ക്രിസ്തുമസ് രാവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
പെർത്ത്: ക്രിസ്തുമസ് രാവിൽ (Christmas Eve) പെർത്തിലെ ഓബിൻ ഗ്രോവ് (Aubin Grove) സബർബിലുണ്ടായ ആക്രമണത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി 10:40 ഓടെ ടാലിസ്കർ ഗേറ്റിന് (Talisker Gate) സമീപമാണ് കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ പെർത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങി.
പ്രദേശത്തെ ഒരു ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്നുള്ള കാർ പാർക്കിലാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഉച്ചത്തിലുള്ള ശബ്ദങ്ങളും തട്ടലും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സാധാരണയായി ശാന്തമായ ഈ പ്രദേശത്തെ ഷോപ്പിംഗ് സെന്റർ കാർ പാർക്കിലെ ലൈറ്റുകൾ സംഭവദിവസം രാത്രി അണച്ചിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു വാഹനത്തിൽ ചിലർ പോകുന്നത് കണ്ടതായും വിവരമുണ്ട്.
ഹോമിസൈഡ് സ്ക്വാഡ് (Homicide squad) കേസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ സിസിടിവി, ഡാഷ് ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി (Crime Stoppers) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.