വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്: രണ്ട് ക്വാണ്ടാസ് വിമാനങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

admin ഓഗസ്റ്റ്‌ 5, 2026
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്:  രണ്ട് ക്വാണ്ടാസ്  വിമാനങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

Photo Credit: Amyfoxtrot/ 7 News

ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്നി എയർപോർട്ടിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് (Sydney Airport Runway Near Miss Qantas). ജൂലൈ 27-ന് രാവിലെ എട്ട് മണിയോടെ രണ്ട് Qantas  യാത്രാ വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിക്കുന്ന സാഹചര്യത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ എയർ ട്രാഫിക് കൺട്രോളിൽ സംഭവിച്ച ഈ വീഴ്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം മറ്റൊന്നായിരുന്നു.

സിഡ്നി എയർപോർട്ടിൽ സംഭവിച്ചത് എന്ത്?

ക്വീൻസ്‌ടൗണിൽ നിന്നെത്തിയ Qantas ബോയിങ് 737 (QFA124) വിമാനത്തിനും കാൻബറയിൽ നിന്നുള്ള Qantas ലിങ്ക് ഡാഷ്-8 (QLK424D) വിമാനത്തിനുമാണ് റൺവേയിൽ വെച്ച് അപകടസാധ്യത നേരിട്ടത്. ഡാഷ്-8 വിമാനം 34L റൺവേയിൽ ലാൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, അതേ റൺവേ മുറിച്ചുകടക്കാൻ ബോയിങ് 737 വിമാനത്തിന് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നിർദ്ദേശം ലഭിക്കുകയായിരുന്നു.

സ്ഥിതിഗതികൾ പെട്ടെന്ന് തിരിച്ചറിഞ്ഞ കൺട്രോളർമാർ ഉടൻ തന്നെ ഇരു വിമാനങ്ങളിലെയും പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുകയും ബോയിങ് 737 വിമാനം ഹോൾഡിംഗ് പോയിന്റിൽ വെച്ച് നിർത്തുകയും ചെയ്തതായി ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ ആർക്കും പരിക്കുകളോ വിമാനങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ക്വാന്റാസ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളിന്റെ നിർദ്ദേശങ്ങൾ പൈലറ്റുമാർ കൃത്യമായി പാലിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ എയർസർവീസസ് ഓസ്‌ട്രേലിയയുമായി (Airservices Australia) ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചതായി എടിഎസ്ബി വ്യക്തമാക്കി. അന്വേഷണത്തിന്റെ പൂർണ്ണരൂപം 2026 അവസാനത്തോടെ പുറത്തുവിടുമെന്ന് എടിഎസ്ബി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സിഡ്നി എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ ടവറിലെ ജീവനക്കാരുടെ കുറവും അമിത ജോലിഭാരവുമാണ് ഇത്തരം തകരാറുകൾക്ക് കാരണമെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും ജീവനക്കാരുടെ കുറവാണോ ഇതിന് കാരണമായതെന്ന് എടിഎസ്ബി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഓസ്‌ട്രേലിയക്കുള്ളിലും അന്താരാഷ്ട്രതലത്തിലും സ്ഥിരമായി യാത്ര ചെയ്യുന്ന മലയാളി സമൂഹത്തിന് ഏറെ പ്രധാനപ്പെട്ടതാണ് സിഡ്നി എയർപോർട്ട്. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ വരും ദിവസങ്ങളിൽ അധികൃതർ കൈക്കൊള്ളും.


News by
Author
Sajin Thiruvallam
News Editor
RELATED POST
0 COMMENTS

Leave a comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

NEWSLETTER

Enter your email address below to subscribe to my newsletter

CONNECT & FOLLOW