുകയും ചെയ്യും.

വരുമാനം കുറഞ്ഞവർക്ക് PAYG ഇൻസ്റ്റാൾമെന്റുകളിൽ മാറ്റം വരുത്താൻ അവസരമുണ്ടാകും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങളിൽ കർശനമായ കടം ഈടാക്കൽ നടപടികൾ (Debt collection actions) താൽക്കാലികമായി നിർത്തിവെക്കും.

ഈ ഇളവുകൾ ലഭിക്കുന്നതിനായി ATO ഒരു പ്രത്യേക ഹെൽപ്പ്‌ലൈൻ ചാനൽ ആരംഭിച്ചിട്ടുണ്ട്. വ്യക്തികൾക്ക് നേരിട്ടോ അല്ലെങ്കിൽ നിങ്ങളുടെ ടാക്സ് ഏജന്റ് വഴിയോ ഇതിനായി അപേക്ഷിക്കാം.

ചെറുകിട ബിസിനസ്സുകൾക്ക് എളുപ്പത്തിൽ വായ്പ

ചെറുകിട ബിസിനസ്സുകൾക്ക് വേഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനായി ‘സ്മോൾ ബിസിനസ് റെസ്പോൺസിബിൾ ലെൻഡിംഗ് ഒബ്ലിഗേഷൻ’ (Small Business Responsible Lending Obligation) പരിധിയിലുള്ള ഇളവ് അടുത്ത 10 വർഷത്തേക്ക് കൂടി സർക്കാർ നീട്ടിയിട്ടുണ്ട്. ലോണുകൾ എടുക്കുമ്പോഴുള്ള കാലതാമസവും അനാവശ്യമായ പേപ്പർ വർക്കുകളും ഒഴിവാക്കാൻ ഇത് സംരംഭകരെ സഹായിക്കും.

ബാങ്കിംഗ് – ധനകാര്യ മേഖലയുടെ പിന്തുണ

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കർഷകരെയും ചെറുകിട ബിസിനസ്സുകളെയും കുടുംബങ്ങളെയും സഹായിക്കാൻ ഓസ്‌ട്രേലിയയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രത്യേക സംഘങ്ങൾക്ക് (Specialist teams) രൂപം നൽകിയിട്ടുണ്ട്.

നിങ്ങളുടെ സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിച്ച് ലോൺ തിരിച്ചടവുകൾക്ക് താൽക്കാലിക അവധി നൽകുക (Payment deferrals), ലോണുകൾ പുനഃക്രമീകരിക്കുക (Loan restructuring), അടിയന്തര സാഹചര്യങ്ങളിൽ ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കുക തുടങ്ങിയ സൗകര്യങ്ങൾ ബാങ്കുകൾ നൽകും.

സഹായം ആവശ്യമുള്ളവർക്ക് അത് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് ബോധവൽക്കരിക്കാൻ ഓസ്‌ട്രേലിയൻ ബാങ്കിംഗ് അസോസിയേഷൻ (ABA) വരും ദിവസങ്ങളിൽ ‘Don’t tough it out on your own‘ എന്ന പേരിൽ പുതിയൊരു ക്യാമ്പയിനും ആരംഭിക്കുന്നുണ്ട്.

മറ്റ് കോർപ്പറേറ്റ് – ഇൻഷുറൻസ് ഇളവുകൾ

ഇൻഷുറൻസ്: ഇൻഷുറൻസ് പ്രീമിയങ്ങളിൽ ഇളവുകൾ നൽകാൻ ഇൻഷുറൻസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ (ICA) തീരുമാനിച്ചിട്ടുണ്ട്. പ്രീമിയം തുകയിൽ മാറ്റങ്ങൾ വരുത്താൻ ബിസിനസ്സുകൾക്ക് അവരുടെ ഇൻഷുറൻസ് കമ്പനികളുമായി സംസാരിക്കാവുന്നതാണ്.

ബിൽ പേയ്‌മെന്റുകൾ: സപ്ലയർമാർക്ക് വേഗത്തിൽ പണം നൽകാനും, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഉപഭോക്താക്കൾക്ക് കൺസെഷൻ ഡിസ്കൗണ്ടുകൾ, ബില്ലുകൾ അടയ്ക്കാൻ സാവകാശം (Bill pauses), പലിശയില്ലാത്ത പേയ്‌മെന്റ് പ്ലാനുകൾ എന്നിവ അനുവദിക്കാനും ബിസിനസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയും (BCA) തീരുമാനിച്ചിട്ടുണ്ട്.

എന്ത് ചെയ്യണം?

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓസ്‌ട്രേലിയൻ മലയാളികൾ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റയ്ക്ക് കഷ്ടപ്പെടാതെ, നിങ്ങളുടെ ബാങ്ക്, കറന്റ്/ഗ്യാസ് വിതരണക്കാർ (Energy retailer), മൊബൈൽ-ഇന്റർനെറ്റ് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാൻ സർക്കാർ അഭ്യർത്ഥിക്കുന്നു. ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഹാർഡ്‌ഷിപ്പ് പ്രോഗ്രാമുകൾ (Hardship programs) നിലവിലുള്ളതിനാൽ നിങ്ങളുടെ സാമ്പത്തിക ഭാരം ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കും.

 


RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW