ഒടുവിൽ അവർ തിരിച്ചെത്തി ; ISIS ബന്ധമുള്ള 3 വനിതകൾ അറസ്റ്റിൽ
സിറിയയിലെ അൽ റോജ് അഭയാർത്ഥി ക്യാമ്പിൽ നിന്നും വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ ഐ.എസ്.ഐ.എസ് (ISIS) ബന്ധമുള്ള മൂന്ന് വനിതകളെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) അറസ്റ്റ് ചെയ്തു. ഒൻപത് കുട്ടികളുൾപ്പെടെയുള്ള 13 അംഗ സംഘം ഖത്തറിലെ ദോഹ വഴി മെൽബൺ, സിഡ്നി വിമാനത്താവളങ്ങളിൽ ഇന്ന് എത്തിയതിന് പിന്നാലെയായിരുന്നു നടപടി.
മെൽബണിൽ പിടിയിലായ കൗസർ അബ്ബാസ് (53), സെയ്നബ് അഹമ്മദ് (31) എന്നിവർക്കെതിരെ അടിമവ്യാപാരം ഉൾപ്പെടെയുള്ള കടുത്ത മനുഷ്യത്വവിരുദ്ധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് പരമാവധി 25 വർഷം വരെ തടവ് ലഭിക്കാം.
സിഡ്നിയിൽ അറസ്റ്റിലായ ജനായ് സഫാറിനെതിരെ (32) ഭീകരസംഘടനയുമായി ബന്ധം പുലർത്തിയതിനും നിരോധിത മേഖലകളിൽ പ്രവേശിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 2015 മുതൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് ഫെഡറൽ പൊലീസ് കൗണ്ടർ ടെററിസം അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് വ്യക്തമാക്കി. പ്രതികളെ മെൽബൺ, സിഡ്നി കോടതികളിൽ ഹാജരാക്കും.
ഐ.എസ് സാമ്രാജ്യം തകർന്നതിന് ശേഷം വർഷങ്ങളായി സിറിയൻ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ‘ഐ.എസ്.ഐ.എസ് ബ്രൈഡ്സ്’ എന്ന് വിളിക്കപ്പെടുന്നവരാണ് ഇവർ. വിദേശത്ത് കുടുങ്ങിയ ഇവർക്ക് പുതിയ പാസ്പോർട്ടുകൾ നൽകിയെങ്കിലും മടക്കയാത്രയ്ക്ക് സർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നില്ല. രാജ്യസുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ നിയമത്തിന്റെ പൂർണ്ണ പ്രഹരം നേരിടേണ്ടി വരുമെന്നും ഓസ്ട്രേലിയൻ ഹോം അഫയേഴ്സ് മന്ത്രി ടോണി ബർക്ക് മുന്നറിയിപ്പ് നൽകി.
സംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ക്ഷേമം ബന്ധപ്പെട്ട ചൈൽഡ് കെയർ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യത്വപരമായ വശങ്ങളും പരിഗണിക്കേണ്ട സങ്കീർണ്ണമായ അവസ്ഥയിലാണ് അധികൃതർ ഇപ്പോൾ.
News by
Sajin Thiruvallam
News Editor

News Editor