പെർത്തിൽ ലഘുവിമാനം ഇടിച്ചിറക്കി; രണ്ട് പേർക്ക് അത്ഭുത രക്ഷപ്പെടൽ
പെർത്ത്: പെർത്തിലെ ജാൻഡകോട്ട് (Jandakot) വിമാനത്താവളത്തിൽ ലഘുവിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ നിന്ന് രണ്ട് പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു സംഭവം.
30 വയസ്സുള്ള രണ്ട് യുവാക്കളാണ് ‘എഡിഐ സ്റ്റാലിയൻ’ (ADI Stallion) എന്ന വിമാനത്തിൽ ഉണ്ടായിരുന്നത്. പറക്കുന്നതിനിടെ വിമാനത്തിന് വൈദ്യുത തകരാർ (electrical issues) അനുഭവപ്പെട്ടതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് അടിയന്തരമായി നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻചക്രം (nosewheel) തകരുകയായിരുന്നു. റൺവേയുടെ വശത്തായി വിമാനം മൂക്കുകുത്തി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ജാൻഡകോട്ടിൽ 2024 ഏപ്രിലിൽ ഉണ്ടായ വിമാന അപകടത്തിൽ ഒരു പൈലറ്റ് മരിച്ചിരുന്നു.
Photo credit : 7 News
