വിക്ടോറിയയിലെ നിരത്തുകൾ ഇനി കൂടുതൽ സുരക്ഷിതം; അപകടമേഖലകൾ നവീകരിക്കാൻ 48 മില്യൺ ഡോളർ
മെൽബൺ: വിക്ടോറിയ സംസ്ഥാനത്തുടനീളമുള്ള 60 അപകടസാധ്യതയുള്ള റോഡുകൾ (ബ്ലാക്ക് സ്പോട്ടുകൾ) നവീകരിക്കാനും യാത്ര കൂടുതൽ സുരക്ഷിതമാക്കാനുമായി 48 മില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് ഫെഡറൽ അൽബാനീസ് ഗവൺമെന്റ്. 2026-27 സാമ്പത്തിക വർഷത്തെ ബ്ലാക്ക് സ്പോട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. തുടർച്ചയായി അപകടങ്ങൾ നടക്കുന്നതോ, അപകടസാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ ട്രാഫിക് ലൈറ്റുകൾ, സുരക്ഷാ ബാരിയറുകൾ, റൗണ്ടബൗട്ടുകൾ, പെഡസ്ട്രിയൻ ക്രോസിങ്ങുകൾ എന്നിവ സ്ഥാപിക്കാൻ ഈ ഫണ്ട് വിനിയോഗിക്കും.
പ്രധാന നവീകരണ പദ്ധതികൾ:
ഗൗൾബേൺ വാലി ഹൈവേ (Goulburn Valley Highway): യൂണിയൻ റോഡിനും ഡിവൈൻ റോഡിനും ഇടയിലുള്ള ഭാഗത്ത് സുരക്ഷാ ബാരിയറുകൾ, വാഹനങ്ങൾ ട്രാക്ക് മാറിപ്പോകുന്നത് തടയാനുള്ള ‘ഓഡിയോ ടാക്ടൈൽ ലൈൻ മാർക്കിങ്’ എന്നിവയ്ക്കായി 2.931 മില്യൺ ഡോളർ വകയിരുത്തി.
പ്രിൻസസ് ഹൈവേ (Princes Highway): ക്ലബ് ടെറസിൽ സുരക്ഷാ ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ലൈൻ മാർക്കിങ്, റോഡിലെ തെന്നൽ ഒഴിവാക്കാനായി ഉപരിതലം നവീകരിക്കൽ (Resurfacing) എന്നിവയ്ക്കായി 2.706 മില്യൺ ഡോളർ അനുവദിച്ചു.
ഡെയ്‌ലസ്‌ഫോർഡ് (Daylesford): ആൽബർട്ട് സ്ട്രീറ്റ് – മിഡ്‌ലാൻഡ് ഹൈവേ ഇന്റർസെക്ഷനിൽ പുതിയ ക്രമീകരണങ്ങൾ വരുത്താനും, ലൈറ്റിംഗ് മെച്ചപ്പെടുത്താനും, പെഡസ്ട്രിയൻ ക്രോസിങ്ങുകൾക്കുമായി 1.06 മില്യൺ ഡോളർ ചെലവഴിക്കും.
ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനം പ്രാദേശിക പ്രതിനിധികൾ അടങ്ങുന്ന വിക്ടോറിയ ബ്ലാക്ക് സ്പോട്ട് കൺസൾട്ടേറ്റീവ് പാനലാണ് ഈ പദ്ധതികൾ സർക്കാരിന് നിർദ്ദേശിച്ചത്. പൊതുജനങ്ങൾ, ലോക്കൽ കൗൺസിലുകൾ, റോഡ് ഉപയോക്താക്കൾ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഏറ്റവും അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങൾ പാനൽ തിരഞ്ഞെടുത്തത്.
ദേശീയതലത്തിൽ ഫണ്ട് വർദ്ധിപ്പിച്ചു രാജ്യവ്യാപകമായി റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ബ്ലാക്ക് സ്പോട്ട് പ്രോഗ്രാമിനായുള്ള വാർഷിക ഫണ്ട് അൽബാനീസ് സർക്കാർ അടുത്തിടെ 150 മില്യൺ ഡോളറായി ഉയർത്തിയിരുന്നു. കുറഞ്ഞ ചെലവിൽ കാര്യക്ഷമമായ സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പ്രോഗ്രാമിലൂടെ സാധിക്കുമെന്ന് റീജിയണൽ ഡെവലപ്‌മെന്റ്, ലോക്കൽ ഗവൺമെന്റ് മന്ത്രി ക്രിസ്റ്റി മക്ബെയ്ൻ വ്യക്തമാക്കി. അപകടസാധ്യതയുള്ള പുതിയ സ്ഥലങ്ങൾ പദ്ധതിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്കും സംഘടനകൾക്കും എപ്പോഴും അവസരമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
വിക്ടോറിയയിലെ മുഴുവൻ യാത്രക്കാർക്കും ഈ നവീകരണ പ്രവർത്തനങ്ങൾ വലിയ ആശ്വാസമാകുമെന്ന് വിക്ടോറിയ ബ്ലാക്ക് സ്പോട്ട് കൺസൾട്ടേറ്റീവ് പാനൽ ചെയർ ലിബി കോക്കർ എം.പി പറഞ്ഞു.
2026-27 റൗണ്ടിലെ പൂർണ്ണ പദ്ധതികളെക്കുറിച്ചറിയാനും പുതിയ സ്ഥലങ്ങൾ നിർദ്ദേശിക്കാനും ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക ഇൻഫ്രാസ്ട്രക്ചർ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
News by
Sajin Thiruvallam
News Editor

News Editor