വെസ്റ്റേൺ സിഡ്നി വിമാനത്താവളത്തിലേക്ക് കുതിക്കാൻ ഡ്രൈവറില്ലാ ട്രെയിനുകൾ

admin ജൂലൈ 3, 2026
വെസ്റ്റേൺ സിഡ്നി വിമാനത്താവളത്തിലേക്ക്  കുതിക്കാൻ  ഡ്രൈവറില്ലാ ട്രെയിനുകൾ

വെസ്റ്റേൺ സിഡ്നിയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന western sydney airport metro train ഓസ്ട്രേലിയയിലെത്തി. നിർദിഷ്ട വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (Western Sydney International Airport) സർവീസ് നടത്തുന്നതിനായുള്ള 12 അത്യാധുനിക ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളിൽ ആദ്യത്തേതാണ് ഇപ്പോൾ സിഡ്നിയിൽ എത്തിയിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ മുൻനിർത്തി, പ്രത്യേക ലഗേജ് സൗകര്യങ്ങളോടെ നിർമ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രെയിനുകളാകും ഇവിടെ സർവീസ് നടത്തുക.

ഓസ്ട്രേലിയയിൽ എത്തിയത് വിയന്നയിൽ നിന്ന് 23,000 കിലോമീറ്റർ താണ്ടി

ഓസ്ട്രേലിയൻ ഗതാഗത മേഖല കാത്തിരുന്ന സുപ്രധാന കാൽവെപ്പാണിത്. യൂറോപ്പിലെ വിയന്നയിൽ നിന്ന് 23,000 കിലോമീറ്റർ കടൽ മാർഗം സഞ്ചരിച്ച്, തിങ്കളാഴ്ചയാണ് പോർട്ട് കെംബ്ലയിൽ (Port Kembla) ആദ്യ ട്രെയിൻ എത്തിയത്. തുടർന്ന് റോഡ് മാർഗം സിഡ്നി മെട്രോയുടെ ഓർച്ചാർഡ് ഹിൽസിലെ (Orchard Hills) പുതിയ സ്റ്റേബ്ലിംഗ് ആൻഡ് മെയിന്റനൻസ് (Stabling and Maintenance Facility) കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ വെച്ച് അസംബ്ലിങ് പൂർത്തിയാക്കുകയും ചെയ്തു. മൂന്ന് ക്യാരേജുകളുള്ളതാണ് ഈ അടുത്ത തലമുറ മെട്രോ ട്രെയിനുകൾ.

യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങൾ

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേകമായാണ് ഈ മെട്രോ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലെ M1 ലൈൻ ട്രെയിനുകളേക്കാൾ ഇതിന് നിരവധി പ്രത്യേകതകളുണ്ട്:

കൂടുതൽ സ്ഥലസൗകര്യം: ലഗേജുകളുമായി എളുപ്പത്തിൽ നടക്കാൻ നിലവിലെ ട്രെയിനുകളേക്കാൾ 30 സെന്റീമീറ്റർ കൂടുതൽ വീതിയുള്ള നടപ്പാതകൾ. കൂടാതെ സീറ്റുകൾക്ക് താഴെയായി ലഗേജ് വെക്കാനുള്ള പ്രത്യേക സൗകര്യവും ഉണ്ട്.

തത്സമയ വിവരങ്ങൾ: വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റ് വിവരങ്ങൾ തത്സമയം അറിയാൻ സഹായിക്കുന്ന ഉയർന്ന റെസല്യൂഷനുള്ള ഡിജിറ്റൽ സ്ക്രീനുകൾ (Real-time flight information).

സീറ്റിംഗ് ക്രമീകരണം: ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് അഭിമുഖമായിരിക്കാവുന്ന സീറ്റുകളും, പരമ്പരാഗത രീതിയിലുള്ള സൈഡ് സീറ്റുകളും.

പ്രത്യേക സൗകര്യങ്ങൾ: വീൽചെയറുകൾക്കും നാല് സൈക്കിളുകൾക്കും പ്രത്യേക സ്ഥലം, കേൾവിക്കുറവുള്ളവർക്കായി എല്ലാ കോച്ചുകളിലും ഹിയറിംഗ് ലൂപ്പുകൾ (Hearing loops).

 

യാത്രാസമയം വെറും 15 മിനിറ്റ്!

വരും മാസങ്ങളിൽ ബാക്കിയുള്ള 11 ട്രെയിനുകൾ കൂടി ഓസ്ട്രേലിയയിൽ എത്തും. ഈ വർഷം അവസാനത്തോടെ 23 കിലോമീറ്റർ ദൈർഘ്യമുള്ള, ആറ് സ്റ്റോപ്പുകളുള്ള പുതിയ പാതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം (Dynamic testing) ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർവീസ് ആരംഭിക്കുന്നതോടെ സെന്റ് മേരീസ് (St Marys) മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ട് ടെർമിനലിലേക്ക് വെറും 15 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് എത്തിച്ചേരാനാകും.

പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് റെയിൽവേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണിതെന്ന് ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ മന്ത്രി കാതറിൻ കിംഗ് (Catherine King) പ്രതികരിച്ചു. സാങ്കേതികമായി ഏറ്റവും മികച്ച ഡ്രൈവറില്ലാ ട്രെയിനുകളാണ് വെസ്റ്റേൺ സിഡ്നിക്ക് ലഭിക്കുന്നതെന്നും, ഇത് പ്രദേശത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുമെന്നും ന്യൂ സൗത്ത് വെയ്ൽസ് ഗതാഗത മന്ത്രി ജോൺ ഗ്രഹാം (John Graham) വ്യക്തമാക്കി.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW