ഒരു കോക്ക് ടിന്നിനേക്കാളും ഭാരക്കുറവ്; ക്വീൻസ്ലാൻഡിലെ ഏറ്റവും ചെറിയ നവജാതശിശുവായി ചാർലി ചരിത്രത്തിലേക്ക്
ബ്രിസ്ബെയ്ൻ: ക്വീൻസ്ലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശുവെന്ന റെക്കോർഡ് ഇനി ചാർലി ജോൺസിന് സ്വന്തം. വെറും 360 ഗ്രാം മാത്രം ഭാരവുമായാണ് ബ്രിസ്ബെയ്നിലെ മാറ്റർ (Mater) ആശുപത്രിയിൽ ചാർലി ജനിച്ചത്.
സാധാരണ ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപേ, ഒക്ടോബർ 8-ന് 26-ാം ആഴ്ചയിലാണ് ചാർലിയുടെ ജനനം. ഒരു കോക്ക് ടിന്നിനേക്കാൾ (Coke can) കുറഞ്ഞ ഭാരമാണ് ജനനസമയത്ത് അവനുണ്ടായിരുന്നത്. 1992-ൽ 400 ഗ്രാം ഭാരവുമായി ജനിച്ച ജോനാഥൻ ഹീലിയുടെ റെക്കോർഡാണ് ഇതോടെ ചാർലി തിരുത്തിക്കുറിച്ചത്.

അമ്മ സാറയുടെ ആരോഗ്യപ്രശ്നങ്ങൾ (അപസ്മാരം, ടൈപ്പ് 1 പ്രമേഹം) പ്ലാസന്റയുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് അടിയന്തര സി-സെക്ഷൻ വേണ്ടി വന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 400 ഗ്രാം ഭാരമെങ്കിലും ഉണ്ടാകുമെന്ന് ഡോക്ടർമാർ ആദ്യം കണക്കാക്കിയെങ്കിലും, അതിലും വളരെ കുറവായിരുന്നു ചാർലിയുടെ ഭാരം.
ചാർലിയുടെ അതിജീവനം വൈദ്യശാസ്ത്രത്തിന്റെ കൂടി വിജയമാണെന്ന് മാറ്റർ ആശുപത്രിയിലെ നിയോനറ്റോളജി ഡയറക്ടർ ഡോ. പിറ്റ ബിർച്ച് പറഞ്ഞു. രണ്ട് മാസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ചാർലി ഇപ്പോൾ 1.4 കിലോഗ്രാം ഭാരം നേടിയിട്ടുണ്ട്. ക്രിസ്മസ് ദിനങ്ങൾ ആശുപത്രിയിൽ തന്നെ ചിലവഴിക്കാനാണ് മാതാപിതാക്കളായ സാറയുടെയും നിക്കിന്റെയും തീരുമാനം. ജനുവരിയോടെ ചാർലിക്ക് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo credit : 9 News