നേതൃത്വത്തിനായി സുസൻ ലേയുടെ നിർണ്ണായക നീക്കം; നാഷണൽസ് പാർട്ടിക്ക് അനുരഞ്ജന സന്ദേശം
കാൻബെറ: സ്വന്തം നേതൃസ്ഥാനം സംരക്ഷിക്കുന്നതിനും തകർന്നുപോയ ‘കോയലിഷൻ’ സഖ്യം പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് സുസൻ ലേ Temporary Shadow Cabinet പ്രഖ്യാപിച്ചു. നാഷണൽസ് പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് ഒരാഴ്ചത്തെ സാവകാശം നൽകിക്കൊണ്ടാണ് ഈ നീക്കമെന്ന് റിപോർട്ടുകൾ വരുന്നു.
തിങ്കളാഴ്ച നടക്കുന്ന നാഷണൽസ് പാർട്ടിയുടെ നേതൃതിരഞ്ഞെടുപ്പിൽ നിലവിലെ നേതാവ് ഡേവിഡ് ലിറ്റിൽപ്രൗഡിനെതിരെ ക്വീൻസ്‌ലൻഡിൽ നിന്നുള്ള കോളിൻ ബോയ്‌സ് മത്സരിക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവരുമായി ചർച്ച നടത്തി സഖ്യം പഴയപടിയാക്കാമെന്ന പ്രതീക്ഷയിലാണ് സുസൻ ലേ. ഫെബ്രുവരി 9-ന് സ്ഥിരം മന്ത്രിസഭയെ പ്രഖ്യാപിക്കാനാണ് തീരുമാനം.
സുസൻ ലേയുടെ എതിരാളികളായ ആംഗസ് ടെയ്‌ലറും ആൻഡ്രൂ ഹാസ്റ്റിയും ചേർന്ന് മെൽബണിൽ നടത്തിയ രഹസ്യ യോഗം വിവാദമായി. മുൻ എം.പി കാറ്റി അലന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയായിരുന്നു ഈ യോഗം എന്നത് പാർട്ടിയിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ, നിലവിൽ സുസൻ ലേയ്‌ക്കെതിരെ പരസ്യമായ വെല്ലുവിളികൾ ഉയർത്തേണ്ടതില്ലെന്ന് എതിർപക്ഷവും തീരുമാനിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതെസമയം, പലിശ നിരക്കുകൾ ഉയരാൻ സാധ്യതയുള്ള നിർണ്ണായക സമയത്ത്, സർക്കാരിനെതിരെ പ്രതികരിക്കുന്നതിന് പകരം പ്രതിപക്ഷം സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് ലേബർ സർക്കാരിന് ആശ്വാസമായി എന്നുള്ള റിപ്പോർട്ടുകളും വരുന്നു.
Our Opinion :
പ്രതിപക്ഷം എന്നത് ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ തിരുത്തൽ ശക്തിയാകേണ്ട ഒന്നാണ്. എന്നാൽ നിലവിൽ ഓസ്‌ട്രേലിയൻ പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യം (Coalition) ആ ഉത്തരവാദിത്തം മറന്ന് ഉൾപ്പോരുകളിൽ അഭിരമിക്കുകയാണ്.
രാജ്യം സാമ്പത്തികമായി വലിയ വെല്ലുവിളികൾ നേരിടുന്ന, പലിശ നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുള്ള ഈ സമയത്ത്, ഭരണപക്ഷത്തെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം കസേര ഉറപ്പിക്കാൻ നെട്ടോട്ടമോടുന്ന പ്രതിപക്ഷ നേതാക്കളെയാണ് ഇവിടെ കാണുന്നത്. ഈ അനൈക്യം യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നത് അൽബാനീസ് സർക്കാരിനാണ്.