മെൽബൺ നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ‘സബർബൻ റെയിൽ ലൂപ്പ്’
മെൽബൺ: വിക്ടോറിയയുടെ സാമ്പത്തിക, ഗതാഗത മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ ‘സബർബൻ റെയിൽ ലൂപ്പ് (SRL) ഈസ്റ്റ്’ പദ്ധതിക്കായി 3.8 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസീ. 2026-ലെ ഫെഡറൽ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ പുതിയ നിക്ഷേപത്തോടെ പദ്ധതിക്കായുള്ള ഫെഡറൽ സർക്കാരിന്റെ മൊത്തം വിഹിതം 6 ബില്യൺ ഡോളറായി ഉയർന്നു.
മെൽബണിന്റെ കിഴക്ക്, തെക്ക്-കിഴക്കൻ പ്രാന്തപ്രദേശങ്ങളിലൂടെ 26 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന പുതിയ ഭൂഗർഭ റെയിൽ പാതയാണ് എസ്.ആർ.എൽ ഈസ്റ്റ്. ചെൽട്ടൻഹാം, ഗ്ലെൻ വേവർലി, ബോക്സ് ഹിൽ, ക്ലേട്ടൺ എന്നീ പ്രധാന സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാത മെൽബൺ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സിറ്റി സെന്ററിലേക്ക് പോകാതെ തന്നെ ആളുകൾക്ക് വിവിധ സബർബുകളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഇത് വഴിയൊരുക്കും.
ഗതാഗത സൗകര്യങ്ങൾക്ക് പുറമെ വൻ സാമ്പത്തിക കുതിച്ചുചാട്ടവും ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നിർമ്മാണ വേളയിൽ 3,000 പേർക്കും ദീർഘകാലാടിസ്ഥാനത്തിൽ 8,000 പേർക്കും തൊഴിൽ ലഭിക്കും. പുതിയ റെയിൽ ശൃംഖല വരുന്നതോടെ ഈ മേഖലയിൽ 70,000 പുതിയ ഭവനങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ഈ വർഷം അവസാനത്തോടെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും 2035-ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ അറിയിച്ചു.