വിദേശ നിക്ഷേപകർക്ക് കർശന നികുതി വ്യവസ്ഥ; ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ നിയമം
കാൻബറ: വിദേശ നിക്ഷേപകർക്ക് രാജ്യത്ത് കർശന നികുതി വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നു. വിദേശ പൗരന്മാർക്കുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (Foreign resident CGT) നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കരട് നിയമം (Draft legislation) ഫെഡറൽ ട്രഷറർ ജിം ചാമേഴ്സ് (Jim Chalmers) പുറത്തിറക്കി.
ഓസ്ട്രേലിയയുടെ ഭൂമിയും പ്രകൃതിവിഭവങ്ങളും രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്നും, ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് വിദേശ നിക്ഷേപകർ അർഹമായ നികുതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ട്രഷറർ വ്യക്തമാക്കി. 2024-25 ബജറ്റിൽ ആദ്യമായി പ്രഖ്യാപിച്ച ഈ പരിഷ്കാരങ്ങളാണ് ഇപ്പോൾ കരട് നിയമമായി പുറത്തുവന്നിരിക്കുന്നത്.
പുനരുപയോഗ ഊർജ മേഖലയ്ക്ക് ആശ്വാസം
പുതിയ നിയമപ്രകാരം ഓസ്ട്രേലിയൻ ഭൂമിയുമായി ബന്ധപ്പെട്ട ആസ്തികൾ വിൽക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് കർശന നികുതി ബാധകമാകുമെങ്കിലും, പുനരുപയോഗ ഊർജ (Renewable energy) മേഖലയ്ക്ക് സർക്കാർ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ നിക്ഷേപം നടത്തുന്നവർക്ക് നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും ഈ ഇളവുകൾ ലഭിക്കുക. രാജ്യത്തിന്റെ ഹരിത ഊർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ക്ലീൻ എനർജി സെക്ടറിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
അവ്യക്തതകൾ നീക്കി പുതിയ നിയമം
2006-ൽ സിജിടി (CGT) നിയമം നിലവിൽ വന്നതുമുതലുള്ള നിക്ഷേപങ്ങളെ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങളും കരട് നിയമത്തിലുണ്ട്. റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള നിയമങ്ങളിലെ (Severance provisions) അവ്യക്തതകൾ പുതിയ നിയമത്തിലൂടെ ഇല്ലാതാകും. ഓസ്ട്രേലിയൻ ഭൂമിയിലുള്ള വലിയ അടിസ്ഥാന സൗകര്യങ്ങൾ, അതായത് വലിയ കെട്ടിടങ്ങൾ, ഊർജ-ഗതാഗത സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ തുടങ്ങിയവ വിൽക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് ഇനി മുതൽ കൃത്യമായി സിജിടി നൽകേണ്ടിവരും. ഏത് സംസ്ഥാനത്താണ് ഈ ആസ്തികൾ ഉള്ളത് എന്നത് നികുതി ബാധ്യതയെ സ്വാധീനിക്കില്ല.
ഇതുകൂടാതെ, ഈ പരിഷ്കാരങ്ങൾ ഓസ്ട്രേലിയൻ നികുതി നിയമങ്ങളെ ഒഇസിഡി (OECD) മാതൃകാ നിയമങ്ങളുമായി കൂടുതൽ ചേർന്നുനിൽക്കാൻ സഹായിക്കുകയും ചെയ്യും. വിദേശ നിക്ഷേപകരെയും ഓസ്ട്രേലിയൻ പൗരന്മാരെയും നികുതി കാര്യങ്ങളിൽ കൂടുതൽ തുല്യതയോടെ കാണാൻ ഇത് വഴിയൊരുക്കും.
പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം
പണപ്പെരുപ്പം നിയന്ത്രിക്കുക, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, ബജറ്റ് കൂടുതൽ സുസ്ഥിരമാക്കുക തുടങ്ങിയ സർക്കാരിന്റെ വിശാലമായ സാമ്പത്തിക ലക്ഷ്യങ്ങളുടെ സുപ്രധാന ഭാഗമായാണ് ഈ നിയമനിർമ്മാണം. 2026 ഏപ്രിൽ 10-ന് പുറത്തിറക്കിയ ഈ കരട് നിയമത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സർക്കാർ അവസരം ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 24 വരെ ട്രഷറിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന (https://consult.treasury.gov.au/c2026-755475) ഫീഡ്ബാക്ക് നൽകാവുന്നതാണ്.
News by
Sajin Thiruvallam
News Editor

News Editor