സിഡ്നിയിൽ ബസ് മെഡിക്കൽ സെന്ററിലേക്ക് ഇടിച്ചുകയറി; 9 പേർക്ക് പരിക്ക്
സിഡ്നി: നോർത്ത് സിഡ്നിയിലെ റൈഡിൽ (Ryde) യാത്രാ ബസ് മെഡിക്കൽ സെന്ററിലേക്ക് ഇടിച്ചുകയറി 9 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ലെയ്ൻ കോവ് റോഡും (Lane Cove Rd) എപ്പിംഗ് റോഡും ചേരുന്ന ഇന്റർസെക്ഷനിൽ വെച്ചായിരുന്നു അപകടം.
ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ ഫിസിയോതെറാപ്പി സെന്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ, കാർ ഡ്രൈവർ, ഒരു ബസ് യാത്രക്കാരൻ എന്നിവരെ റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
നിസാര പരിക്കേറ്റ മറ്റ് ആറുപേർക്ക് പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്ത് വെച്ചുതന്നെ ചികിത്സ നൽകി. അപകടത്തെത്തുടർന്ന് മെഡിക്കൽ സെന്ററിലുണ്ടായിരുന്ന മുപ്പതോളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ന്യൂ സൗത്ത് വെയിൽസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.