ഖമേനിയുടെ മരണവും പുതിയ സംഭവവികാസങ്ങളും; സമ്മിശ്ര വികാരങ്ങളോടെ ഓസ്ട്രേലിയൻ ഇറാനിയൻ സമൂഹം (വീഡിയോ )
മെൽബൺ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) എന്ന മിന്നലാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തോള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ സമ്പൂർണ്ണ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ഇതിന്റെ അലയൊലികൾ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിടുണ്ട്.
അന്താരാഷ്ട്ര തലത്തിലുള്ള ഈ വൻ യുദ്ധസാഹചര്യത്തിന്റെ പ്രത്യാഘാതങ്ങൾ ഓസ്ട്രേലിയയിലെ ഇറാനിയൻ സമൂഹത്തിലും ശക്തമായി പ്രതിഫലിക്കുന്നുണ്ട്. വിക്ടോറിയയിലെ ഏകദേശം 28,000-ത്തോളം വരുന്ന ഇറാനിയൻ സമൂഹം വലിയ ഉത്കണ്ഠയിലാണ് ഇപ്പോൾ കഴിയുന്നത്.
ഭയവും പ്രതീക്ഷയും സമ്മിശ്രമായി: 7ന്യൂസ് മെൽബൺ (7News Melbourne) ചാനലിന് നൽകിയ ലൈവ് ഇന്റർവ്യൂവിൽ ഓസ്ട്രേലിയൻ ഇറാനിയൻ സൊസൈറ്റി ഓഫ് വിക്ടോറിയയുടെ വൈസ് പ്രസിഡന്റ് കമ്പിസ് റസ്മാറ (Kambiz Razmara) പ്രതികരിച്ചത് ഈ സമ്മിശ്ര വികാരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്.
For local reaction from the Iranian community in Melbourne, Vice President of the Australian Iranian Society of Victoria, Kambiz Razmara, joins Karina Carvalho. pic.twitter.com/pN0hodvl9E
— 7NEWS Melbourne (@7NewsMelbourne) March 2, 2026
കമ്മ്യൂണിറ്റിയിലെ ചിലർ ഈ സംഭവത്തെ അടിച്ചമർത്തലിൽ നിന്നുള്ള മോചനമായി കാണുമ്പോൾ, നാട്ടിലുള്ള തങ്ങളുടെ ഉറ്റവരുടെ സുരക്ഷയെക്കുറിച്ചുള്ള ഭയമാണ് ഭൂരിഭാഗം പേർക്കും. സിഡ്നി-മെൽബൺ കമ്മ്യൂണിറ്റികൾ ഈ സാഹചര്യത്തെ “മധുരവും കയ്പും” നിറഞ്ഞ ഒരവസ്ഥയായാണ് വിശേഷിപ്പിക്കുന്നത്.
മാതൃരാജ്യത്ത് നടക്കുന്ന അപ്രതീക്ഷിതവും ദാരുണവുമായ ഈ സംഭവവികാസങ്ങൾ പ്രവാസികൾക്കിടയിൽ ഉണ്ടാക്കുന്ന വൈകാരികമായ ആഘാതങ്ങളാണ് കാംബിസ് റസ്മാര അഭിമുഖത്തിൽ പ്രധാനമായും പങ്കുവെക്കുന്നത്. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമുള്ള പ്രവാസി സമൂഹത്തിന്റെ ശക്തമായ ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
യാത്രാ പ്രതിസന്ധി: ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചതും, സുരക്ഷാ കാരണങ്ങളാൽ ആശയവിനിമയ സംവിധാനങ്ങൾ തകർന്നതും ഓസ്ട്രേലിയയിലുള്ള കുടുംബങ്ങളുടെ ഭയം ഇരട്ടിയാക്കിയിട്ടുണ്ട്.