സിഡ്നിയിൽ സിനിമാ സ്റ്റൈൽ കാർ ചേസിങ്; മോഷ്ടിച്ച വാഹനവുമായി കടന്ന മൂന്നുപേർ പിടിയിൽ, തോക്കുകൾ പിടിച്ചെടുത്തു

admin ഏപ്രിൽ 11, 2026
സിഡ്നിയിൽ സിനിമാ സ്റ്റൈൽ കാർ ചേസിങ്; മോഷ്ടിച്ച വാഹനവുമായി കടന്ന മൂന്നുപേർ പിടിയിൽ, തോക്കുകൾ പിടിച്ചെടുത്തു

സിഡ്നി: സിഡ്നിയുടെ പടിഞ്ഞാറൻ മേഖലയെ മണിക്കൂറുകളോളം മുൾമുനയിലാക്കി പൊലീസും ഗുണ്ടാസംഘവും തമ്മിൽ നാടകീയമായ കാർ ചേസിങ്. ഇന്ന്  ഉച്ചയ്ക്ക് 2.25-ഓടെ ആരംഭിച്ച സംഭവബഹുലമായ പിന്തുടരലിനൊടുവിൽ മോഷ്ടിച്ച കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് അതിസാഹസികമായി പിടികൂടി. കസ്റ്റഡിയിലായ പ്രതികളിൽ നിന്നും ഒരു സെമി-ഓട്ടോമാറ്റിക് റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെ രണ്ട് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്.

സംഭവങ്ങളുടെ തുടക്കം ഹൈവേയിൽ നിന്ന് 

ഓർഗനൈസ്ഡ് ക്രൈം തടയാൻ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പ്രത്യേകമായി രൂപീകരിച്ച ‘സ്ട്രൈക്ക് ഫോഴ്‌സ് റാപ്റ്റർ’ ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്. ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിലെ വെന്റ്‌വർത്ത്‌വില്ലെ ഭാഗത്ത് വെച്ച് മോഷ്ടിക്കപ്പെട്ടതെന്ന സംശയിക്കുന്ന ഒരു വെള്ള ഓഡി കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഡ്രൈവർ അമിതവേഗതയിൽ പാഞ്ഞുപോയതോടെ പൊലീസ് സംഘം കാറിനെ പിന്തുടരുകയായിരുന്നു.

ഭീതി വിതച്ച് പ്രതികളുടെ നീക്കം 

പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതികൾ സിൽവർവാട്ടറിലെ എം4 (M4) മോട്ടോർവേയിലൂടെ കടന്നുപോകുന്നതിനിടെ വാഹനത്തിൽ നിന്നും പെട്രോൾ നിറച്ച കന്നാസുകൾ (ജെറി ക്യാനുകൾ) പുറത്തേക്ക് വലിച്ചെറിഞ്ഞത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലുണ്ടായിരുന്ന മറ്റ് വാഹന യാത്രക്കാർക്ക് വലിയ അപകടമുണ്ടാക്കാൻ സാധ്യതയുള്ള നീക്കമായിരുന്നു ഇത്.

കുടുക്കിയത് വാഹനം ഇടിപ്പിച്ചു നിർത്തി 

ഒടുവിൽ ലിഡ്‌കോംബിലെ ഹിൽ റോഡിൽ വെച്ച് പോലീസ് തങ്ങളുടെ വാഹനം ഉപയോഗിച്ച് ഓഡി കാർ ഇടിപ്പിച്ചു നിർത്തുകയായിരുന്നു (Ramming). ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാറിൽ നിന്നിറങ്ങിയ മൂന്ന് പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ആകാശമാർഗ്ഗം നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് ഹെലികോപ്റ്റർ യൂണിറ്റിന്റെയും (പോലെയർ), താഴെ സജ്ജമായിരുന്ന ഡോഗ് സ്‌ക്വാഡിന്റെയും സമയോചിതമായ ഇടപെടലിലൂടെ മൂവരെയും പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

അന്വേഷണം ഊർജ്ജിതം 

അതെസമയം, പിടിയിലായ മൂന്നുപേരെയും ഓബൺ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുമെന്നാണ് സൂചന. പടിഞ്ഞാറൻ സിഡ്നി കേന്ദ്രീകരിച്ച് നടക്കുന്ന ഓർഗനൈസ്ഡ് ക്രൈം പ്രവർത്തനങ്ങളെക്കുറിച്ച് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Photo credit : 9 News

 


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW