അനധികൃത പുകയില ഇടപാടും വിസ തട്ടിപ്പും; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ
ബ്രിസ്ബേൻ: അനധികൃത പുകയില വിൽപ്പനയിലൂടെ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതിനും, വിസയ്ക്കായി വ്യാജ വിവരങ്ങൾ നൽകിയതിനും 33-കാരനായ ഇന്ത്യൻ പൗരനെതിരെ ഓസ്‌ട്രേലിയയിൽ കേസ്. ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് (AFP), ക്വീൻസ്‌ലാൻഡ് ഹെൽത്ത്, ക്വീൻസ്‌ലാൻഡ് പൊലീസ് സർവീസ് (QPS), ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) എന്നിവർ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. പ്രതി ജൂൺ 26-ന് ബ്രിസ്ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.
ബ്രിസ്ബേനിന്റെ പ്രാന്തപ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനധികൃത പുകയില വിൽപ്പനയിലൂടെ 7 ദശലക്ഷത്തിലധികം ഡോളർ ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് ആരോപിക്കുന്നു. ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇയാൾ, സ്ഥിരതാമസത്തിനുള്ള വിസ (Permanent Residency) ലഭിക്കുന്നതിനായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വ്യാജ രേഖകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
2026 ഏപ്രിൽ 27-ന് കുരബിയിലുള്ള ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ 70,000 ഡോളർ പണമായും, നാല് മൊബൈൽ ഫോണുകൾ, ബിസിനസ്സ് രേഖകൾ, ഒരു വാണിജ്യ സ്റ്റോറേജ് ഷെഡിന്റെ താക്കോലുകൾ എന്നിവയും പിടിച്ചെടുത്തു. കൂടാതെ നിരവധി പെട്ടി അനധികൃത വേപ്പുകളും (vapes) ഇവിടെനിന്നും കണ്ടെത്തി. റോച്ച്‌ഡെയ്‌ലിലെ മറ്റൊരു കേന്ദ്രത്തിലും പരിശോധന നടന്നിരുന്നു.
പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ:
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്യൽ (പരമാവധി 4 വർഷം തടവ്).
മൈഗ്രേഷൻ നിയമപ്രകാരം വ്യാജ രേഖകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നൽകൽ (പരമാവധി 10 വർഷം തടവ്).
ഒരു ഔദ്യോഗിക ഉദ്യോഗസ്ഥനെ അവിഹിതമായി സ്വാധീനിക്കാൻ ശ്രമിക്കൽ (പരമാവധി 10 വർഷം തടവ്).
വാണിജ്യ ആവശ്യത്തിനുള്ള വേപ്പിംഗ് ഉൽപ്പന്നങ്ങൾ കൈവശം വെക്കൽ (പരമാവധി 2 വർഷം തടവ്).
അനധികൃത പുകയില വ്യാപാരം സമൂഹത്തിന് വലിയ ആരോഗ്യ ഭീഷണിയാണെന്നും, ക്രിമിനലുകൾക്ക് ആഡംബര ജീവിതം നയിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുമെന്നും എ.എഫ്.പി ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് കുർട്ട് വെഷെ വ്യക്തമാക്കി. അനധികൃത കുടിയേറ്റങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ കർശന നടപടികൾ തുടരുമെന്ന് ബന്ധപ്പെട്ട ഏജൻസികൾ മുന്നറിയിപ്പ് നൽകി.
Photo : ABF
News by
Sajin Thiruvallam
News Editor

News Editor