ഓസ്‌ട്രേലിയൻ കുടിയേറ്റത്തിൽ പുതിയ വിസ മാറ്റങ്ങൾ വന്നോ? കാത്തിരിക്കുന്നവർ അറിയേണ്ട സത്യങ്ങൾ

Sajin Thiruvallam സെപ്റ്റംബർ 10, 2026
ഓസ്‌ട്രേലിയൻ കുടിയേറ്റത്തിൽ  പുതിയ വിസ മാറ്റങ്ങൾ വന്നോ?  കാത്തിരിക്കുന്നവർ  അറിയേണ്ട സത്യങ്ങൾ

ഓസ്‌ട്രേലിയയിലേക്ക് പുതിയൊരു സ്കിൽഡ് വിസ സബ്‌ക്ലാസ് പ്രഖ്യാപിച്ചുവെന്നും, വിസകൾക്കായുള്ള പുതിയ ക്ഷണങ്ങൾ ഇന്ന് മുതൽ നൽകിത്തുടങ്ങിയെന്നുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ സത്യത്തിൽ ഇമിഗ്രേഷൻ വകുപ്പ് ഇന്ന് അത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? സ്കിൽഡ് ഇൻഡിപെൻഡന്റ് വിസയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം യഥാർത്ഥത്തിൽ ഈ വാർത്തകളെ എങ്ങനെ നോക്കിക്കാണണം?

Click here to listen to this news…

പുതിയ വിസയോ റൗണ്ടോ പ്രഖ്യാപിച്ചിട്ടില്ല

ഇന്ന്  ഹോം അഫയേഴ്‌സ് വകുപ്പ് പുതിയൊരു വിസ സബ്‌ക്ലാസ് അവതരിപ്പിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കൂടാതെ, സബ്‌ക്ലാസ് 189-നായുള്ള പുതിയ ക്ഷണങ്ങളൊന്നും (SkillSelect invitations) ഇന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടുമില്ല.

ഔദ്യോഗിക സ്കിൽസെലക്ട് വെബ്സൈറ്റ് പ്രകാരം, അടുത്ത 189 ഇൻവിറ്റേഷൻ റൗണ്ട്  മാസം 30 –ന് മുൻപായി നടക്കാനാണ് സാധ്യത (expected to be held by 30 September 2026). ഇതൊരു പ്രതീക്ഷ മാത്രമാണ്, അല്ലാതെ ഉറപ്പായ തീയതിയല്ല. ഏറ്റവും ഒടുവിൽ 4 ജൂൺ 2026-നാണ് 10,000 പേർക്ക് 189 വിസയ്ക്കുള്ള ക്ഷണം ലഭിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇതുവരെ ഔദ്യോഗികമായി ആർക്കും ക്ഷണം ലഭിച്ചിട്ടില്ല.

170,000 വിസ പരിധിയും യാഥാർത്ഥ്യവും

രാഷ്ട്രീയ തലത്തിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. പ്രധാനമന്ത്രി Anthony Albanese-യും പ്രതിപക്ഷ നേതാവായ Angus Taylor-ഉം കഴിഞ്ഞ ദിവസം  കുടിയേറ്റ നയങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

ഓസ്‌ട്രേലിയയിലേക്കുള്ള അറ്റ കുടിയേറ്റം അഥവാ നെറ്റ് ഓവർസീസ് മൈഗ്രേഷൻ (NOM) നിലവിൽ 170,000 ആയി പരിമിതപ്പെടുത്തണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നതെന്ന് ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ (AFR) റിപ്പോർട്ട് ചെയ്യുന്നു. 2026–27 ലെ ഔദ്യോഗിക ബജറ്റ് പ്രവചനം പ്രകാരം ഇത് 245,000 ആണ്. അതായത് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ബജറ്റ് പ്രവചനത്തേക്കാൾ 75,000 കുറവാണ്. എന്നാൽ ഇത് പ്രതിപക്ഷത്തിന്റെ നിർദ്ദേശം മാത്രമാണെന്നും, നിയമമായി മാറിയിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ ഓർക്കേണ്ടതുണ്ട്. സ്ഥിര കുടിയേറ്റ പ്രോഗ്രാമിന്റെ (Permanent Migration Program) പ്ലാനിംഗ് ലെവൽ ഇപ്പോഴും 185,000 ആയി തന്നെ തുടരുകയാണ്.

“റേസ് ടു ദി ബോട്ടം”: മലിനൗസ്‌കാസിന്റെ മുന്നറിയിപ്പ്

കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ഈ രാഷ്ട്രീയ മത്സരത്തിനെതിരെ സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ Peter Malinauskas ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

സിഡ്‌നി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ, കുടിയേറ്റം കുറയ്ക്കാനുള്ള ഈ രാഷ്ട്രീയ നീക്കങ്ങളെ അദ്ദേഹം “റേസ് ടു ദി ബോട്ടം” (race to the bottom) എന്നും “ഭ്രാന്തമായ നടപടി” (madness) എന്നുമാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സ്കിൽഡ് മൈഗ്രേഷൻ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റ നയങ്ങളിൽ മാറ്റങ്ങൾ വരുമെന്ന ചർച്ചകൾ പുരോഗമിക്കുമ്പോഴും, വ്യാജ വാർത്തകളിൽ വഞ്ചിതരാകാതിരിക്കുക. വ്യക്തിഗത വിസ സംശയങ്ങൾക്കും പുതിയ അപ്‌ഡേറ്റുകൾക്കും നിങ്ങളുടെ ImmiAccount, ഔദ്യോഗിക സ്കിൽസെലക്ട് പേജ് എന്നിവ മാത്രം ആശ്രയിക്കുക.

നിങ്ങളുടെ അഭിപ്രായം: ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ ചർച്ചകൾ സ്കിൽഡ് വർക്കർമാരുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ പ്രതികരണങ്ങൾ കമന്റായി രേഖപ്പെടുത്തുക.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW